
കോഴിക്കോട് ∙ പ്രശസ്ത ആർക്കിടെക്ട് ആർ.കെ.രമേഷ് (79) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11.30 ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.
പരിസ്ഥിതിയോട് ചേർന്നുനിൽകുന്ന രൂപകൽപനയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
കോഴിക്കോട്ടെ ശ്രദ്ധേയമായ പല നിർമിതികൾക്ക് പിന്നിലും രമേഷിന്റെ കയ്യൊപ്പ് കാണാം. മാനാഞ്ചിറ ചത്വരം, ബീച്ച് നവീകരണത്തിന്റെ ആദ്യ ഘട്ടം, കോർപ്പറേഷൻ സ്റ്റേഡിയം രണ്ടാം ഘട്ടം, സരോവരം പാർക്ക്, ബേബി മെമ്മോറിയൽ ആശുപത്രി അങ്ങനെ അത് നീളുന്നു.
തിരൂർ തുഞ്ചൻ സ്മാരകം, തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമി, രാജീവ് ഗാന്ധി അക്കാദമി, കണ്ണൂരിലെ നായനാർ അക്കാദമി തുടങ്ങി സംസ്ഥാനത്തെ പലയിടങ്ങളിലെയും രൂപകൽപന ഏറ്റെടുത്തു.
മലപ്പുറം കോട്ടക്കുന്ന് പാർക്ക്, വടകരയിലെ ക്രാഫ്റ്റ് വില്ലേജ്, ധർമ്മടം ദ്വീപ് വികസനം, മുഴുപ്പിലങ്ങാട് ബീച്ച് വികസനം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ്, മഞ്ചേരിയിലെ ഫുട്ബോൾ അക്കാദമി, സ്പോർട്സ് കോംപ്ലക്സ്, കറുകുറ്റിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്റർ, വിവിധ റബ്കോ പ്രോജക്ടുകൾ, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളജ് കെട്ടിടം തുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കി. കേരള സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചർ ബിരുദം നേടിയ അദ്ദേഹം 55 വർഷത്തിലേറെയായി കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചുവന്നത്.
ഷെൽട്ടർ – ഗൈഡൻസ് സെന്റർ ഫോർ കോസ്റ്റ് എഫക്റ്റീവ് സിസ്റ്റംസ് ഓഫ് കൺസ്ട്രക്ഷൻ ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. ചെലവു കുറഞ്ഞ നിർമ്മാണത്തിനുള്ള സൗജന്യ ഉപദേശങ്ങൾ നൽകുന്ന ചാരിറ്റബിൾ സൊസൈറ്റിയായ ‘ഭവന’ത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു.
2010-ൽ ‘നിർമാൺ പ്രതിഭ’ പുരസ്കാരം ലഭിച്ചു. 1989-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റിന്റെ ആദ്യത്തെ ദേശീയ വാസ്തുവിദ്യാ പുരസ്കാരം നേടി.
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സിന്റെ ചെലവു കുറഞ്ഞ വീടുകൾക്കുള്ള മികവിനുള്ള പുരസ്കാരം, കേരള സർക്കാർ സ്പോൺസർ ചെയ്യുന്ന ഓൾ ഇന്ത്യ ലോ കോസ്റ്റ് ഹൗസിങ് മത്സരത്തിൽ ഒന്നാം സമ്മാനം. 2004-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സിന്റെ ദക്ഷിണ മേഖലാ സമ്മേളനത്തിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]