
ചെറുപുഴയിൽ വെള്ളത്തിനു നിറംമാറ്റം; മഞ്ഞയും ചുവപ്പും നിറത്തിലുള്ള പാടയും ദ്രാവക സാന്നിധ്യവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവൂർ ∙ ചാലിയാറിന്റെ പോഷകനദിയായ തെങ്ങിലക്കടവ് ചെറുപുഴ മലിനമയം. പുഴ വെള്ളത്തിനു പൊടുന്നനെയുണ്ടായ നിറം മാറ്റത്തിൽ വ്യാപക ആശങ്ക. പുഴയിൽ മഞ്ഞയും ചുവപ്പും നിറത്തിലുള്ള പാടയും ദ്രാവക സാന്നിധ്യവുമുണ്ട്. ആദ്യ ദിനത്തിൽ എണ്ണ കലർന്ന പോലെയും പിന്നീട് ഇതു പച്ച കലർന്ന നിറത്തിലാകുകയും ചെയ്തതായി പ്രദേശവാസികൾ പറഞ്ഞു. വെള്ളത്തിന് അസാധാരണമായ കൊഴുപ്പുമുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ചെറുപുഴയുടെ ചെത്തുകടവ് ഭാഗത്തു നിന്നു വെള്ളം ശേഖരിച്ച് നടത്തിയ പരിശോധനയിൽ വർധിത അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ പുഴയിൽ ബ്ലൂ ഗ്രീൻ ആൽഗയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന്റെ സാന്നിധ്യവും പുഴയിൽ വർധിച്ചിട്ടുണ്ട്. പുഴയിൽ പല ഭാഗങ്ങളിലായി വൻതോതിൽ മാലിന്യങ്ങളും അടിഞ്ഞു കൂടിയിട്ടുണ്ട്. പുഴ വെള്ളത്തെ ആശ്രയിച്ച് ഒട്ടേറെ കുടിവെള്ള പദ്ധതികളും ജലസേചന പദ്ധതികളുമുണ്ട്.
കൃത്യമായ പരിശോധന നടത്തി വെള്ളത്തിൽ കലർന്ന വിഷാംശം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അഴുകിയ സസ്യ ഭാഗങ്ങൾ, മൃഗങ്ങളുടെ വിസർജ്യം, ജൈവ – രാസ വളങ്ങൾ എല്ലാം ശക്തമായ വേനൽ മഴയിൽ പുഴയിൽ എത്തുന്നതും ഇരുമ്പ്, മാംഗനീസ് തുടങ്ങി മറ്റു ധാതു ലവണങ്ങൾ അടങ്ങിയ മേൽമണ്ണ് പുഴയിൽ പതിക്കുന്നതും വെള്ളത്തെ ബാധിക്കുമെന്ന് ജല അതോറിറ്റി ക്വാളിറ്റി കൺട്രോൾ വിഭാഗം റിട്ട സീനിയർ കെമിസ്റ്റ് എം.ജി.വിനോദ് കുമാർ മങ്ങത്തായ പറഞ്ഞു. പുഴയിലെ വെള്ളം ഒരു തരത്തിലും നേരിട്ട് ഉപയോഗിക്കരുത്. അരിച്ചെടുത്ത് തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും അറിയിച്ചു.