
കോഴിക്കോട് ∙ വിദേശവ്യവസായിയെ ഉപയോഗിച്ച് ലണ്ടൻ വഴി കള്ളപ്പണം വെളുപ്പിച്ച് കേരളത്തിൽ എത്തിക്കുന്ന ‘റിവേഴ്സ് ഹവാല’ ഇടപാടാണ് സിപിഎം നേതാക്കൾ നടത്തുന്നതെന്നും ഈ ഇടപാടുകൾ സാമ്പത്തിക കുറ്റകൃത്യവിഭാഗം അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.
നേതാക്കൾക്ക് വിദേശ വ്യവസായിയുമായുള്ള അവിശുദ്ധബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും പാലിക്കുന്ന മൗനം ദുരൂഹമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിവാദ വ്യവസായി രാജേഷ് കൃഷ്ണയ്ക്ക് വഴിവിട്ട ബന്ധങ്ങളുണ്ട് എന്ന ആരോപണം നേരത്തേ പുറത്തുവന്നതാണ്.
ലണ്ടനിൽ രാജേഷ് കൃഷ്ണയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്ന കാലത്ത് ലണ്ടനിലെ പാർട്ടിയുടെ മേൽനോട്ട ചുമതല എം.എ.ബേബിക്കായിരുന്നു.
സുപ്രീംകോടതിയിൽ രാജേഷ് കൃഷ്ണ ഹാജരാക്കിയ കത്ത് യഥാർഥ കത്താണോ എന്ന് പറയേണ്ടത് പൊളിറ്റ് ബ്യൂറോയാണ്. സംസ്ഥാനസർക്കാരിന്റെ വിവിധ വകുപ്പുകളുടെ പദ്ധതികളുമായി ബന്ധപ്പെട്ടാണ് ലണ്ടനിലെ കടലാസ് കമ്പനികൾ പണം സമാഹരിച്ചത്.
ഇപ്പോൾ പുറത്തുവന്നത് വെറുമൊരു സാമ്പത്തിക തർക്കമല്ല. സംസ്ഥാന സർക്കാരിനെ നേരിട്ട് ബാധിക്കുന്ന പ്രശ്നമാണ്.
നേതാക്കൻമാരുടെ കള്ളപ്പണം വെളുപ്പിക്കാനാണ് സർക്കാർ പദ്ധതികളുടെ കൂട്ടുപിടിക്കുന്നത്. ശുചിത്വസാഗരം പദ്ധതിക്ക് 50 ലക്ഷം പിരിച്ചെന്ന് അന്നത്തെ മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ വകുപ്പിന് 5 ലക്ഷമാണ് കിട്ടിയത്. ബാക്കി 45 ലക്ഷം എവിടെപ്പോയെന്ന് വ്യക്തമാക്കണം.
പണമില്ലാതെ പദ്ധതി നിർത്തിവയ്ക്കുകയും ചെയ്തു. എം.ബി.രാജേഷിന്റെ കാലത്തും സമാനമായ പദ്ധതിയുമായി വകുപ്പ് ഈ വ്യക്തിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രമേശ് പറഞ്ഞു.
വകുപ്പുകളെ സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങൾ വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല.
കമ്യൂണിസ്റ്റ് നേതാക്കൾ പഠനത്തിനായി അടിക്കടി ലണ്ടനിൽ പോവുന്നത് എന്തിനാണെന്ന് വിശദമാക്കണം. എന്താണ് ലണ്ടനിൽ ഇത്രമാത്രം പഠിക്കാനുള്ളതെന്നും രമേശ് ചോദിച്ചു.
മസാലബോണ്ട് വിവാദത്തിൽ തോമസ് ഐസക്കിനു പല ചോദ്യങ്ങൾക്കും മറുപടിയുണ്ടായിരുന്നില്ല.
ലണ്ടനിൽനിന്ന് 2,000 കോടി രൂപ സമാഹരിച്ചതിന് ഇടനിലക്കാരനു കൊടുത്ത ഒരു ശതമാനമെന്നത് 21 കോടിയോളം രൂപയാണ്. രാജേഷ് കൃഷ്ണ കോടതിയിൽ ഹാജരാക്കിയത് വ്യാജപരാതിയാണെങ്കിൽ അയാൾക്കെതിരെ പാർട്ടി മാനനഷ്ടക്കേസ് കൊടുക്കണം.
പാർട്ടി മിണ്ടാതിരിക്കുന്നത് കോടതിയിലേത് യഥാർഥ പരാതിയാണെന്നതുകൊണ്ടാണോ എന്നു വ്യക്തമാക്കണം. ഇടപാടുകൾ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സമഗ്രമായി അന്വേഷിക്കണം. കേന്ദ്ര ഏജൻസികളോട് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും.
പിണറായി വിജയന്റെ കാലത്ത് ഒരു അവതാരമല്ല, പല അവതാരങ്ങളാണ് ഉണ്ടായിവരുന്നത്.
മഞ്ചേരി മെഡിക്കൽകോളജിൽ വിമർശനമുന്നയിച്ചവർക്കെതിരെ കേസെടുക്കാനാണ് ആരോഗ്യ മന്ത്രിയുടെ ശ്രമം. പത്തനംതിട്ടയിൽ എഫ്ബി പോസ്റ്റിട്ടതിന് യുവമോർച്ച നേതാവിനെ ജയിലിലടച്ചു.
ഫാഷിസം എന്താണെന്ന് സിപിഎമ്മിന്റെ മന്ത്രിമാരിലൂടെയാണ് തിരിച്ചറിയുന്നത്. ഒരു കാലത്ത് മാധ്യമപ്രവർത്തകയായിരുന്നയാളാണ് ആരോഗ്യമന്ത്രി. ചാനൽ ചർച്ചയിൽ വിമർശിച്ച മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് കേരളത്തിലാണെന്നും അത് പലരും കണ്ടില്ലെന്നു നടിക്കുകയാണെന്നും രമേശ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]