കോഴിക്കോട് ∙ നഗരത്തിൽ 22 വർഷത്തിനിടെ ഉണ്ടായതു 42 വൻ തീപിടിത്തങ്ങൾ; നഷ്ടപ്പെട്ടത് 9 ജീവനുകൾ. സംഭവിച്ചത് കോടാനുകോടി രൂപയുടെ നാശനഷ്ടം.
തിരക്കേറിയ മിഠായിത്തെരുവിൽ മാത്രം തീപിടിച്ചത് 6 തവണ. ഏറ്റവുമൊടുവിൽ ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ നഷ്ടം 50 കോടി രൂപ കവിയുമെന്നാണു കരുതുന്നത്.
വിദ്യാഭ്യാസ, ഐടി, വ്യാപാര സ്ഥാപനങ്ങളും ആനുപാതികമായി ജനസംഖ്യയും വലിയ തോതിൽ വർധിച്ചെങ്കിലും അഗ്നിരക്ഷാ സംവിധാനമടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ ഇതുവരെ ആരും ശ്രദ്ധിച്ചിട്ടില്ല.
മാത്രമല്ല, ബീച്ചിലെ അഗ്നിരക്ഷാ സേനാ കേന്ദ്രത്തിലെ 5 യൂണിറ്റുകൾ 2 എണ്ണമാക്കി കുറയ്ക്കുകയും ചെയ്തു. സർ, നമ്മളെങ്ങോട്ടാണു പോകുന്നത്?
ബീച്ചിലെ അഗ്നിരക്ഷാ സേനാ കേന്ദ്രം ജീവനക്കാരെ ആരു രക്ഷിക്കും ?
നഗരത്തിന് ഏക ആശ്രയമായ ബീച്ചിലെ അഗ്നിരക്ഷാ സേനാ കേന്ദ്രത്തിലൊന്നു കയറിയാൽ ആർക്കും സന്ദേഹമുണ്ടാകും: എല്ലാവരെയും രക്ഷിക്കാൻ ഓടിയെത്തുന്ന അഗ്നിരക്ഷാ സേനക്കാരെ ആരു രക്ഷിക്കുമെന്ന്.
ഇടിഞ്ഞു വീഴാറായ കെട്ടിടത്തിലാണ് ബീച്ച് അഗ്നിരക്ഷാ കേന്ദ്രം പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കുന്നതിനു കേന്ദ്രത്തിന്റെ പഴയകെട്ടിടം പൊളിച്ചതോടെ, ജീവനക്കാരുടെ ക്വാർട്ടേഴ്സിലാണു നിലവിൽ അഗ്നിരക്ഷാ കേന്ദ്രം പ്രവർത്തിക്കുന്നത്.
കമ്പി പുറത്തു കാണുന്ന, കോൺക്രീറ്റ് ഇടിഞ്ഞു വീണ മേൽക്കൂരയാണു പലയിടത്തും. ചുമരുകൾ തേപ്പ് അടർന്നു കിടക്കുന്നു.
ജനലുകൾ ദ്രവിച്ച നിലയിലും.
നഗരത്തെ സംരക്ഷിക്കാൻ, നാട്ടുകാരെ രക്ഷിക്കാൻ ചുമതലപ്പെട്ട 22 ജീവനക്കാർ ഇവിടെയാണു ജോലി ചെയ്യുന്നത്.
മുറികളിലെ തുരുമ്പിച്ച ഇരുമ്പു സാധനങ്ങൾക്കൊപ്പമാണു ജീവൻ രക്ഷാ ഉപകരണങ്ങളുടെ സ്ഥാനം. ബീച്ചിലെ സ്ഥലത്ത് അഗ്നിരക്ഷാ സേനയുടെ ജില്ലാ ആസ്ഥാനം, മേഖലാ കേന്ദ്രം, ബീച്ച് ഫയർ സ്റ്റേഷൻ എന്നിവയ്ക്കായി 17 കോടി രൂപയുടെ പദ്ധതി നിലവിലുണ്ട്.
മാനാഞ്ചിറയിൽ അഗ്നിരക്ഷാ കേന്ദ്രം വേണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും സ്ഥലമില്ലെന്ന കാരണത്താൽ യാഥാർഥ്യമായിട്ടില്ല. പദ്ധതിക്കു സാങ്കേതികാനുമതിയും നിർമാണാനുമതിയും ലഭിച്ചെങ്കിലും ആഭ്യന്തര വകുപ്പിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
സർവം തീ പിടിച്ച ശേഷം മുതലക്കണ്ണീർ പൊഴിക്കാനാണോ സർ, നിങ്ങൾ കാത്തിരിക്കുന്നത്? … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

