ബേപ്പൂർ∙ നടുവട്ടം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിലെ വീട്ടിൽനിന്നു 36 പവൻ മോഷണം പോയ കേസിൽ പ്രതി ഫറോക്ക് ക്രൈം സ്ക്വാഡിന്റെ പിടിയിൽ. കഴിഞ്ഞ ദിവസം വിജയവാഡയിലേക്ക് പുറപ്പെട്ട
അന്വേഷണ സംഘത്തിനു ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മോഷണം നടത്തി കടന്ന വിജയവാഡ യാനമലകുണ്ടുരു സ്വദേശിനി തോട്ടാബാനു സൗജന്യയെ(23) മുംബൈയിൽനിന്നു കസ്റ്റഡിയിലെടുത്തത്.
യുവതിയെ ഇന്നു ബേപ്പൂരിൽ എത്തിക്കും. കൂടുതൽ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.
നടുവട്ടം ഐടിഐക്കു സമീപം കാടക്കണ്ടി ശിവരാമന്റെ വീട്ടിൽ നിന്നാണു സ്വർണം നഷ്ടപ്പെട്ടത്. ഇവരുടെ മകൻ അമൃതേഷിന്റെ ഭാര്യയുടെ സുഹൃത്തും സഹപാഠിയുമായ യുവതി പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ കുറച്ചു ദിവസം ഇവരുടെ വീട്ടിൽ താമസിച്ചിരുന്നു. ജൂലൈ 19ന് യുവതി തിരിച്ചുപോയി ദിവസങ്ങൾ കഴിഞ്ഞ ശേഷം കിടപ്പുമുറിയിലെ അലമാര തുറന്നു നോക്കിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട
വിവരം കുടുംബം അറിഞ്ഞത്. യുവതി പഠിക്കുന്ന ബെംഗളൂരുവിലെ കോളജിലും താമസസ്ഥലത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്നാണു പൊലീസിൽ പരാതി നൽകിയത്.
ബേപ്പൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഫറോക്ക് എസിപി എ.എം.സിദ്ദിഖിന്റെ കീഴിലെ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ മോഷണത്തിനു ശേഷം യുവതി ആഫ്രിക്കയിലെ ടാൻസനിയയിലേക്ക് കടന്നതായി വിവരം ലഭിച്ചിരുന്നു. തനിക്ക് ഗുജറാത്തിൽ പട്ടാളത്തിൽ ജോലി കിട്ടിയെന്നും ഇനി പഠനത്തിനു വരില്ലെന്നും പറഞ്ഞു കോളജ് അധികൃതരെ വിശ്വസിപ്പിച്ചാണ് മോഷ്ടിച്ച സ്വർണം വിറ്റും പണയം വച്ചും കിട്ടിയ പണം കൊണ്ടാണ് രാജ്യം വിട്ടു ടാൻസനിയയിലെ ബന്ധുവിന്റെ അടുത്തേക്ക് പോയത്.
കഴിഞ്ഞ 6ന് തിരിച്ചെത്തിയ യുവതി വഡോദരയിൽ സഹോദരിയുടെ കൂടെ ഹോസ്റ്റലിൽ കഴിയുകയായിരുന്നു.
വിജയവാഡയിൽ എത്തിയപ്പോഴാണ് അന്വേഷണ സംഘത്തിനു ഈ നിർണായക വിവരം ലഭിച്ചത്. ഇതിനിടെ യുവതി വഡോദരയിൽ നിന്നു മുംബൈയിലേക്കു പോയിരുന്നു.
അവിടെ നിന്നു ഹൈദരാബാദിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് 3 സംഘങ്ങളായി നിലയുറപ്പിച്ച ക്രൈം സ്ക്വാഡും ബേപ്പൂർ പൊലീസും ചേർന്നു മുംബൈ എയർപോർട്ട് പരിസരത്തു നിന്നു പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ മോഷ്ടിച്ച ബാക്കി സ്വർണം സംബന്ധിച്ച് വ്യക്തത വരൂ എന്നു പൊലീസ് സൂചിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]