
കോഴിക്കോട്∙ വൈദ്യുതി ലൈൻ, ട്രാൻസ്ഫോമർ തുടങ്ങിയവ മനുഷ്യ ജീവനു ഭീഷണിയായ നിലയിൽ ഉണ്ടോ എന്നതു പരിശോധിച്ചു പരിഹരിക്കാൻ കെഎസ്ഇബി നടപടി ശക്തമാക്കി. സബ് എൻജിനീയർ, ഓവർസീയർ എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധന ശക്തമാക്കി.
അയഞ്ഞുതൂങ്ങിയ നിലയിലുള്ള ലൈനുകൾ, മരത്തിലും മറ്റും തട്ടി നിൽക്കുന്ന ലൈൻ, അപകടകരമാം വിധം ഉള്ള ട്രാൻസ്ഫോമർ എന്നിവ കണ്ടെത്തി അപ്പപ്പോൾ പരിഹരിക്കുകയാണു ചെയ്യുന്നത്. കൂടാതെ സുരക്ഷാ നടപടികൾ അപ്പപ്പോൾ യോഗം ചേർന്നു വിലയിരുത്തുകയും ചെയ്യും.
സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ശരിയാക്കേണ്ട പോരായ്മകൾ കണ്ടെത്തി അവർക്കു നോട്ടിസ് നൽകുന്നുണ്ട്.
∙ പരിശോധനയും വിലയിരുത്തൽ യോഗങ്ങളും നടക്കുമ്പോഴും ചില സ്ഥലങ്ങളിൽ അപകടാവസ്ഥ അതേപടി നിലനിൽക്കുന്നുണ്ട്.
കുറ്റിക്കാട്ടൂർ ആനക്കുഴിക്കര മാണിയമ്പലം പള്ളി ക്വാർട്ടേഴ്സിനു മുകളിലൂടെ പോകുന്ന 66 കെവി ടവർ ലൈനിൽ നിന്നു ഷോക്കേറ്റു പന്ത്രണ്ടുകാരൻ മരിച്ചിരുന്നു. അതേ അപകടാവസ്ഥ ഇപ്പോഴും നിലനിൽക്കുകയാണ്.
വൈദ്യുതി ലൈൻ മാറ്റാനോ സുരക്ഷാ സംവിധാനം ഒരുക്കാനോ തയാറായിട്ടില്ല. മാവൂർ ഭാഗത്തു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമ്പോൾ മുങ്ങിപ്പോകും വിധമാണു ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്നത്.
∙ വടകര കാർത്തികപ്പള്ളി നമ്പർ വൺ യുപി സ്കൂൾ മതിലിനോടു ചേർന്നുള്ള വലിയ മഞ്ചാടി മരം വൈദ്യുതി ലൈനിൽ വീണുകിടക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി.
സ്കൂളിനും ഇതു വഴി പോകുന്നവർക്കും ഭീഷണിയായ ഇക്കാര്യം പഞ്ചായത്തിലും കെഎസ്ഇബി ഓഫിസിലും അറിയിച്ചെങ്കിലും മാസങ്ങളായിട്ടും നടപടിയില്ലെന്നു പരിസരവാസികൾ പറഞ്ഞു.
∙ മേപ്പയൂർ മഞ്ഞക്കുളത്തു ജനങ്ങൾക്ക് അപകട ഭീഷണിയായി സുരക്ഷാ കവചം ഇല്ലാതെ ട്രാൻസ്ഫോമർ.
മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വിഇഎം യുപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും ധാരാളം മറ്റുള്ളവരും പോകുന്ന റോഡരികിലാണു സുരക്ഷാ കവചം ഇല്ലാതെ ട്രാൻസ്ഫോമർ സ്ഥാപിച്ചത്.
∙ കുറ്റ്യാടി ഊരത്ത് എൽപി സ്കൂളിന്റെ മതിലിനോട് ചേർന്ന് സ്ഥാപിച്ച വൈദ്യുതി തൂണും സ്റ്റേ വയറും അപകട
ഭീഷണി ഉയർത്തുന്നു. കുറ്റ്യാടി കൈപ്രംകടവ് റോഡ് പുനർനിർമാണത്തിന്റെ ഭാഗമായാണ് പോസ്റ്റ് മാറ്റി സ്ഥാപിച്ചത്.
തുടർന്ന് സ്റ്റേ വയർ സ്കൂളിന്റെ മുന്നിലെ കളിസ്ഥലത്താണ് കുഴിച്ചിട്ടത്.
ഗവ. എൽപി സ്കൂൾ അങ്കണത്തിൽ അപകടഭീഷണിയായി വൈദ്യുത ലൈൻ
കൂടരഞ്ഞി∙ പൂവാറൻതോട് ഗവ.
എൽപി സ്കൂൾ അങ്കണത്തിൽ അപകടകരമായ നിലയിൽ വൈദ്യുത ലൈൻ. സ്കൂൾ സ്റ്റേജിനു മുകളിൽ താഴ്ന്നുകിടക്കുന്ന നിലയിലാണ് വൈദ്യുത ലൈൻ.
ഇത് പാചകപ്പുരയുടെ മുകളിലൂടെ സമീപത്തെ വീട്ടിലേക്കു പോകുന്നതാണ്. ഏതാനും വർഷം മുൻപ് സ്കൂൾ വാർഷികത്തിനു പന്തൽ കെട്ടുമ്പോൾ ഒരാൾക്ക് ഈ ലൈനിൽ നിന്ന് ഷോക്കേറ്റിരുന്നു. ലൈൻ മാറ്റാനുള്ള നടപടിക്രമം തുടങ്ങിയിട്ട് വർഷങ്ങളായി.
സ്കൂളിൽനിന്ന് കെഎസ്ഇബിക്ക് കത്തുകൾ അയച്ചിരുന്നു. തുടർന്ന് സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് സ്കൂളിനു കെഎസ്ഇബി കത്ത് നൽകുകയും 33,469 രൂപ അടയ്ക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
ഈ വിവരം സ്കൂൾ അധികൃതർ പഞ്ചായത്തിനെ അറിയിച്ചിരുന്നു. പഞ്ചായത്ത് തുടർനടപടി സ്വീകരിക്കാത്തതിനാൽ ഇതുവരെയും ലൈൻ മാറ്റിയിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]