
ആ ഭീകരരാത്രി, വീട്ടിലെ 2 നായ്ക്കളും നിർത്താതെ കുരച്ചു; വീട്ടുമുറ്റത്ത് കാട്ടാന, പ്രാണഭയത്തോടെ അകത്തൊരു കുടുംബം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവമ്പാടി ∙ മുറ്റത്തു കാട്ടാന, ഒരു രാത്രി മുഴുവൻ പ്രാണഭയത്തോടെ ഒരു കുടുംബം. കൂടരഞ്ഞി പഞ്ചായത്തിലെ പീടികപ്പാറ വാർഡ് തേനരുവിയിൽ ഏറ്റുമാനൂക്കാരൻ ഏബ്രഹാം ജോസഫും കുടുംബവും നേരം വെളുപ്പിച്ചത് എങ്ങനെയെന്ന് അവർക്കേ അറിയൂ. രാത്രി വീടിന്റെ മുൻവാതിലിനു മുന്നിൽ വരെ കാട്ടാന എത്തി. അതോടെ ലൈറ്റ് അണച്ചു ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു ഏബ്രഹാം ജോസഫും (അവിരാച്ചൻ) കുടുംബവും.
ഈ പ്രദേശത്ത് കാട്ടാനശല്യം ഉണ്ടെങ്കിലും വീടിന്റെ മുന്നിൽ എത്തുന്നത് അപൂർവമാണെന്ന് ഏബ്രഹാം പറഞ്ഞു. രാത്രി 9 മണിയോടെ വീട്ടിലെ 2 നായ്ക്കളും നിർത്താതെ കുരയ്ക്കുന്നതു കേട്ടു വീട്ടുകാർ ജനൽ വഴി പുറത്തേക്ക് നോക്കുമ്പോഴാണ് കാട്ടാന മുറ്റത്തു നിൽക്കുന്നത് കണ്ടത്. അവിരാച്ചന്റെ കൂടെ പിതാവ് ജോസഫും മാതാവ് ആനിയും ഉണ്ടായിരുന്നു.
വീടിന്റെ വാതിലിനു മുൻപിൽ നിർത്തിയിട്ട ജീപ്പിന്റെ അടുത്ത് എത്തിയ കാട്ടാന കുറെ സമയം ഇവിടെ നിന്നു. ആ സമയം ശ്വാസം പോലും അടക്കിപ്പിടിച്ച് ആശങ്കയിൽ ആയിരുന്നെന്ന് ആനി പറഞ്ഞു. കുറെ സമയം അവിടെ നിന്ന ശേഷം വീടിന്റെ ഒരു വശത്തുകൂടി സമീപത്തുള്ള പ്ലാവിന്റെ ചുവട്ടിൽ എത്തിയ കാട്ടാന ചക്ക പറിച്ച് തിന്നാൽ തുടങ്ങി. ഈ സമയം അവിരാച്ചൻ പീടികപ്പാറ സെക്ഷൻ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചു.
പിന്നീട് ആന റോഡിലിറങ്ങി കൃഷിയിടത്തിന്റെ മുകൾ ഭാഗത്തേക്കു പോയി. അവിടെയുള്ള വാഴയും സൗരോർജ വേലിയും നശിപ്പിച്ചു. രാത്രി 11 കഴിഞ്ഞപ്പോൾ താമരശ്ശേരിയിൽ നിന്ന് ആർആർടി സംഘം വീട്ടിൽ എത്തി. സമീപത്ത് ഏതാനും പടക്കം പൊട്ടിച്ച ശേഷം സംഘം തിരിച്ചു പോയി. പുലർച്ചെ 3 മണിയോടെ വീണ്ടും നായ്ക്കളുടെ തുടർച്ചയായ കുരകേട്ട് വീട്ടുകാർ നോക്കുമ്പോൾ ആന പിന്നെയും വീട്ടുമുറ്റത്ത് നിൽക്കുന്നതാണു കണ്ടത്.
പുലർച്ചെ 5 കഴിയുമ്പോൾ പാൽ സൊസൈറ്റിയിലേക്കു പാൽ സംഭരിച്ച് എത്തിക്കേണ്ടത് അവിരാച്ചന്റെ ജീപ്പിൽ ആയിരുന്നു. ജീപ്പിനു സമീപം ആനയുള്ളതിനാൽ എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ. 5.30 ആയപ്പോഴേക്കും ആന വീട്ടുമുറ്റത്ത് നിന്നു താഴേക്ക് ഇറങ്ങി മറുവശത്തേക്ക് പോയി. വീട്ടുമുറ്റത്ത് ഒറ്റയാൻ എത്തിയപ്പോൾ വീടിനു മുകളിലായി 2 ആനകളും അക്കരെ പ്രദേശത്ത് 8 ആനകളും ഉണ്ടായിരുന്നെന്ന് അവിരാച്ചൻ പറഞ്ഞു. ഇന്നലെ രാത്രി വീടിനു മുൻപിലെ ഇഞ്ചിക്കൃഷി ചവിട്ടി നശിപ്പിക്കുകയും സൗരോർജ വേലികൾ തകർക്കുകയും ചെയ്തിട്ടുണ്ട്.
ആനപ്പേടിയിൽ തേനരുവി
തിരുവമ്പാടി∙ കോഴിക്കോട് – മലപ്പുറം ജില്ലകളുടെ അതിർത്തി ഗ്രാമമാണ് തേനരുവി. കൂടരഞ്ഞി, ഊർങ്ങാട്ടിരി, ചാലിയാർ പഞ്ചായത്തുകളുടെ ഫോറസ്റ്റ് അതിർത്തി പ്രദേശം കൂടിയാണ് ഈ സ്ഥലം. സ്ഥിരമായി കാട്ടാനശല്യം ഉണ്ടാകുന്ന ഗ്രാമമായതുകൊണ്ട് ജനങ്ങൾ ദുരിതത്തിലാണ്.
പലപ്പോഴും വനപാലകർ പ്രദേശം സന്ദർശിച്ച് പോകുന്നതല്ലാതെ കാര്യമായ പ്രതിരോധ നടപടികൾ ഒന്നും ഉണ്ടാകാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പുലർച്ചെ കോടമഞ്ഞ് മൂടി നിൽക്കുന്ന വഴികളിലൂടെ ക്ഷീര സംഘത്തിൽ പാൽ കൊടുക്കാൻ പോകുമ്പോൾ പലരും കാട്ടാനയുടെ മുൻപിൽ പെട്ടിട്ടുണ്ട്. കാട്ടാനകളെ സ്ഥിരമായി പ്രതിരോധിക്കാനുള്ള നടപടി ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.