
കോഴിക്കോട് ∙ ഇന്നു യെമനിൽ നടപ്പാക്കാനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ച് ഉത്തരവു വന്നപ്പോൾ പിറന്നത് പുതിയ ‘കേരള സ്റ്റോറി’യാണ്. വധശിക്ഷ നീട്ടിവച്ചെന്ന ഉത്തരവ് ഔദ്യോഗികമായി ലഭിച്ചെന്നും നിലവിലെ സ്ഥിതി പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പറഞ്ഞു.
ഇടപെടൽ തേടിയത് ചാണ്ടി ഉമ്മൻ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 11ന് ചാണ്ടി ഉമ്മൻ എംഎൽഎ സമീപിച്ചതു മുതലാണ് താൻ ശ്രമം തുടങ്ങിയതെന്ന് കാന്തപുരം പറഞ്ഞു. യെമനിലെ സൂഫി പണ്ഡിതരുമായി അടുത്ത ബന്ധമുണ്ടെന്നറിഞ്ഞാണ് കാന്തപുരത്തെ ചാണ്ടി ഉമ്മൻ ബന്ധപ്പെട്ടത്.
യെമനിൽ തരീമിൽനിന്നുള്ള പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഹഫീളുമായി കാന്തപുരത്തിന് ആത്മബന്ധമുണ്ട്. നിമിഷപ്രിയയുടെ വിഷയം അദ്ദേഹവുമായാണ് കാന്തപുരം ചർച്ച ചെയ്തത്.
മർകസിന്റെ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാൻ ഹബീബ് ഉമർ മുൻപു കോഴിക്കോട്ടെത്തിയിരുന്നു. 2004ൽ മലപ്പുറം മേൽമുറി മഅദിൻ സ്വലാത്ത് നഗറിൽ അദ്ദേഹമാണ് മഅദിൻ അക്കാദമിയുടെ പ്രധാന കെട്ടിടത്തിനു തറക്കല്ലിട്ടത്.
നിമിഷപ്രിയ തടവിൽ കഴിയുന്ന ഭാഗത്തെ ഗോത്രവിഭാഗങ്ങൾക്കിടയിൽ ഈ പണ്ഡിതനു വലിയ സ്വാധീനമുണ്ട്.
ദയാധനം വാങ്ങി നിമിഷപ്രിയയെ വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണു കാന്തപുരം മുന്നോട്ടുവച്ചത്. എന്നാൽ, ആരു പണം നൽകുമെന്ന് അന്വേഷിച്ചു.
ധനസമാഹരണം ഏറ്റെടുക്കാമെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചതായും കാന്തപുരം പറഞ്ഞു.
സുഹൃത്ത് വഴി ചർച്ചയിലേക്ക്
കാന്തപുരം ആവശ്യപ്പെട്ട ഉടൻ ഹബീബ് ഉമർ അന്വേഷണം തുടങ്ങി.
അദ്ദേഹത്തിന്റെ ഓഫിസ് നോർത്ത് യെമൻ ഭരണകൂടവുമായും കൊല്ലപ്പെട്ടയാളുടെ കുടുംബവുമായും ബന്ധപ്പെട്ടു. ജഡ്ജിമാരുമായും നിയമവിദഗ്ധരുമായും ചർച്ച നടത്തി.
ഹബീബ് ഉമറിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം നോർത്ത് യെമനിൽ അടിയന്തരയോഗം ചേർന്നു. അദ്ദേഹത്തിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂറിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
യെമൻ ഭരണകൂടത്തിന്റെ പ്രതിനിധികൾ, സനായിലെ ജിനായത്ത് കോടതി സുപ്രീം ജഡ്ജ്, കൊല്ലപ്പെട്ട യുവാവിന്റെ സഹോദരൻ, ഗോത്രത്തലവൻമാർ എന്നിവർ പങ്കെടുത്തു.
കുടുംബാംഗങ്ങളുമായി ചർച്ച ചെയ്തു തീരുമാനം അറിയിക്കാമെന്ന് ഗോത്രനേതാക്കൾ അറിയിച്ചു. ചർച്ച തുടരാൻ പ്രതിനിധിസംഘം യുവാവിന്റെ നാടായ ഉത്തര യെമനിലെ ദമാറിൽ തങ്ങി.
കുടുംബാംഗങ്ങൾക്കിടയിൽ ഏകാഭിപ്രായം ഉണ്ടാക്കാനുള്ള ശ്രമമാണു നടത്തിയത്.
സഹായവുമായി ന്യായാധിപനും
കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യെമൻ ശൂറ കൗൺസിൽ അംഗവുമായ ജസ്റ്റിസ് മുഹമ്മദ് ബിൻ അമീൻ ഷെയ്ഖും ഹബീബ് ഉമറിന്റെ നിർദേശപ്രകാരം ചർച്ചയിൽ ഇടപെട്ടു. ശിക്ഷാനടപടികൾ നീട്ടിവയ്ക്കാനുള്ള ധാരണ കുടുംബാംഗങ്ങളെക്കൊണ്ടു സമ്മതിപ്പിച്ചത് ഈ ഇടപെടലാണ്.
തുടർന്ന് ഇന്നലെ കോടതിയെ വിവരം ധരിപ്പിച്ചതോടെയാണു വധശിക്ഷ നീട്ടിവച്ചുള്ള ഉത്തരവിറങ്ങിയത്. ഉത്തര യെമനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ ആളിക്കത്തിയ കൊലക്കേസ് ആയതിനാലാണു പ്രതിസന്ധി രൂക്ഷമായത്.
കുടുംബവുമായി സംസാരിക്കാൻ ഇതുവരെ അവസരം ലഭിക്കാതിരുന്നതും ഇതുമൂലമാണ്. വധശിക്ഷ നീട്ടിവച്ചെങ്കിലും ദയാധനം നൽകി ശിക്ഷയിൽനിന്ന് ഒഴിവാക്കുന്നതുവരെ ചർച്ചകൾ തുടരേണ്ടതുണ്ടെന്നു കാന്തപുരം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]