
റോഡ് സൗകര്യമില്ലാതെ അരനൂറ്റാണ്ട്; ജീവിതം വഴിമുട്ടി പൂതംപാറ–പൂളപ്പാറ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊട്ടിൽപാലം∙ കാവിലുംപാറ പഞ്ചായത്തിൽ മലയോരമേഖലയിലെ പൂതംപാറ–പൂളപ്പാറ നിവാസികൾ നല്ലൊരു റോഡിനായി കാത്തിരിപ്പ് തുടങ്ങി 50 വർഷത്തിലേറെയായി. നാട്ടുകാർ വർഷങ്ങൾക്ക് മുൻപ് നിർമിച്ച റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. പ്രദേശവാസികൾ വർഷം തോറും കുഴി നികത്തിയാണ് വാഹനം എത്തിക്കുന്നത്. 2 കിലോമീറ്റർ ദൂരമുള്ള റോഡിൽ പകുതിയിലേറെ ഭാഗവും കാൽനട പോലും പറ്റാത്ത അവസ്ഥയിലാണ്.
റോഡ് സൗകര്യം ഇല്ലാത്തതും കാട്ടുമൃഗ ശല്യവും കാരണം വീട്ടുകാരിൽ പകുതിയിലേറെപ്പേരും മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറി. സ്ഥലം വാങ്ങി വീട് വയ്ക്കാനും വാടക നൽകാനും സാമ്പത്തിക ശേഷിയില്ലാത്ത പത്തോളം വീട്ടുകാർ മാത്രമാണ് ഈ കുന്നിൽ മുകളിൽ അവശേഷിക്കുന്നത്. റോഡ് സൗകര്യം ഇല്ലാത്തതിനാൽ ടാക്സി വാഹനങ്ങൾ പോലും ഇവിടെ വരാൻ മടിക്കുകയാണ്.
അത്യാസന്ന നിലയിലുള്ള രോഗികളെ വരെ കസേരയിൽ കിടത്തി ആശുപത്രിയിൽ എത്തിക്കേണ്ട അവസ്ഥയാണ്.വർഷങ്ങൾക്ക് മുൻപ് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമാണ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ റോഡ് യാഥാർഥ്യമായില്ലെന്നും നാട്ടുകാർ പറയുന്നു. കാട്ടുമൃഗശല്യം കാരണം ഭയത്തോടെയാണ് ഇവിടെയുള്ളവർ കഴിയുന്നത്. കഴിഞ്ഞ മാസം പൂളപ്പാറ റോഡിൽ പുലിയുടേതെന്നു സംശയിക്കുന്ന കാൽപാടുകൾ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടിരുന്നു. വനം വകുപ്പ് ആർആർടി ടീം പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തു.