
കോഴിക്കോട്∙ ജില്ലയിലും ആഫ്രിക്കൻ ഒച്ച് വർധിക്കുന്നു; കർഷകരും നാട്ടുകാരും ആശങ്കയിൽ. ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കണ്ടുവന്നിരുന്ന ആഫ്രിക്കൻ ഒച്ചുകളാണ് കോട്ടൂളി, മലാപ്പറമ്പ്, കക്കോടി തുടങ്ങിയ മേഖലകളിൽ പടരുന്നത്.
ജില്ലാ ഭരണകേന്ദ്രമായ സിവിൽ സ്റ്റേഷൻ പരിസരത്ത് ഒച്ചുകളുടെ വൻ ശല്യമാണ്. മലയാള മനോരമ കർഷകശ്രീ നടത്തിയ കൃഷി സെമിനാറിൽ പങ്കെടുക്കാനെത്തിയ കർഷകർ ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനത്തെക്കുറിച്ച് പരാതി ഉയർത്തിയിട്ടുണ്ട്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി പുറത്തുനിന്ന് കൊണ്ടുവന്ന മണ്ണിനൊപ്പമാണ് ഇത്രയധികം ഒച്ചുകൾ കടന്നുവന്നതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.
സാധാരണ ഒച്ചുകളെ അപേക്ഷിച്ച് വലിപ്പം കൂടിയവയാണ് ആഫ്രിക്കൻ ഒച്ചുകൾ. വാഴ, ചേന, പപ്പായ, ഇഞ്ചി, ചേമ്പ് തുടങ്ങി അഞ്ഞൂറിലേറെ സസ്യവർഗങ്ങളെ ഭക്ഷണമാക്കുന്നതാണ് ഇവ. വിളകൾക്ക് പുറമേ മനുഷ്യരിൽ മെനിഞ്ജൈറ്റിസിന് (മസ്തിഷ്ക ജ്വരം) കാരണമാകുന്ന നിമാ വിരകളുടെയും ബാക്ടീരിയകളുടെയും വാഹകരാണ് ആഫ്രിക്കൻ ഒച്ചുകൾ.
ശംഖുപോലെ വലിപ്പമുള്ള ഒച്ചുകളായതിനാൽ കുട്ടികൾ ഇതു വെറുംകൈ കൊണ്ട് എടുത്തുകളിക്കാൻ സാധ്യതയുണ്ട്. ഇത് കുട്ടികളിൽ മസ്തിഷ്കജ്വരം അടക്കമുള്ള അസുഖങ്ങൾക്കു കാരണമാവുമെന്നാണ് ഭയക്കുന്നത്.
ആഫ്രിക്കൻ ഒച്ചുകൾക്ക് പ്രതികൂല സാഹചര്യങ്ങളിൽ പുറത്തുവരാതെ മൂന്നു വർഷത്തോളം മണ്ണിനടിയിൽ ഒരു മീറ്ററോളം ആഴത്തിൽ കഴിയാൻ സാധിക്കും.
ഒരു ഒച്ചിൽ നിന്ന് ഒരു വർഷം 900 കുഞ്ഞുങ്ങൾ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉഭയലിംഗ ജീവികളായ ഇവയ്ക്ക് 10 വർഷമാണ് ആയുസ്സ്.
മുട്ട വിരിഞ്ഞിറങ്ങി ഒരു വർഷത്തിനുള്ളിൽ പൂർണ വളർച്ചയെത്തുന്നതിനാൽ ഇവയുടെ വ്യാപനം അതിവേഗത്തിലാണ് നടക്കുന്നത്.നിലവിൽ കോർപറ േഷനിലെ ചില വാർഡുകളിൽ കൗൺസിലർമാർ സ്വന്തം നിലയ്ക്ക് ആഫ്രിക്കൻ ഒച്ചുകൾക്കെതിരെ ബോധവൽകരണം നടത്തിയിട്ടുണ്ട്.
എന്നാൽ മറ്റു പഞ്ചായത്തുകളിൽ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഒച്ചുകളെ പ്രതിരോധിക്കാം
∙ 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി ഒച്ചിന്റെ മേൽ തളിക്കാം. ഉപ്പു ലായനിയും പൊടിയുപ്പും ഒച്ചിന്റെ മേൽ വീണാൽ അവ ചത്തുപോകും.
∙ കൃഷിസ്ഥലങ്ങളിൽ കണ്ടു തുടങ്ങുമ്പോൾ പുകയില സത്ത് തുരിശ് ലായനിയുമായി ചേർത്ത് സ്പ്രേ ചെയ്യുക. നെല്ലിലോ വെള്ളരി വർഗങ്ങളിലോ തുരിശുലായനി തളിക്കരുത്.
25 ഗ്രാം പുകയില 1.5 ലീറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലീറ്റർ ആക്കി മാറ്റുക. പുകയില സത്ത് ലായനി തണുപ്പിച്ചതിനുശേഷം ഇതിൽ, 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളവുമായി ലയിപ്പിച്ചത് കൂട്ടിച്ചേർക്കുക.
ഈ ലായനി അരിച്ചതിനു ശേഷം മണ്ണിലും ഭിത്തിയിലും സ്പ്രേ ചെയ്യാം
∙ അരക്കിലോ ഗോതമ്പുപൊടി, കാൽ കിലോ ശർക്കര, 25 ഗ്രാം യീസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ ചേർത്ത് ഇളക്കി ചെറുതായി നനച്ച് നനഞ്ഞ ചണച്ചാക്കിലോ ഒരടി ആഴമുള്ള കുഴിയിലോ മഴനനയാതെ വയ്ക്കുക. ഈ മിശ്രിതം കഴിച്ച് ഒച്ചുകൾ ചത്തുപോകും.
വിളകളിൽ ഒച്ചിനെ കണ്ടാൽ
വിളകളിലെ ഒച്ചുകളെ ഒഴിവാക്കാൻ വീര്യം കുറഞ്ഞയളവിൽ (ഒരു ലീറ്റർ വെള്ളത്തിനു 3 ഗ്രാം) തുരിശുലായനി തളിക്കുക.
ചത്ത ഒച്ചുകളെ കുഴിയെടുത്ത് മൂടണം. ഒച്ചുകളെ കൈകാര്യം ചെയ്യുന്നവർ നിർബന്ധമായും കയ്യുറ ധരിക്കണം.
ഒച്ച് നശീകരണ പ്രവർത്തനങ്ങൾ ഒരു പ്രദേശത്ത് തുടർച്ചയായി 4 വർഷം ചെയ്യണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]