കോടഞ്ചേരി ∙ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും മുത്തപ്പൻപുഴ ടൂറിസം വികസന സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന വെള്ളരിമല മഴ നടത്തം 20 ന് രാവിലെ ഒൻപതിന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസന്റെ അധ്യക്ഷതയിൽ ലിന്റോ ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും സംരക്ഷണത്തിലും സഹ്യപർവത നിരയിലെ ഒരു പ്രധാന കൊടുമുടിയായ വെള്ളരി മലയുടെ കാനന ഭംഗിയും ആ കൊടുമുടിയുടെ മടിത്തട്ടിലുള്ള ഒലിച്ചുചാട്ടം എന്ന മനോഹര വെള്ളച്ചാട്ടത്തിന്റെ ആകർഷണീയതയും ആസ്വദിച്ചറിയാനുള്ള അപൂർവ അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
ഒലിച്ചുചാട്ടം വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലും മറ്റനേകം മനോഹര വെള്ളച്ചാട്ടങ്ങളും മറ്റു മനോഹര പ്രകൃതി ദൃശ്യങ്ങളും യാത്രികരെ കാത്തിരിപ്പുണ്ട്.
രാവിലെ ഒൻപതിന് മുത്തപ്പൻപുഴ ഹിൽ റാഞ്ചസ് റിസോർട്ടിൽ നിന്നും പ്രഭാതഭക്ഷണത്തോടെ ആരംഭിക്കുന്ന യാത്ര അഞ്ചോളം കിലോമീറ്റർ വനയാത്ര നടത്തി ഒലിച്ചുചാട്ടം വെള്ളച്ചാട്ടത്തിലെത്തി തിരികെ വന്ന് ഡ്രീം റോക്ക് റിസോർട്ടിൽ തയാറിക്കിയ ചൂടുകഞ്ഞി കുടിച്ച് അവസാനിപ്പിക്കുന്നതാണ്. ബഹുഭൂരിപക്ഷവും വനപ്രദേശങ്ങളിലൂടെയുള്ള യാത്ര ആയതിനാൽ യാത്രയുടെ ഭാഗമാകുന്നവർ അതിന് യോജിച്ച വസ്ത്രങ്ങളും പാദരക്ഷകളും മഴക്കോട്ടുകളും കരുതേണ്ടതാണ്.
വനപ്രദേശങ്ങളിലൂടെ ഉള്ള യാത്ര ആയതു കൊണ്ട് തന്നെ പരമാവധി നൂറുപേരെ മാത്രമേ യാത്രാ സംഘത്തിൽ ഉൾപ്പെടുത്താൻ സാധിക്കൂ എന്ന് പ്രോഗ്രാം കോർഡിനേറ്റർ മനോജ് വാഴേപ്പറമ്പിൽ അറിയിച്ചു. വിശദവിവരങ്ങൾക്ക് 9495412425, 9495307990 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]