
പെരുവണ്ണാമൂഴി∙ കൃഷിഭൂമിയിൽ കുരങ്ങുകളുടെ വിളയാട്ടം. പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസിൽ നിന്ന് 500 മീറ്ററോളം ദൂരത്തിലുള്ള വട്ടക്കയം റോഡരികിലെ കൃഷിയിടത്തിൽ വെളുപ്പിന് ഇറങ്ങുന്ന കുരങ്ങുകൾ വിളകൾ പിഴുതെറിയുകയാണ്.
പെരുവണ്ണാമൂഴിയിലെ വനാതിർത്തിയിലെ മരങ്ങളുടെ ശിഖരങ്ങൾ കൃഷിഭൂമിയിലേക്കാണുള്ളത്. ഇതിലൂടെയാണു നൂറോളം കുരങ്ങുകൾ കൃഷി ഭൂമിയിൽ എത്തുന്നത്.
വനഭൂമിയിലെ മരങ്ങളുടെ കൊമ്പുകൾ മുറിച്ചു മാറ്റാൻ കർഷകർ ഒട്ടേറെ തവണ ആവശ്യപ്പെട്ടെങ്കിലും വനം വകുപ്പ് നടപടിയെടുത്തിട്ടില്ല.
മഠത്തിനകത്ത് എം.എ.ജോൺസന്റെ ഭൂമിയിലെ തെങ്ങുകളിൽ നിന്നും ദിവസേന ഒട്ടേറെ കരിക്കുകളാണു കുരങ്ങുകൾ പിഴുതെറിയുന്നത്. വീടിനു സമീപത്തെ തെങ്ങിൽ നിന്നും കരിക്ക് നശിപ്പിക്കുന്നത് ജീവനു ഭീഷണിയായതോടെ 10 തെങ്ങുകൾ മുറിച്ചു മാറ്റി.
ജോൺസന്റെ കൃഷിയിടത്തിൽ 44 തെങ്ങുകൾ ഉണ്ടെങ്കിലും തേങ്ങ ഇപ്പോൾ വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ്.
തെങ്ങിൽ നിന്നും കരിക്ക്, വെള്ളയ്ക്ക ഉൾപ്പെടെ നശിപ്പിക്കുകയാണ്. കുരങ്ങിന്റെ കണ്ണിൽ നിന്നും രക്ഷപ്പെട്ട് തേങ്ങ ആയാൽ ഉണങ്ങി നിലത്തുവീഴുമ്പോൾ കാട്ടുപന്നികൾ തിന്നു നാശം വരുത്തുകയാണ്.
കൂടാതെ മുള്ളൻ പന്നി, മലയണ്ണാൻ എന്നിവയും കൃഷിയിടത്തിലുണ്ട്.
വന്യമൃഗ ശല്യം കാരണം പെരുവണ്ണാമൂഴി മേഖലയിൽ വാഴ, കപ്പ ഉൾപ്പെടെയുള്ള ഇടവിള കൃഷികളും കർഷകർ ഉപേക്ഷിച്ചു. കൃഷി ചെയ്താൽ വന്യമൃഗങ്ങൾ വിളവെടുക്കുന്നതാണു കർഷകർ കൃഷിയിൽ നിന്നു പിന്തിരിയാൻ കാരണം.
വനാതിർത്തിയിലെ മരങ്ങളുടെ കമ്പുകൾ വനം വകുപ്പ് മുറിച്ചുമാറ്റണമെന്നാണു കർഷകർ ആവശ്യപ്പെടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]