
കണ്ണീർമഴയത്ത്…; ആഞ്ഞു വീശിയ കാറ്റിൽ പലയിടങ്ങളിലും നാശനഷ്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നാദാപുരം∙ പേമാരിക്കിടയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ആഞ്ഞു വീശിയ കാറ്റിൽ പലയിടങ്ങളിലും നാശനഷ്ടം വ്യാപകം. വളയം, വാണിമേൽ പഞ്ചായത്തുകളെയാണ് കാറ്റ് കാര്യമായി ബാധിച്ചത്. മാമുണ്ടേരി പള്ളിക്കു സമീപത്തെ തുണ്ടിയിൽ അന്ത്രു ഹാജിയുടെ വീടിനു മുകളിലേക്ക് കൂറ്റൻ മാവ് കടപുഴകി വീടിനു കാര്യമായ നഷ്ടം സംഭവിച്ചു. മേൽക്കൂരയിലെ ഓടുകളും കഴുക്കോലും മറ്റും തകർന്നു. ചെറുമോത്തെ 2 വാർഡുകളിലായി ഇരുപതിലേറെ വീടുകൾക്ക് കാറ്റിൽ നഷ്ടമുണ്ട്. ഓണപ്പറമ്പത്ത് ഹമീദിന്റെ വീടിന്റെ മതിലുകളും ഗേറ്റും മരങ്ങൾ വീണു തകർന്നു.
പുത്തൻപീടികയിൽ അബൂബക്കറുടെ വീടിനോടു ചേർന്നുള്ള കാർ ഷെഡ്ഡിനും മതിലിനും മരം വീണു തകരാർ നേരിട്ടു. പുത്തൻപീടികയിൽ കുഞ്ഞമ്മദ്കുട്ടി ഹാജിയുടെ വീടിന്റെ ഓടുകൾ കാറ്റിൽ പറന്നുപോയി. തയ്യുള്ളതിൽ നാരായണിയുടെയും വടക്കേപറമ്പത്ത് രാധയുടെയും വീടുകളിലേക്കു മരം വീണു. ഓണപ്പറമ്പ് വൈദ്യുതി ട്രാൻസ്ഫോമർ തെങ്ങു വീണു തകരാറിലായി.മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി.എം.വി.അബ്ദുൽ ഹമീദിന്റെ വീടിന്റെ ഷീറ്റ് മാവു വീണു തകർന്നു.
കുഞ്ഞിപ്പീടികയിൽ റസിയ, ഓണപ്പറമ്പത്ത് രാജൻ, കുറുങ്ങോട്ട് മൊയ്തു, കുറുങ്ങോട്ട് ഖദീജ, പുനത്തിൽ ഉമർ, കൂടത്തിൽ സുധാകരൻ, മണങ്ങാട്ട് സാറ, വടക്കെപറമ്പത്ത് രാധ, തെക്കുംതറമൽ സുബൈദ, സഹോദരങ്ങളായ പള്ളിക്കണ്ടി മജീദ്, പള്ളിക്കണ്ടി പോക്കർ, കുഞ്ഞാലി എന്നിവരുടെ കാർഷിക വിളകൾക്കും വീടുകൾക്കും കാറ്റിൽ വലിയ നഷ്ടമുണ്ട്. കൈതക്കൽ വിജയന്റെ കൂറ്റൻ ജാതി മരം കടപുഴകി. വാർഡ് മെംബർമാരായ നസീമ നാരോന്റവിട, എൻ.റൈഹാനത്ത് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. വാണിമേൽ കോടിയൂറ എൽപി സ്കൂളിനു സമീപം തെങ്ങു വീണു. വാണിമേൽ വേർക്കടവിൽ കണിയാങ്കണ്ടി ശംസുദ്ദീന്റെ വീടിന്റെ ഷീറ്റിട്ട മേൽക്കൂര തകർന്നു.
വൈദ്യുത ലൈനുകളും തൂണുകളും പലയിടങ്ങളിലായി പൊട്ടിവീണു. ഭൂമിവാതുക്കൽ താഴങ്ങാടിയിൽ നാരായണങ്കണ്ടി കുഞ്ഞാലിയുടെ വീടിനു സമീപമുള്ള തേക്കു മരം കടപുഴകി മതിലിനോട് ചേർന്ന വീണ് നാശനഷ്ടങ്ങളുണ്ടായി.പീറ്റയുള്ള പറമ്പത്ത് മുഹമ്മദിന്റെ തേക്ക് കടപുഴകി. സമീപത്തെ പ്ലാവിനു തകരാറു പറ്റി. നടുവിലക്കണ്ടി കുഞ്ഞാബ്ദുല്ലയുടെ വീടിന്റെ ഷീറ്റുകൾ കാറ്റിൽ ഇളകിപ്പോയി. ഒന്തത്ത് മുജീബിന്റെ വീട്ടിൽ കമുകും പ്ലാവും പൊട്ടി വീണു. വിലങ്ങാട് റോഡിൽ മരക്കമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടെങ്കിലും ഉടൻ മുറിച്ചു മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.
മലവെള്ളപ്പാച്ചിൽ;ചേട്യാലക്കടവ് പാലം പണി ഭാഗത്ത് മണ്ണിടിച്ചിൽ
തൂണേരി∙ മയ്യഴിപ്പുഴയിലെ മലവെള്ളപ്പാച്ചിലിനെ തുടർന്നു ചേട്യാലക്കടവ് പാലം പണി നടക്കുന്ന ഭാഗത്തു മണ്ണിടിച്ചിൽ വ്യാപകം. ചെമ്പോലത്തിൽ പുരുഷുവിന്റെ വീടിനു സമീപം മരം പുഴയിലേക്കു പതിച്ചു. വൈദ്യുത കേബിൾ മുറുകി തൂണൊടിഞ്ഞു വീണു. പുരുഷുവിന്റെ വീട്ടിലെ കോഴിക്കൂടു തകർന്നു. ഈ ഭാഗത്തു വൈദ്യുതി വിതരണം താറുമാറായി. കെഎസ്ഇബി അധികൃതർ എത്തിയെങ്കിലും തകർന്ന തൂണുമായി ബന്ധിപ്പിച്ച വൈദ്യുത കേബിളിന്റെ ഒരറ്റം പുഴയ്ക്ക് അക്കരെ ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിലായതിനാൽ പണി പൂർത്തിയാക്കാനായിട്ടില്ല.
കല്ലാച്ചേരി കടവിനു സമീപം കാട്ടിൽ ഹരീഷ്കുമാറും കുടുംബവും താമസിക്കുന്ന വീടിനു മുകളിലേക്കു മരം വീണു വീടിന്റെ പിൻവശത്തു നാശനഷ്ടം നേരിട്ടു. പഞ്ചായത്ത് പ്രസിഡന്റ് സുധാ സത്യൻ, വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് തുടങ്ങിയവർ വീട്ടിലെത്തി.