
നാദാപുരം∙ അണമുറിയാതെ പെയ്ത മഴ വൻ നാശം വിതച്ചു. വഴികളിൽ പലയിടങ്ങളിലും രൂപപ്പെട്ട
തടസ്സങ്ങൾ പൂർണമായി മാറ്റാനായിട്ടില്ല. മതിലുകളിടിഞ്ഞും കിണറുകൾ തകർന്നും വഴികൾ നശിച്ചും വൈദ്യുതി താറുമാറായും കടകൾക്ക് നഷ്ടമുണ്ടാക്കിയും തലേന്നു നാശം വിതച്ച മഴ ഇന്നലെ പകൽ കാര്യമായി പെയ്യാതിരുന്നത് ആശ്വാസമായി.
കണ്ണൂർ, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചെക്യാട് അരൂണ്ട നെല്ലിക്കാപറമ്പ് റോഡിൽ കൂറ്റൻ കുന്നിടിഞ്ഞു വൈദ്യുതി തൂണുകളും ലൈനുകളും മരങ്ങളും റോഡിലേക്ക് പതിച്ചു ഗതാഗതം മുടങ്ങി. നാദാപുരം കസ്തൂരിക്കുളത്ത് പാലേരി റഷീദ് ഹാജിയുടെ മതിലിടിഞ്ഞു.
കുമ്മങ്കോട്ട് പിലാട്ടിയത്ത് ഫൈസൽ, കല്ലാച്ചി പൈപ്പ് റോഡിൽ വള്ളേരി ഷഹീദ് എന്നിവരുടെ വീട്ടുമതിലുകൾ നിലംപൊത്തി. തൂണേരി വെള്ളൂരിൽ കുന്നുമ്മൽതാഴെ കുനി മുകുന്ദന്റെ വീടിനോടു ചേർന്ന കിണർ തകർന്നു.
മോട്ടറും മറ്റും നശിച്ചു. വീട്ടുവരാന്തയും മതിലും കൈവരിയുമെല്ലാം തകർന്നു.
വാണിമേൽ മുടിക്കൽ പാലത്തിനു സമീപത്തെ കടകളിലേക്ക് മണ്ണിടിഞ്ഞു വ്യാപാരികൾക്ക് വൻ നഷ്ടമുണ്ടായി. ജാതിയേരി ചെറുമോത്ത് റോഡിൽ പുഴപോലെയാണ് വെള്ളമൊഴുകിയത്. വാണിമേൽ ഓലിയോട്ട് ജുമുഅത്ത് പള്ളിയിലേക്ക് പല തവണ പുഴ വെള്ളം ഇരച്ചു കയറി.
വിഷ്ണുമംഗലം പുഴയോര വാസികൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.
കായപ്പനച്ചി, മുടവന്തേരി ഭാഗങ്ങളിലും പുഴ വെള്ളം വീടുകളിലേക്ക് കയറി. ചേലക്കാട് നരിക്കാട്ടേരി റോഡിൽ മണ്ടോടി അയിമ്പാടി താഴെ ഭാഗത്ത് അഴുക്കുചാലും റോഡും തമ്മിൽ കോൺക്രീറ്റ് ചെയ്ത ഭാഗത്ത് ഏറെ ദൂരത്തിൽ വിള്ളലുണ്ടായി.
ചേലക്കാട് വില്ല്യാപ്പള്ളി റോഡിൽ കുമ്മങ്കോട് അങ്ങാടിക്കു സമീപം വെള്ളമുയർന്നതോടെ ഗതാഗതം നിലച്ചു. കല്ലാച്ചിയിൽ ഇ.കെ.വിജയൻ എംഎൽഎയുടെ ഓഫിസും സിപിഐ ഓഫിസും പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് വെള്ളം കയറി.
ഇതു വഴിയുള്ള ഗതാഗതവും ഏറെ നേരം നിലച്ചു. നാദാപുരം പുളിക്കൂൽ തോട് പല തവണ കര കവിഞ്ഞൊഴുകി. ഈ ഭാഗത്തെ വീട്ടുകാർ ഭീഷണി നേരിടുകയാണ്.
വളയം ചാലിയാട്ട് പൊയിൽ കിണറ്റിൽ പിലാവുള്ള പറമ്പത്ത് കണ്ണന്റെ വീടിനു മഴയിൽ തകരാറു പറ്റി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് അടക്കമുള്ളവർ വീട്ടിലെത്തി.
കുറ്റ്യാടി ∙ കനത്ത മഴയിൽ മലയോര മേഖലയിൽ വ്യാപക നാശം.
പൊയിലോംചാലിൽ പ്ലാത്തോട്ടത്തിൽ ജോസിന്റെ വീട്ടു മതിൽ ഇടിഞ്ഞു വീണു. പാറ ഉരുണ്ട് വീണ് പൊയിലോംചാൽ എടത്തുംകുന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
കരിങ്ങാട് ഒടേരിപ്പൊയിൽ പീടികയുള്ളപറമ്പത്ത് ശോഭയുടെ മുറ്റക്കെട്ടും മതിലും ഇടിഞ്ഞു വീണു. വീട് അപകടഭീഷണിയിലാണ്. ചാത്തങ്കോട്ടുനട
മിനി ജലവൈദ്യുതി പദ്ധതിയുടെ കനാലിലേക്കാണ് മണ്ണിടിഞ്ഞു വീണത്. 29 മീറ്റർ നീളമുള്ള മതിലാണ് നിലം പൊത്തിയത്.
