കോഴിക്കോട് ∙ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചു യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നു യുവാവു ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ദീപക്കിന്റെ അമ്മയുടെ പരാതിയിൽ വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്ക് എതിരെയാണു കേസ്. ഗോവിന്ദപുരം മണൽത്താഴം ഉള്ളാട്ട് തൊടിയിൽ ദീപക്കിൽ യു.ദീപക് (42) മരിച്ച സംഭവത്തിൽ ഇന്നലെയാണു മാതാപിതാക്കളായ യു.ചോയി, കെ.കന്യക എന്നിവർ സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണനു പരാതി നൽകിയത്.
കമ്മിഷണർ ഇതു മെഡിക്കൽ കോളജ് എസിപിക്കു കൈമാറി.ദീപക് ജീവനൊടുക്കിയ ദിവസം മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.ഇന്നലെ ഭാരതീയ ന്യായസംഹിത 108–ാം വകുപ്പു പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പുതിയ കേസെടുത്തു.
ഷിംജിതയുടെ വടകരയിലെ വീട്ടിലെത്തി മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബൈജു.കെ.ജോസിന്റെ നേതൃത്വത്തിൽ മൊഴിയെടുത്തു. എസ്ഐ വി.ആർ.
അരുൺ, എസ്ഐ എം.കെ.ബവിത എന്നിവരുടെ നേതൃത്വത്തിൽ ദീപക്കിന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. വിഡിയോ ഉൾപ്പെടുത്തുന്നതിനു മുൻപു വടകര പൊലീസ് സ്റ്റേഷനിൽ പരിചയമുള്ള ഒരാളോട് ഇക്കാര്യം പറഞ്ഞിരുന്നെന്ന യുവതിയുടെ വെളിപ്പെടുത്തൽ വാസ്തവ വിരുദ്ധമാണെന്നു സ്റ്റേഷൻ അധികൃതർ പറഞ്ഞു.
ഷിംജിത മുസ്തഫ സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്.ദീപക്കിന്റെ മരണം ഉത്തര മേഖലാ ഡിഐജി അന്വേഷിക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർ, മനുഷ്യാവകാശ കമ്മിഷൻ, ഡിജിപി തുടങ്ങിയവർക്കു പരാതി നൽകുമെന്നു ബന്ധുക്കൾ പറഞ്ഞു.
കേസ് നടത്തിപ്പിന് എല്ലാ പിന്തുണയും:ഓൾ കേരള മെൻസ് അസോസിയേഷൻ
∙ ദീപക്കിനെതിരെ സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരായ കേസ് നടത്തിപ്പിൽ എല്ലാ പിന്തുണയും നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ.
ദീപക്കിന്റെ മാതാപിതാക്കളെ സന്ദർശിച്ചു. വിഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കണം. ഇതിനായി ഹൈക്കോടതിയിൽ ഹർജി നൽകും.
സോഷ്യൽ മീഡിയ റീച്ചിന് പുരുഷന്മാരെ വേട്ടയാടുന്ന പ്രവണത ഇനി ഒരു പെൺകുട്ടിയും ആവർത്തിക്കരുത് എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദീപക്കിന്റെ കുടുംബത്തിന് ഓൾ കേരള മെൻസ് അസോസിയേഷൻ ഒരു ലക്ഷം രൂപ ധനസഹായമായി നൽകുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

