
താമരശ്ശേരി∙ ഒരു നിമിഷം കൊണ്ടാണ് എല്ലാം സംഭവിച്ചത്. ചെളിയിൽ പുതഞ്ഞ പിൻചക്രങ്ങൾ ഉയർത്താൻ ട്രാക്ടർ സ്റ്റാർട്ട് ചെയ്തതും തലകീഴായി മറിഞ്ഞതും ഒന്നിച്ചായിരുന്നു.
നെൽക്കൃഷിക്ക് നിലം ഉഴുതുകൊണ്ടിരുന്ന ട്രാക്ടർ തല കീഴായി മറിഞ്ഞ് വാഹനം ഓടിച്ച തൊഴിലാളി പുതുപ്പാടി വളഞ്ഞപാറ പെരുമ്പള്ളി കൊട്ടാരക്കോത്ത് കെ.കെ. ഹരിദാസൻ (52) തങ്ങളുടെ കൺമുന്നിൽ മരണത്തിനു കീഴടങ്ങുന്നത് ഒപ്പമുണ്ടായിരുന്നവർ കണ്ടുനിൽക്കേണ്ടി വന്നു. അപകടത്തെ മുഖാമുഖം കണ്ട, പുതുപ്പാടി പഞ്ചായത്ത് മുൻ പ്രസിഡന്റും സീഡ് ഫാമിലെ തൊഴിലാളിയുമായ കെ.കെ.
നന്ദകുമാറിന് ആ കാഴ്ച യാഥാർഥ്യമാണെന്ന് ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ല.
പുതുപ്പാടി മലപുറത്ത് പ്രവർത്തിക്കുന്ന സർക്കാർ സീഡ് ഫാം വക പാടശേഖരത്ത് എ ബ്ലോക്കിൽ നിലം ഒരുക്കുന്ന പണിയിലായിരുന്നു ഹരിദാസൻ. രാവിലെ നിലം ഉഴുതുകൊണ്ടിരിക്കുമ്പോഴാണ് ഇരുമ്പു ചക്രങ്ങൾ വയലിൽ താഴ്ന്നത്. ചായ കുടിച്ച ശേഷം ചക്രങ്ങൾ ഉയർത്താൻ ട്രാക്ടറിൽ കയറിയപ്പോഴാണ് അപകടം.
ഫാമിൽ മറ്റു പണികളിലായിരുന്ന നന്ദകുമാറും ഹെൽപർ പി.പി. ഹുസൈനും ഹരിദാസനെ സഹായിക്കാനായി നിൽക്കുമ്പോഴാണ് സംഭവം.
ഉടൻ തന്നെ തൊഴിലാളികളും ജീവനക്കാരും നാട്ടുകാരും ഓടി എത്തി വലയിലെ ചെളിയിലേക്ക് എടുത്തു ചാടി ട്രാക്ടർ ഉയർത്തി ഹരിദാസനെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. മലപുറം അങ്ങാടിയിൽ നിന്നു ചുമട്ടുതൊഴിലാഴികളും ഓട്ടോ ഡ്രൈവർമാരും ഉൾപ്പെടെ സ്ഥലത്തെത്തി.
നൂറോളം ആളുകൾ ട്രാക്ടർ ഒരു വശത്തേക്ക് ചെരിച്ചു പുറത്ത് എടുക്കമ്പോഴേക്കും 25 മിനിറ്റോളം ഹരിദാസൻ മുട്ടൊപ്പം ചെളിയിൽ മുങ്ങിക്കിടന്നിരുന്നു.
ഈങ്ങാപ്പുഴയിൽ പട്രോളിങ് നടത്തിയിരുന്ന താമരശ്ശേരി എസ്ഐ സജി അഗസ്റ്റിനും സംഘവും വിവരം അറിഞ്ഞ് അപകട സ്ഥലത്ത് കുതിച്ചെത്തി.
ഫയർ ഫോഴ്സ് എത്തിയെങ്കിലും അപ്പോഴേക്കും നാട്ടുകാർ ഹരിദാസനെ പുറത്ത് എടുത്തിരുന്നു. താമരശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ട് മോർട്ടം നടത്തി ഇന്നലെ വൈകിട്ട് വീട്ടിൽ എത്തിച്ചു. അന്ത്യോപചാരം അർപ്പിക്കാൻ വൻ ജനാവലി എത്തി.
സംസ്കാരം ഇന്നു രാവിലെ 9ന് കാരക്കുന്ന് പൊതു ശ്മശാനത്തിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]