6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുണ്ടുതോട് ഓലിക്കൽ ജോഷിയുടെ വീടിന്റെ പിറകുവശത്തെ മൺതിട്ട
ഇടിഞ്ഞു വീണ് വീടിനു കേടുപറ്റി. കുളിമുറി പൂർണമായും മണ്ണുമൂടി.
വീട് അപകട ഭീഷണിയിലാണ്.
വി.എസ്.രാജുവിന്റെ വീടിന്റെ പിറകുവശം ഇടിഞ്ഞു വീണ് വീട് അപകട ഭീഷണിയിലായി.
കായക്കൊടി ഉല്ലാസ് നഗറിൽ കണ്ണങ്കൈ തോട് കെ.ടി.കുഞ്ഞമ്മദ് കുട്ടിയുടെ മതിൽ ഇടിഞ്ഞു വീണു. നിർമാണം നടക്കുന്ന മൂരിപ്പാലം അപ്രോച്ച് റോഡ് തകർന്നു.
കാവിലുംപാറ പഞ്ചായത്തിലെ ചോയിച്ചുണ്ട്, പൈക്കളങ്ങാടി, തെക്കേലക്കണ്ടി അങ്കണവാടി പ്രദേശത്ത് വെള്ളം കയറി 27 വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു.
വേളം പഞ്ചായത്തിലെ ശാന്തിനഗറിൽ വെള്ളം കയറി ചെടയൻകണ്ടി ഭാഗത്ത് ഒറ്റപ്പെട്ടുപോയ കുനിയിൽ മൊയ്തു, അസ്ലം ഉൾപ്പെടെ 5 വീട്ടുകാരെ രാവിലെ ട്രോമ കെയർ പ്രവർത്തകർ തോണി എത്തിച്ചാണ് സുരക്ഷിത സ്ഥലത്ത് എത്തിച്ചത്. കരിങ്ങാട് കൈവേലി റോഡിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.
തൊട്ടിൽപാലം കാഞ്ഞിരോളിയിൽ വെള്ളം ഉയർന്നതോടെ പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. കുറ്റ്യാടി ഓത്തിയോട്ട്, ഞേണോൽതാഴ, പട്ടർകുളങ്ങര പ്രദേശത്ത് വെള്ളം കയറി.
ഓത്തിയോട്ട് കരണ്ടോട് റോഡിൽ ഗതാഗതം മുടങ്ങി. മുണ്ടിയോട്, പടിച്ചിൽ ഭാഗത്തെ 30 വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി.
കുറ്റ്യാടി∙ മരുതോങ്കര പശുക്കടവിൽ പൂതപറമ്പിൽ ഷിജു, പുളിക്കൽ റോയി, കീരവട്ടം ജോൺ, അഴകത്ത് സന്തോഷ്, അരുവിക്കൽ അശോകൻ എന്നിവരുടെ വീടുകളുടെ പിൻവശത്ത് മണ്ണിടിഞ്ഞു വീണു. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇ.കെ.വിജയൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സജിത്ത്, പി.ജി.ജോർജ്, ഒ.പി.ഷിജിൽ, നയീമ കുളമുള്ളതിൽ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർ സ്ഥലം സന്ദർശിച്ചു.
കായക്കൊടി∙ കനത്ത മഴയിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറി.
കായക്കൊടി പഞ്ചായത്തിലെ ചങ്ങരംകുളം ഉല്ലാസ് നഗറിലെ തയ്യുളളതിൽ അമ്മദ് ഹാജി, കെ.ടി.കുഞ്ഞമ്മദ് കുട്ടി, വടക്കയിൽ സൈന, കെ.ടി.മൊയ്തു ,ടി.കെ.ഹാജറ എന്നിവരുടെയും മുട്ടുനടയിലെ യു.വി.ബഷീർ, ഇബ്രാഹിം ചുണ്ടക്കണ്ടി, ഇബ്രാഹിം തയ്യുള്ളതിൽ, പി.പി.സലാം, ബാലൻ അക്കരപറമ്പത്ത്, പി.പി.ലത്തീഫ്, ആക്കൽ നൂറാനിയ മദ്രസ, യു.വി.ഹമീദ്, കെ.എസ്.മൊയ്തു എന്നിവരുടെ വീടുകളിലും വെള്ളം കയറി. വെള്ളം കയറിയ വീടുകൾ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തു, മണ്ഡലം പ്രസിഡന്റ് ടി.പി.മൊയ്തു എന്നിവർ സന്ദർശിച്ചു. അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു
കുറ്റ്യാടി∙ പഞ്ചായത്തിലെ രാമോത്ത് കണ്ടി മദ്രസയ്ക്ക് സമീപത്തെ സ്രാമ്പിയിലെ കിണർ കനത്തമഴയെ തുടർന്ന് ഇടിഞ്ഞുതാണു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, അംഗങ്ങളായ പി.പി.ചന്ദ്രൻ, എം.പി.കരിം എന്നിവർ സന്ദർശിച്ചു.
വടകര∙ പുത്തൂർ ചെറുശ്ശേരി റോഡിനു സമീപം കീർത്തനം ദിവാകരന്റെ വീടിനോട് ചേർന്നുള്ള കിണർ താഴ്ന്നു. ബുധനാഴ്ച രാത്രി 11.30 ന് ആയിരുന്നു സംഭവം.
കാർ പോർച്ചിനോട് ചേർന്നായിരുന്നു കിണർ. വീടിന്റെ മുൻവശത്തെ പില്ലറിനു വിള്ളലുണ്ടായി.
30 വർഷം മുൻപ് കുഴിച്ച കിണറാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]