
കോഴിക്കോട്∙ ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ഇതുവരെയുണ്ടായ ആകെയുള്ള 4 മരണങ്ങളിൽ മൂന്നും ജില്ലയിലാണെന്നതും 2 പേർക്കു കൂടി മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതുമാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.
ജലാശയങ്ങളിൽ ഇറങ്ങുന്നത് അടക്കമുള്ള കാര്യങ്ങളിൽ കർശന ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരില്ലെങ്കിലും മരണനിരക്കു കൂടുതലാണെന്നതാണ് ആശങ്കയ്ക്കു കാരണം. കുട്ടികളിൽ സ്ഥിതി ഗുരുതരമാണ്. പനിയുമായി ഡോക്ടറെ കാണുന്നവർ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ആ വിവരം ഡോക്ടറെ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
നിർദേശങ്ങൾ
∙ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക.
മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും ഒഴിവാക്കുക. ∙ നീന്തുന്നവർ മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ് ഉപയോഗിക്കുക. ∙ വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
വെള്ളം ആഴ്ചയിൽ ഒരിക്കൽ പൂർണമായും ഒഴുക്കിക്കളയുക. ∙ മൂക്കിലോ ചെവിയിലോ ഓപ്പറേഷൻ കഴിഞ്ഞവരും ചെവി പഴുപ്പുള്ളവരും മുങ്ങിക്കുളിക്കരുത്.
∙ കിണർ വെള്ളം ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. ∙ സ്വിമ്മിങ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകുക.
പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കുക. ∙ ഫിൽറ്ററുകൾ വൃത്തിയാക്കിയ ശേഷം വെള്ളം നിറച്ച് ക്ലോറിനേറ്റ് ചെയ്യുക.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണു രോഗമുണ്ടാകുന്നത്.
രോഗാണുബാധ ഉണ്ടായാൽ 5-10 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനും വെളിച്ചത്തിലേക്കു നോക്കാനും ബുദ്ധിമുട്ട് എന്നിവയാണു പ്രധാന ലക്ഷണങ്ങൾ.
കുഞ്ഞുങ്ങളിൽ ഇതിനു പുറമേ ഭക്ഷണം കഴിക്കാനും കളിക്കാനുമുള്ള മടി, അനങ്ങാതെ കിടക്കുക എന്നിവയും കാണാം. ഓർമക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവ രോഗം ഗുരുതരമാകുന്നതിന്റെ സൂചനകളാണ്.
ഡോ.കെ.കെ.രാജാറാം ജില്ലാ മെഡിക്കൽ ഓഫിസർ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]