
കൃത്യമായ ലക്ഷ്യം,കഠിനാധ്വാനത്തിലൂടെ നേടി; ബിജുവിനും നിഷയ്ക്കും ഇതാണ് സുദിനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ (ജെഇഇ മെയിൻ) കേരളത്തിൽ ഒന്നാമനായ തിളക്കമാർന്ന നേട്ടം കരസ്ഥമാക്കിയ കാക്കൂർ ‘സുദിൻ’ത്തിൽ അക്ഷയ് ബിജു ഈ വിജയം ആഘോഷിക്കാൻ നാട്ടിലെത്തിയിട്ടില്ല. ഐഐടികളിലെ പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പ്രവേശന പരീക്ഷയെഴുതാൻ മേയ് 18 വരെ കോട്ടയത്ത് തങ്ങുകയാണ് ഈ മിടുക്കൻ. കോട്ടയമാണ് ഈ പരീക്ഷയ്ക്ക് കേന്ദ്രമായി തിരഞ്ഞെടുത്തത്.കോഴിക്കോട് മാനാഞ്ചിറ അഡീഷനൽ സബ് ട്രഷറി ജൂനിയർ സൂപ്രണ്ട് എൻ.ബിജുവിന്റെയും ആയുർവേദ ഡോക്ടർ സി.കെ.നിഷയുടെയും മകനായ അക്ഷയ് കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ പത്താം ക്ലാസ് പഠനത്തിനു ശേഷം കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. ശനിയാഴ്ച പുലർച്ചെയാണ് ജെഇഇ ഫലം പുറത്തു വന്നത്. 99.9960 സ്കോറോടെ അക്ഷയ് ബിജു കേരളത്തിൽ ഒന്നാമനായ വിവരം സ്കൂളിൽനിന്ന് അമ്മയെയാണ് ആദ്യം വിളിച്ചറിയിച്ചത് അച്ഛൻ വെള്ളിയാഴ്ചയാണ് മാന്നാനത്തുനിന്ന് കോഴിക്കോട്ട് തിരിച്ചെത്തിയത്. കൃത്യമായ പരിശീലനത്തിലൂടെ നേടിയെടുത്തതാണ് ഈ വിജയം.കാക്കൂർ സ്വദേശികളായ കുടുംബം മക്കളുടെ സ്കൂൾ വിദ്യാഭ്യാസത്തിനായി നേരത്തെ നഗരത്തിലേക്ക് താമസം മാറ്റിയിരുന്നു. മക്കൾ ഇരുവരും ഒരേ സ്കൂളിലായിരുന്നു. അക്ഷയുടെ സഹോദരി ബി.എൻ.ഗോപിക സേലം ഗവ. കോളജിൽ എംബിബിഎസിന് നാലാം വർഷം പഠിക്കുകയാണ്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അക്ഷയുടെ പഠനത്തിനായി അമ്മ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം വാങ്ങി. അമ്മയും മകനും മാന്നാനത്തിന് അടുത്താണ് താമസം. മുട്ടാർ ഗവ. ആയൂർവേദ ഡിസ്പെൻസറിയിലാണ് ഇവർ ജോലി ചെയ്യുന്നത്.
കൃത്യമായ ലക്ഷ്യം,കഠിനാധ്വാനത്തിലൂടെ നേടി
കോഴിക്കോട്∙ ‘അവനെ പഠിപ്പിക്കാൻ ചെറുപ്പും മുതലേ നിർബന്ധിക്കേണ്ട ആവശ്യമില്ലായിരുന്നു. കൃത്യമായ ലക്ഷ്യമിട്ടു നീങ്ങിയ പഠനമായിരുന്നു അവന്റേത്. അതിനു പിന്തുണയുമായി നിൽക്കുക മാത്രമേ ഞങ്ങൾക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. അതിന്റെ വിജയമാണ് ഈ നേടിയതും’– മാതാപിതാക്കളായ എൻ.ബിജുവും ഡോ.സി.കെ.നിഷയും അക്ഷയ് നടന്നുവന്ന വഴികളെ ഓർത്തെടുത്തു. അതേസമയം ഓരോ കാര്യത്തിനും സമയനിബന്ധന സ്വയം നിഷ്കർഷിച്ചു പാലിച്ചു പോരുന്ന രീതിയായിരുന്നു അവന്.കളിക്കാനും വാട്സാപ് ഉൾപ്പടെ സമൂഹമധ്യമങ്ങളിൽ ചെലവഴിക്കാനും അവൻ നിശ്ചിത സമയം നീക്കിവച്ചിട്ടുണ്ടാകും. അതു കൃത്യമായി വിനിയോഗിച്ചു പഠനത്തിലേക്കു തിരിച്ചെത്തുകയായിരുന്നു രീതി.രാവിലെ 4.30 മുതൽ സ്കൂളിലേക്ക് പോകും വരെയാണ് ആദ്യ പഠനസമയം. സ്കൂൾ വിട്ടുവന്ന ശേഷം വൈകിട്ട് 6.30 മുതൽ രാത്രി 10 വരെയാണ് ബാക്കി പഠനം. ആറാം ക്ലാസ് മുതൽ ഐഐടി പ്രവേശനം ലക്ഷ്യമിട്ടു പരിശീലനത്തിനു പോയിരുന്നു. ഞായറാഴ്ചകളിലായിരുന്നു ഈ പരിശീലനം. ആരും പറയാതെ തന്നെ അതിരാവിലെ പഠനത്തിനായി എഴുന്നേൽക്കുക ചെറുപ്പം മുതൽ അക്ഷയുടെ ശീലമായിരുന്നു.പഠനത്തോടൊപ്പം അക്ഷയ് തയാറാക്കിയിരുന്ന നോട്സ് വിജയത്തിൽ നിർണായകഘടകമായി. ടെക്സ്റ്റ് വായിച്ചും മറ്റും വടിവൊത്ത അക്ഷരങ്ങളിൽ തയാറാക്കിയ ഈ നോട്സ് പരീക്ഷാ സമയത്ത് ഏറെ പ്രയോജനപ്പെട്ടു. പഠനത്തിനു പുറമെ ചിത്രരചനയിലും ചെസിലും വലിയ താൽപര്യമാണ്. പഠനത്തിൽ ഉയർന്ന നിലവാരം കാഴ്ചവച്ചതിനൊപ്പം 2024 കെമിസ്ട്രി ഒളിംപ്യാഡ്, 2024-2025 ഐഎംഒ തുടങ്ങി മത്സര പരീക്ഷകളിലും ജേതാവായിരുന്നു.