
കാപ്പാട് തീരത്ത് കണ്ടെത്തിയത് കാസ്പിയൻ കടൽക്കാക്ക തന്നെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ തെക്കേ ഇന്ത്യയിൽ അത്യപൂർവമായ കാസ്പിയൻ കടൽക്കാക്കയെ (Caspian Gull) കാപ്പാട് തീരത്തു കണ്ടെത്തി. പക്ഷി ഗവേഷകനായ ഡോ.അബ്ദുല്ല പാലേരിയാണ് കണ്ടെത്തിയത്. ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ തീരത്ത് ഗോവയിൽ മാത്രം കണ്ടുവരുന്ന പക്ഷിയാണെന്ന് ഡോ.അബ്ദുല്ല പാലേരി പറഞ്ഞു.
2020 ഫെബ്രുവരിയിലാണ് കാപ്പാട് തീരത്ത് ഈ കടൽക്കാക്കയെ കണ്ടെത്തിയത്. യൂറോപ്പിലെ കടൽപക്ഷി വിദഗ്ധരുടെ സഹായത്തോടെയാണ് കാസ്പിയൻ കടൽക്കാക്കയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഈ പക്ഷിയുടെ ഫോട്ടോ പക്ഷിനിരീക്ഷകരുടെ വെബ്സൈറ്റായ ഈ-ബേർഡിൽ പ്രസിദ്ധീകരിച്ചു. പ്രശസ്ത പക്ഷിശാസ്ത്രജ്ഞരായ ഓസ്കാർ ക്യാംപ്ബെലും ഹാൻസ് ലാർസണും അതു കാസ്പിയൻ കടൽകാക്കയാണെന്ന് സ്ഥിരീകരിച്ചു.
2025ൽ പുറത്തിറങ്ങിയ ‘ഇന്ത്യയിലെ പക്ഷികൾ : ഒരു പുതിയ സംഗ്രഹം’ എന്ന പുസ്തകത്തിലും കേരളത്തിലെ ആദ്യത്തെ കാസ്പിയൻ കടൽക്കാക്കയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അബ്ദുല്ല പാലേരി പറഞ്ഞു.
കരിങ്കടലിന്റെയും കാസ്പിയൻ കടലിന്റെയും തീരങ്ങളും കസാക്കിസ്ഥാനുമാണ് ഇതിന്റെ സ്വദേശങ്ങൾ. ശിശിരകാലത്ത് ഈ പക്ഷി ഗൾഫ് രാജ്യങ്ങളിലേക്കും ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലകളിലേക്കും ദേശാടനം നടത്താറുണ്ട്. പതിവായി കാണുന്ന സ്റ്റെപ്പി കടൽക്കാക്കയിൽനിന്ന് നേരിയ വ്യത്യാസങ്ങളാണ് കാസ്പിയൻ കടൽക്കാക്കയ്ക്കുള്ളത്.