കോഴിക്കോട് ∙ മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും ഫോണും കവർന്ന കേസിലെ ആറാം പ്രതി പിടിയിൽ. കട്ടിപ്പാറ തലയാട് സ്വദേശി പെരുന്തൊടി വീട്ടിൽ ജിതിനെ (34) ആണ് ചേവായൂർ പൊലീസ് പിടികൂടിയത്.
ഈ കേസിൽ ഉൾപ്പെട്ട മാവൂർ കായലം സ്വദേശി ചന്ദനക്കണ്ടിമീത്തൽ ഷഹർ (31), തൃശൂർ ചാവക്കാട് സ്വദേശി പെരിങ്ങാട്ട് വീട്ടിൽ വിമൽ (39), പൂവാട്ടുപറമ്പ് സ്വദേശി കളരിപ്പുരയിൽ ഹർഷാദ് (28), വെസ്റ്റ് ഹിൽ സ്വദേശി ചെട്ടിത്തോപ്പ് പറമ്പിൽ സർജാസ് ബാബു (39) എന്നിവരും ഒരു ജുവനൈൽ പ്രതിയും അടക്കം 5 പേരെ നേരത്തെ പിടികൂടിയിരുന്നു.
ജൂൺ 4ന് രാത്രിയാണ് സംഭവം.
പറമ്പിൽ സ്വദേശിയായ മജീദ് സ്കൂട്ടറിൽ പോകുന്നതിനിടെ, കനാൽ ബസ് സ്റ്റോപ്പിനു സമീപത്തുവച്ച് കാറിൽ എത്തിയ പ്രതികൾ സ്കൂട്ടർ തടഞ്ഞ് നിർത്തി ബലം പ്രയോഗിച്ച് മജീദിനെ കാറിലേക്ക് വലിച്ചു കയറ്റുകയും പെരുവയൽ എന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി മർദിക്കുകയുമായിരുന്നു. മജീദിന്റെ പേഴ്സിലുണ്ടായിരുന്ന 9,000 രൂപയും മജീദിന്റെ മൊബൈലിൽ ഫോണിൽനിന്ന് 18000 രൂപ ഗൂഗിൾ പേ വഴി അയപ്പിക്കുകയും ചെയ്തു.
കൂടാതെ മജീദിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും വീടിന്റെ താക്കോൽ ബലം പ്രയോഗിച്ച് എടുക്കുകയും ചെറുവറ്റയിലുള്ള മജീദിന്റെ വീട്ടിൽ പോയി വീട് തുറന്ന് മൊബൈലും വീട്ടിലെ ഷോക്കേസിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നു. ചേവായൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് സിസിടിവി ദൃശ്യങ്ങളുടെയും സൈബർ സെല്ലുമായി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പിടിയിലായ ജിതിനെതിരെ താമരശേരി പൊലീസ് സ്റ്റേഷനിലും കേസുണ്ട്. ആറുമാസം മുൻപ് വരട്യാക്കിൽ വച്ച് വിദേശ മദ്യവും ലഹരിമരുന്നുമായി സർജാസ് ബാബുവിനെ കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ വിവരം പൊലീസിന് പറഞ്ഞുകൊടുത്തത് മജീദ് ആണെന്നുള്ള സംശയം കൊണ്ടാണ് പ്രതികൾ മജീദിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]