
കോഴിക്കോട്∙ രാജ്യത്തിന്റെ വൈവിധ്യങ്ങളെ തച്ചുടച്ച് ഏകതകളിലേക്ക് ചുരുക്കാനുള്ള ഒരു ശ്രമവും അനുവദിക്കരുതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വെസ്റ്റ്ഹിൽ വിക്രം മൈതാനത്ത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ജില്ലാതല ആഘോഷത്തിൽ ദേശീയപതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ 8.50 ന് പൊലീസ് അകമ്പടിയോടെ മൈതാനത്ത് എത്തിയ മന്ത്രിയെ കലക്ടർ സ്നേഹിൽ കുമാർ സിങ്, സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ, റൂറൽ പൊലീസ് മേധാവി കെ.ഇ.ബൈജു എന്നിവർ സ്വീകരിച്ചു. പ്രത്യേക വേദിയിൽ രാവിലെ 9ന് മന്ത്രി ദേശീയപതാക ഉയർത്തി.
പെരുമഴയെ അവഗണിച്ച് തുറന്ന ജീപ്പിൽ സഞ്ചരിച്ച് മന്ത്രി പരേഡ് പരിശോധിച്ചു.
26 പ്ലറ്റൂണുകളുടെ അഭിവാദ്യം സ്വീകരിച്ചു. എം.കെ.രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് പി.ഗവാസ്, സബ് കലക്ടർ ഗൗതം രാജ്, എഡിഎം പി.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പരേഡ് കമാൻഡർ ഫറോക്ക് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ വിവിധ സേനാവിഭാഗങ്ങൾ അണിനിരന്നു. സെന്റ് വിൻസന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ദേശഭക്തി ഗാനവും പ്രോവിഡൻസ് ഗേൾസ് എച്ച്എസ്എസ്, പ്രോവിഡൻസ് കോളജ് വിദ്യാർഥികൾ നൃത്തശിൽപവും അവതരിപ്പിച്ചു.
ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളുടെ യോഗാ പ്രദർശനവും ഉണ്ടായി.
പരേഡ്: ഡിഎച്ച്ക്യു, എൻസിസി സീനിയർ ഗേൾസ് ജേതാക്കൾ
കോഴിക്കോട്∙ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ സേനാ വിഭാഗത്തിൽ റിസർവ് സബ് ഇൻസ്പെക്ടർ ഇ.കെ.രമേശൻ നയിച്ച പൊലീസ് സിറ്റി ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സും (ഡിഎച്ച്ക്യു) വിദ്യാർഥികളുടെ വിഭാഗത്തിൽ കമാൻഡർ എം.സ്വാതിക നയിച്ച എൻസിസി സീനിയർ ഗേൾസും മികച്ച പ്ലറ്റൂണുകളായി തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ട്രോഫികൾ നൽകി.
സേനാ വിഭാഗത്തിലും വിദ്യാർഥി വിഭാഗത്തിലുമായി 26 വിവിധ പ്ലറ്റൂണുകൾ പങ്കെടുത്തു.
റൂറൽ ഡിഎച്ച്ക്യു, സിറ്റി ലോക്കൽ പൊലീസ്, ലോക്കൽ പൊലീസ് വനിത, എക്സൈസ്, വനം, ഫയർ ആൻഡ് റസ്ക്യൂ, എൻസിസി ആർമി സീനിയർ ബോയ്സ്, എൻസിസി ആർമി സീനിയർ ഗേൾസ്, എൻസിസി സീനിയർ ഗേൾസ്, എൻസിസി സീനിയർ നേവി, എൻസിസി ജൂനിയർ നേവി, എൻസിസി ബോയ്സ് ജൂനിയർ, എൻസിസി ഗേൾസ് സീനിയർ, എസ്പിസി മാവൂർ, എസ്പിസി ബേപ്പൂർ, എസ്പിസി പെരുമണ്ണ, എസ്പിസി കോഴിക്കോട് റൂറൽ, സ്കൗട്ട്സ്, ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് സിവിൽ ഡിഫൻസ്, കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലാേ ഇന്ത്യൻ ബാൻഡ് ടീം എന്നീ പ്ലറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്.
ആഘോഷത്തിലെ താരമായി കലക്ടറുടെ മകൾ
കോഴിക്കോട്∙ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ജില്ലാതല പരിപാടിയിൽ പതാക ഉയർത്താനെത്തിയ മന്ത്രി പി.എ.മുഹമ്മദ് റിയാസിനുനേരെ കുഞ്ഞുകൈ നീട്ടിയ വാവയായിരുന്നു ഇന്നലെ താരം. കലക്ടർ സ്നേഹിൽകുമാർ സിങ്ങിന്റെ മകൾ രണ്ടര വയസ്സുകാരി അനൈഷയാണു സ്വാതന്ത്ര്യദിനത്തിലെ താരമായത്. കലക്ടറുടെ കയ്യിലിരുന്ന് അനൈഷ കുഞ്ഞുപതാക വീശിയാണ് സ്വാതന്ത്ര്യദിന പരിപാടികൾ കണ്ടത്.
മന്ത്രിയും എംഎൽഎയും എംപിയും മുതൽ വേദിയിലെ പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരും കുഞ്ഞ് അനൈഷയ്ക്ക് ആശംസകൾ നേർന്നു. കലക്ടറുടെ ഭാര്യ അഷ്മിത ചോപ്രയും ചടങ്ങുകളിൽ പങ്കെടുക്കാനെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]