
കത്തിപ്പുകഞ്ഞ് നഗരസന്ധ്യ; എത്തിയത് മുപ്പതിലധികം അഗ്നിരക്ഷാ യൂണിറ്റുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ നഗരത്തെ നടുക്കി മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം, കോടികളുടെ നഷ്ടമെന്നു പ്രാഥമിക നിഗമനം. തിരക്കേറിയ അവധി ദിവസമാണെങ്കിലും ആളുകളെ നിയന്ത്രിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം. ബാലുശ്ശേരി, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾ പുറത്തേക്കു നീക്കിയതിനാൽ അത്യാഹിതം ഒഴിവായി. ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറു വശത്തെ കെട്ടിടത്തിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് തുണി വ്യാപാര സ്ഥാപനത്തോടു ചേർന്നാണ് വൈകിട്ട് അഞ്ചോടെ വൻ തീപിടിത്തമുണ്ടായത്. മരുന്നുകടയുടെ ഗോഡൗണിൽനിന്നാണ് ആദ്യം തീയുയർന്നതെന്ന് ദൃക്സാക്ഷി പറഞ്ഞു.
അഗ്നിരക്ഷാ സേന .
രാത്രി പത്തരയോടെ തീ നിയന്ത്രണ വിധേയമാക്കി. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ പടിഞ്ഞാറേ വശത്ത് ബാലുശ്ശേരി ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ബസ് ബേക്കു സമീപം ഒന്നാംനിലയിലാണ് കാലിക്കറ്റ് ടെക്സ്റ്റൈൽസ് പ്രവർത്തിക്കുന്നത്. ഇതിനു മുകളിൽ ഷീറ്റ് ഉപയോഗിച്ച് ഉണ്ടാക്കിയ താൽക്കാലിക ഗോഡൗൺ കെട്ടിടത്തിനാണ് ആദ്യം തീപിടിച്ചത്. ഇന്നലെ വൈകിട്ട് 5.05ന് ആണ് പുക ശ്രദ്ധയിൽപെട്ടത്. ഇവിടെ ജോലിയിൽ മുപ്പതിലധികം തൊഴിലാളികളുണ്ടായിരുന്നു. പുക കണ്ടതോടെ സ്ത്രീകളടക്കമുള്ള ജീവനക്കാരെ പുറത്തിറക്കി.
നിമിഷങ്ങൾക്കകം എസിപി ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി. താഴെ നിലയിലുള്ള കടകളിലെ ആളുകളെ പുറത്തിറക്കി. താഴെ ചായക്കടകളിൽ ഗ്യാസ് സിലിണ്ടറുകളുണ്ട്. പുസ്തകക്കടകളും മരുന്നുകടകളും ചെരിപ്പു കടകളുമുണ്ട്. ഈ ഭാഗത്തെ ബസുകൾ പൂർണമായും പുറത്തേക്കു മാറ്റി.വിവിധ അഗ്നിരക്ഷാ നിലയങ്ങളിൽനിന്ന് യൂണിറ്റുകൾ എത്തിയെങ്കിലും തീ നിയന്ത്രിക്കാനായില്ല. കറുത്ത പുക നിറഞ്ഞതിനാൽ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കാനാകാത്ത സ്ഥിതിയായിരുന്നു.
പുറത്തുനിന്ന് വെള്ളം ചീറ്റിച്ചെങ്കിലും ചുമരിനോടു ചേർന്ന് അട്ടിയിട്ട തുണികളിലെ തീ മാത്രമാണ് കെടുത്താനായിരുന്നത്. മധ്യഭാഗം അപ്പോഴും ആളിക്കത്തുകയായിരുന്നു.6.40ന് കോഴിക്കോട് വിമാനത്താവളത്തിലൈ കെമിക്കൽ ഡിസ്റ്റിംഗ്വിഷർ ക്രാഷ് ടെൻഡർ യന്ത്രമെത്തി. 6.50ന് താൽക്കാലിക ഷെഡ്ഡിൽനിന്നു താഴെയുള്ള ഒന്നാംനിലയിലേക്ക് തീ പടർന്നതോടെ കടയുടമകൾ വലിയ ശബ്ദത്തിൽ നിലവിളിച്ചു. ഇവിടെ തുണി മൊത്തക്കച്ചവട സ്ഥാപനത്തിലെ കെട്ടുകൾക്ക് തീപിടിച്ചതോടെ പുകയുടെ കട്ടി കൂടി.
കഴിഞ്ഞ ദിവസം എത്തിച്ച യൂണിഫോം തുണിത്തരങ്ങൾ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്.7.15ന് കരിപ്പൂരിൽനിന്നുള്ള യന്ത്രം പ്രവർത്തിപ്പിക്കാൻ തുടങ്ങി. കെട്ടിടത്തിന്റെ മറ്റേ മൂലയിലുള്ള കാലിക്കറ്റ് ഫാഷൻ ബസാർ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ താഴെ നിലയിലുള്ള മെഡിക്കൽ ഷോപ്പിലേക്കും തീ പടർന്നു.മന്ത്രി എ.കെ.ശശീന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മേയർ ബീന ഫിലിപ്, കലക്ടർ സ്നേഹിൽകുമാർ സിങ്, ഐജി രാജ്പാൽ മീണ, സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ തുടങ്ങിയവർ സ്ഥലത്തെത്തി.
