നടുവണ്ണൂർ ∙ അപ്രോച്ച് റോഡ് ഇനിയും ആയില്ല, പണി പൂർത്തീകരിച്ചിട്ടും കൊയമ്പ്രത്തു കണ്ടി കടവ് പാലം നാട്ടുകാർക്ക് ഉപകരിക്കുന്നില്ല. ഉള്ളിയേരി , നടുവണ്ണൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു രാമൻ പുഴയ്ക്കു കുറുകെ പാലം എന്നത് അയനിക്കാട് തുരുത്തിലെ കുടുംബങ്ങളുടെ വലിയ സ്വപ്നമായിരുന്നു.
പാലത്തിലൂടെ പുഴ കടക്കാനാകാതെ എന്നു തീരും ഈ യാത്രാ ദുരിതം എന്ന് ചോദിക്കുകയാണ് അയനിക്കാട് പ്രദേശത്തുള്ളവർ.
ഉള്ളിയേരി പഞ്ചായത്ത് ഭാഗത്ത് അപ്രോച്ച് റോഡ് ഭാഗികമായി പണിതിട്ടുണ്ട്. പാലത്തിലേക്ക് ഭിത്തി നിർമിച്ചിട്ടുണ്ട്.
മണ്ണ് ഇറക്കി നിരത്തിയിട്ടില്ല. ടാറിങ്ങും ബാക്കിയുണ്ട്.
എന്നാൽ നടുവണ്ണൂർ പഞ്ചായത്ത് പരിധിയിലെ അയനിക്കാട് തുരുത്ത് ഭാഗത്ത് അപ്രോച്ച് റോഡ് നിർമിക്കുന്നതിനു വേണ്ടി നൂറോളം ലോഡ് മണ്ണ് എത്തിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിനു മുൻപാണ് ഇത് നടന്നത്. തുടർ പ്രവൃത്തി നടന്നിട്ടില്ല.
സ്കൂൾ കുട്ടികളടക്കം അയനിക്കാട് പ്രദേശത്തുകാർ പാലത്തിലേക്ക് കയറിയിരുന്നത് ഇരുമ്പ് കോണി വച്ചായിരുന്നു. മണ്ണ് ഇറക്കിയതോടെ അതിനു പരിഹാരമായി.
വീട് നിർമാണത്തിനും മറ്റും ആവശ്യമായ സാധന സാമഗ്രികൾ പാലം സാക്ഷിയാക്കി തോണിയിൽ കടത്തേണ്ട
ഗതികേടിലാണ് നാട്ടുകാർ. അയനിക്കാട് കോട്ടക്കൽ ഭാഗം വരെ 80 മീറ്റർ വരെയാണ് അപ്രോച്ച് റോഡ് നിർമിക്കാനുള്ളത്.
ഇതിനാവശ്യമായ ഭൂമി സ്ഥലം ഉടമകൾ നേരത്തെ വിട്ടു നൽകിയതാണ്. ഇതിന്റെ അക്വിസിഷൻ നടപടികൾ പൂർത്തികരിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പാലത്തിന്റെ ഇരുവശത്തും 80 മീറ്റർ നീളത്തിൽ റോഡ് പണിയണം.
3 ഭാഗവും പുഴയാൽ ചുറ്റപ്പെട്ട പ്രദേശമാണ് അയനിക്കാട്.
അപ്രോച്ച് റോഡ് എത്തുന്ന കോട്ടക്കൽ മുതൽ നടുവണ്ണൂർ പഞ്ചായത്തിലെ മന്ദങ്കാവ് മക്കാട്ട് താഴെ വരെ നിലവിൽ റോഡില്ല. കാടും ചെളിയും നിറഞ്ഞ നാട്ടുവഴികളിലൂടെ വേണം ആളുകൾക്ക് ഇന്നും വഴി നടക്കാൻ.
മഴക്കാലത്ത് വെള്ളം പൊങ്ങി പ്രദേശം ഒറ്റപ്പെടാറുണ്ട്.
മഴ കനത്താൽ ഇവിടെയുള്ള കുടുംബങ്ങളെ മറ്റിടങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുക പതിവാണ്. കഴിഞ്ഞ നടുവണ്ണൂർ പഞ്ചായത്ത് ഭരണ സമിതി നേതൃത്വത്തിൽ പ്രദേശത്തെ സ്ഥലം ഉടമകളുമായി റോഡ് നിർമിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.
14 പേരിൽ എട്ടു പേർ മാത്രമാണ് സമ്മത പത്രം നൽകിയത്.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും നടുവണ്ണൂർ പഞ്ചായത്തും റോഡു നിർമാണത്തിന് ഫണ്ടും അനുവദിച്ചിരുന്നു. നാലു കോടി മുപ്പത് ലക്ഷം രൂപ ചെലവിൽ 59.4 മീറ്റർ നീളവും ഒരു ഭാഗത്ത് നടപ്പാത അടക്കം 8.7 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്.
കഴിഞ്ഞ മേയിലാണ് പാലം പണി പൂർത്തീകരിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

