
സുനിത വില്യംസിന് ഒരിക്കൽ കൂടി ഭക്ഷണം വിളമ്പാൻ കൊതിച്ച് പാരഗൺ സിഇഒ സുമേഷ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ പാരഗൺ ഹോട്ടൽ ഗ്രൂപ്പ് സിഇഒ സുമേഷ് ഗോവിന്ദനോട് ഏറ്റവും വലിയ ആഗ്രഹം എന്താണെന്നു ചോദിച്ചാൽ സുനിത വില്യംസിന് ഒരിക്കൽ കൂടി ഭക്ഷണം വിളമ്പാൻ പാരഗൺ റസ്റ്ററന്റിന് അവസരം ലഭിക്കണം എന്നാകും മറുപടി. ആകാശത്തിനും മേലെ പറന്നുയർന്നു ലോകമനസ്സു കീഴടക്കിയ സുനിത വില്യംസിന്റെ മനസ്സു രുചിക്കൂട്ട് കൊണ്ടു കീഴടക്കിയ നിമിഷത്തെ കുറിച്ചുള്ള ഓർമ സുമേഷിന്റെ മനസ്സിൽ ഇന്നും ആഹ്ലാദം നിറയ്ക്കുന്നു.
ഒന്നേകാൽ വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2023 നവംബർ 8 നു രാത്രിയാണു സുനിത വില്യംസ് ദുബായ് കരാമയിലെ കാലിക്കറ്റ് പാരഗൺ റസ്റ്ററന്റിൽ എത്തിയത്. അവർ വരുന്ന വിവരം അറിഞ്ഞു സുമേഷിന്റെ നേതൃത്വത്തിൽ വെൽക്കം ബോർഡ് വച്ചു. ബൊക്കെ നൽകി സ്വീകരിച്ചു. അവർക്ക് ഇഷ്ടമാകുമോ എന്താകും പറയുക, എങ്ങനെ പെരുമാറും തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ മനസ്സിനെ അലട്ടിയിരുന്നു. എന്നാൽ അവർ എത്തി ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ സന്തോഷമായി.
ഓരോ ഭക്ഷണവും ആസ്വദിച്ചു കഴിച്ചതു സുമേഷ് ഓർക്കുന്നു. കോഴിക്കോടൻ തനതു വിഭവമായ പിടിക്കോഴി സുനിത വില്യംസിനു വേണ്ടി പ്രത്യേകം തയാറാക്കിയിരുന്നു. അത് അവർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ബീറ്റ്റൂട്ട് ഹൽവയുടെ രുചിയെ പുകഴ്ത്തിയ സുനിത വില്യംസ് അടുത്ത ബഹിരാകാശ യാത്രയിൽ കൊണ്ടു പോകാൻ ആഗ്രഹിക്കുന്നതായും പറഞ്ഞു. അതു പാരഗൺ ഗ്രൂപ്പിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി സുമേഷ് പറഞ്ഞു. സുനിത വില്യംസ് സുരക്ഷിതയായി ഭൂമിയിൽ ഇറങ്ങണമെന്നായിരുന്നു തന്റെയും കുടുംബത്തിന്റെയും പ്രാർഥന. ഒരിക്കൽ കൂടി അവർ പാരഗൺ ഹോട്ടലിൽ വരണമെന്നാണു സുമേഷിന്റെ ഇപ്പോഴത്തെ പ്രാർഥന.