പിന്നിൽ പുകയും ഭയവും ഓടിയിറങ്ങി ജീവനക്കാർ
കോഴിക്കോട്∙ തീപിടിച്ച കെട്ടിടത്തിന്റെ രണ്ടാം നിലയിലെ കാലിക്കറ്റ് ഫാഷൻ ബസാറിലെ ഗോഡൗണിൽ നിന്നു സ്ത്രീകളും യുവാക്കളും ഓടിയിറങ്ങുന്നതു കണ്ട സമീപത്തെ വ്യാപാരികൾ അമ്പരന്നു നിന്നു. ഓടുന്നവർ, ഒപ്പമുള്ളവർ രക്ഷപ്പെട്ടോ എന്നു ചോദിക്കുന്നുണ്ടായിരുന്നു. ഇതു കേട്ടതോടെ സമീപത്തെ വ്യാപാരികൾക്കും ചുമട്ടു തൊഴിലാളികൾക്കും ബസ് ജീവനക്കാർക്കും പന്തികേടു തോന്നി. ഇവരും എയ്ഡ് പോസ്റ്റിലെ പൊലീസുകാരുമാണു സംഭവത്തിന്റെ ഗൗരവം ആദ്യം തിരിച്ചറിഞ്ഞത്.
10 മിനിറ്റ് തികഞ്ഞില്ല. ബസ് സ്റ്റാൻഡിലെ പടിഞ്ഞാറെ ബ്ലോക്ക് കെട്ടിടത്തിന്റെ മുകൾ നിലയുടെ ഒരുഭാഗം പൂർണമായി തീ വിഴുങ്ങി. കെട്ടിടത്തിന്റെ നാലിരട്ടി ഉയരത്തിലേക്കു തീയും പുകയും ഉയർന്നു. ബസ് സ്റ്റാൻഡിൽ എത്തിയവർ എന്തു ചെയ്യും എന്നറിയാതെ നിൽക്കുമ്പോഴേക്കും കൂടുതൽ പൊലീസ് എത്തി. മുഴുവൻ യാത്രക്കാരോടും വ്യാപാരികളോടും സ്റ്റാൻഡിൽ നിന്നു പുറത്തു പോകാൻ ആവശ്യപ്പെട്ടു. സ്റ്റാൻഡിലും പരിസരത്തും കറുത്ത പുക, തുണി കത്തിയ അസഹ്യമായ ദുർഗന്ധവും. തമ്മിൽ കാണാൻ കഴിയാത്ത വിധം പുക നിറഞ്ഞു. പലരും ശ്വാസ തടസ്സം നേരിട്ടു പുറത്തേക്കോടി.
അപ്പോഴേക്കും 25 മിനിറ്റ് പിന്നിട്ടു. 3 യൂണിറ്റ് അഗ്നിരക്ഷാ സേന എത്തി വെള്ളം ചീറ്റിയെങ്കിലും കെട്ടിടത്തിനു ചുറ്റും താൽക്കാലിക നിർമിതികളുണ്ടായിരുന്നതിനാൽ, വെള്ളം അകത്തെത്തിയില്ല. പുക നിറഞ്ഞതോടെ കെട്ടിടത്തിനകത്തു കയറാൻ അഗ്നിരക്ഷ സേനാംഗങ്ങൾക്കു തുടക്കത്തിൽ കഴിഞ്ഞില്ല. പിന്നീട് മുഴുവൻ കടകളിലെയും ആളുകളെ ഒഴിപ്പിച്ചു. സ്റ്റാൻഡ് പൊലീസ് വലയത്തിലായി. കൂടുതൽ അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി തീ അണയ്ക്കാൻ ശ്രമം തുടങ്ങി. ഒരു മണിക്കൂർ പിന്നിട്ടതോടെ 38 യൂണിറ്റ് അഗ്നിശമന സേന എത്തി. രണ്ടു മണിക്കൂർ പിന്നിട്ടതോടെ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കു തീ പടർന്നു.
മുറികൾ ഷട്ടറിട്ടു പൂട്ടിയ ഈ ഭാഗവും മിനിറ്റുകൾക്കകം കത്തി. ഇതിനിടെ, അടുത്ത കെട്ടിടത്തിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും പുക കയറി. തീ പടരാതിരിക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങൾ, മറ്റു കെട്ടിടങ്ങളിലേക്കു വ്യാപാരികളുടെ സഹായത്തോടെ കയറി. മുകൾ നിലയിലെ ഷട്ടറുകളും വാതിലും തകർത്തു. സ്റ്റാൻഡിന്റെ വടക്കുഭാഗത്തെ കെട്ടിട ബ്ലോക്കിലെ നാലാം നിലയിൽ കയറി വെള്ളം പമ്പു ചെയ്ത് തീ നിയന്ത്രണ വിധേയമാക്കി. അപ്പോഴേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു അഗ്നിരക്ഷാസേനാ യൂണിറ്റുകളെത്തി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു കെമിക്കൽ ഫയർ എൻജിൻ എത്തിയിട്ടും തീ നിയന്ത്രണ വിധേയമായില്ല.