താമരശ്ശേരി∙ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഓമശ്ശേരി പഞ്ചായത്ത് മെംബറും സമരസമിതി അംഗവുമായ ഷീജ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കമ്പനി അധികൃതർക്ക് കോടതി നോട്ടിസ് നൽകി. കോടതി ഇന്നലെ ദൂതൻ മുഖേനയാണ് പ്ലാന്റ് അധികൃതർക്ക് നോട്ടിസ് നൽകിയത്.ഹർജി അടിയന്തര പ്രധാന്യത്തോടെ വിധി പറയാനായി 18നു വച്ചിരിക്കുകയാണ്.
ഇതിന്റെ മുന്നോടിയായാണ് പ്ലാന്റ് അധികൃതർക്ക് നോട്ടിസ് നൽകിയത്. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന പ്ലാന്റിന് ലൈസൻസ് പുതുക്കി നൽകിയ എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടറുടെയും പൊലൂഷൻ കൺട്രോൾ ബോർഡിന്റെയും നടപടി ചോദ്യം ചെയ്തുകൊണ്ടാണ് ഷീജ ഹൈക്കോടതിയെ സമീപിച്ചത്.
ഫ്രഷ് കട്ട് സംഘർഷം:ഒരാൾകൂടി അറസ്റ്റിൽ
അമ്പായത്തോട് ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
കൂടത്തായി വെളിമണ്ണ പുറായിലൽ മുഹമ്മദ് റാഷിഖിനെ(30) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫാക്ടറി അടിച്ചുതകർക്കുകയും തീ വയ്പ് നടത്തുകയും ചെയ്ത കേസിൽ മുഹമ്മദ് റാഷിഖ് പ്രതിയാണന്ന് പൊലീസ് പറഞ്ഞു. ഫാക്ടറി തീവയ്പു കേസിൽ ആദ്യ പ്രതിയാണ് പിടിയിലായത്.
താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേട്ട് റിമാൻഡ് ചെയ്തു.
നിരാഹാര സമരം നാലാം ദിവസത്തിലേക്ക്; പിന്തുണയുമായി സംഘടനകൾ
ശുദ്ധവായുവും ശുദ്ധജലവും ആവശ്യപ്പെട്ട് സംയുക്ത സമര സമിതി നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ നടത്തി വരുന്ന നിരാഹാര സമരം ഇന്നു നാലാം ദിവസത്തിലേക്ക്. സംഘടനാ പ്രതിനിധികൾ ഇന്നലെ സമരപ്പന്തലിൽ എത്തി ഉപവാസത്തിന് ഐക്യദാർഢ്യം അർപ്പിച്ചു. തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അസ്ലം ബേക്കർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷ്റഫ്, കെ.കെ.ഹംസ ഹാജി, ദേവസ്യ കാളംപറമ്പിൽ, വി.ഡി.ജോസഫ്, കോയക്കുട്ടി, പി.പി.ഗഫൂർ, തമ്പി പറകണ്ടത്തിൽ, ബാലകൃഷ്ണൻ പുല്ലങ്ങോട്, വി.പി.സാജിത, നവീൻ പറശ്ശേരി, ഉബൈദ്, അബ്ദുൽ സത്താർ എന്നിവർ പ്രസംഗിച്ചു.
പിതാവിന്റെ നിരാഹാര സമരത്തിന് പിന്തുണയുമായി മക്കൾ സമരപ്പന്തലിൽ
നിരാഹാരം അനുഷ്ഠിക്കുന്ന പിതാവിന് പിന്തുണ അർപ്പിച്ച് മക്കൾ സമരപ്പന്തലിൽ.
ഫ്രഷ് കട്ട് കോഴിയറവ് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി അമ്പലമുക്കിലാണ് സമരം നടത്തുന്നത്. നിരാഹാരം അനുഷ്ഠിക്കുന്ന കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറയുടെ മക്കളായ അലനി ബിജുവും അമിക ബിജുവുമാണ് ഇന്നലെ രാവിലെ അമ്മ ഗോൾഡയ്ക്കൊപ്പം സമരപ്പന്തലിൽ എത്തിയത്.
അലനി നാലാം ക്ലാസ് വിദ്യാർഥിനിയും അമിക രണ്ടാം ക്ലാസ് വിദ്യാർഥിയുമാണ്. ഇന്നലെയും വിവിധ സംഘടന പ്രതിനിധികളും മറ്റും സമരപ്പന്തലിൽ എത്തി ജനകീയ സമരസമിതി പ്രവർത്തകർക്കും നിരാഹാരം അനുഷ്ഠിക്കുന്ന ബിജു കണ്ണന്തറയ്ക്കും ഐക്യദാർഢ്യം അർപ്പിച്ചു.
നിരാഹാര സമരം ഇന്നലെ 3 ദിവസം പിന്നിട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

