രാമനാട്ടുകര∙ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിൽ 500 രൂപയുടെ 57 കള്ളനോട്ടുകളുമായി രണ്ടു വിദ്യാർഥികളുൾപ്പെടെ 5 പേർ അറസ്റ്റിൽ. വ്യാജനോട്ട് അച്ചടിച്ച 30 പേപ്പർ ഷീറ്റുകളും പ്രിന്ററും പിടിച്ചെടുത്തു. രാമനാട്ടുകര വൈദ്യരങ്ങാടി മേത്തിൽതൊടി കണ്ണന്തറ ദിജിൻ(19), മലപ്പുറം മൊറയൂർ അരിമ്പ്ര ഭരണിക്കുന്ന് അതുൽ കൃഷ്ണ(19), അരീക്കോട് തെരട്ടമ്മൽ തിരുത്തിപറമ്പിൽ അംജത് ഷാ(19), തെരട്ടമ്മൽ ഊർങ്ങാട്ടിരി തയ്യിൽ അഫ്നാൻ(19), മുക്കം നെല്ലിക്കാപറമ്പ് കയ്യൂന്നുമ്മൽ സാരംഗ്(20)എന്നിവരെയാണ് എസിപി ക്രൈം സ്ക്വാഡും ഫറോക്ക് പൊലീസും ചേർന്നു പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞദിവസം രാമനാട്ടുകര ബവ്റിജസ് ഔട്ലെറ്റിൽ ലഭിച്ച 500 രൂപയുടെ നോട്ട് വ്യാജമാണെന്നു സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ നൽകിയ വിവരത്തെത്തുടർന്നാണ് സംഘത്തെ പിടികൂടിയത്. ഫറോക്ക് എസിപി എ.എം.സിദ്ദിഖിന്റെ കീഴിലുള്ള ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ നോട്ടുകൾ വൈദ്യരങ്ങാടി സ്വദേശി ദിജിൻ വിതരണം ചെയ്തതാണെന്നു തിരിച്ചറിഞ്ഞു.ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ദിജിനെ കസ്റ്റഡിയിലെടുത്ത ശേഷം വീട്ടിൽ നടത്തിയ റെയ്ഡിൽ 500 രൂപയുടെ 37 കള്ളനോട്ടുകൾ കണ്ടെത്തി.
ദിജിന് കള്ളനോട്ട് നൽകിയ അതുൽ കൃഷ്ണയുടെ മൊറയൂരിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ 500 രൂപയുടെ 20 നോട്ടുകൾ കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാൻ എന്നിവരാണ് കള്ളനോട്ട് നിർമിക്കുന്നതെന്ന് വ്യക്തമായത്.
അംജത് ഷായുടെ വീട്ടിൽനിന്ന് 500 രൂപയുടെ നോട്ടുകൾ പ്രിന്റ് ചെയ്ത 30 എ–ഫോർ ഷീറ്റ് പേപ്പറുകൾ എന്നിവ പിടിച്ചെടുത്തു.
പിന്നീടാണ് കള്ളനോട്ടുകൾ വിതരണം ചെയ്യുന്ന സാരംഗിനെക്കുറിച്ച് വിവരം ലഭിച്ചത്. മുക്കം മണാശ്ശേരിയിലെ സാരംഗിന്റെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ കള്ളനോട്ട് നിർമാണത്തിന് ഉപയോഗിച്ച പ്രിന്ററും കണ്ടെടുത്തു.
അംജത് നഴ്സിങ് വിദ്യാർഥിയും അഫ്നാൻ ബിഎ വിദ്യാർഥിയുമാണ്. ഫറോക്ക് എസ്ഐമാരായ ടി.എം.സജിനി, എം.കെ.മിഥുൻ, എസിപി സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ പി.അരുൺകുമാർ, സീനിയർ സിപിഒമാരായ ഐ.ടി.വിനോദ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സിപിഒമാരായ സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

