
കോഴിക്കോട്∙ ജൂലൈ 16. പെരുമഴയത്ത് മണ്ണിലലിഞ്ഞ് മാഞ്ഞുപോയ അർജുന്റെ ഓർമകൾക്ക് ഒരു വയസ്സ്.
ഇന്നും മലയാളികളുടെ മനസ്സിൽ നീറുന്ന കണ്ണീരോർമയാണ് അർജുൻ. ഷിരൂരിൽ കഴിഞ്ഞ വർഷം ജൂലൈ 16ന് ആണ് ആ മണ്ണിടിച്ചിലുണ്ടായത്. അന്നു ദേശീയപാതയോരത്ത് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു ഡ്രൈവർ അർജുൻ.
അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ അർജുനും ലോറിയും ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതൈ കാത്തിരുന്ന 72 ദിവസങ്ങൾ.ജൂലൈ എട്ടിനാണ് അർജുൻ കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അമരാവതി വീടിന്റെ പടിയിറങ്ങിപ്പോയത്.
മകനൊരുമ്മ കൊടുത്ത്, കളിപ്പാട്ടങ്ങളുമായി തിരികെ വരാമെന്നുറപ്പു നൽകി യാത്ര പറഞ്ഞുപോയത്.
ജൂലൈ 15ന് രാത്രി അർജുൻ വീട്ടിലേക്ക് വിളിച്ചപ്പോൾ പറഞ്ഞതും ഇത്രമാത്രമായിരുന്നു: ‘‘വീടിന് ഞാൻ വന്നിട്ട് പെയ്ന്റ് അടിച്ചോളാം. സാധനങ്ങളെല്ലാം വന്നിട്ട് വാങ്ങാം അമ്മയോട് വേണ്ട
സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കാൻ പറയണം, അച്ഛൻ വേവലാതിപ്പെടണ്ട.’’ സഹോദരിയുടെ വിവാഹനിശ്ചയം, കുഞ്ഞിന്റെ എഴുത്തിനിരുത്ത്, വീടിന്റെ പെയിന്റിങ് എന്നിങ്ങനെ തിരികെ വന്ന ശേഷം ചെയ്ത് തീർക്കാൻ അർജുന് (32) ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. ജൂലൈ 16ന് ഷിരൂരിൽ മണ്ണിടിഞ്ഞ് അർജുൻ ഗംഗാവലി പുഴയിലേക്കു മറഞ്ഞപ്പോൾ ആ കുടുംബവും നാട്ടുകാരും ഒന്നുലഞ്ഞു.പക്ഷേ അമ്മയും ഭാര്യയും സഹോദരിയുമടക്കം കുടുംബം ഒന്നടങ്കം കരുത്തോടെ മുന്നോട്ടുവന്നു.
അർജുനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ശ്രമം തുടങ്ങി. പല തവണ നിർത്തിവച്ച തിരച്ചിൽ വീണ്ടും പുനരാരംഭിക്കാനും അർജുനെ കണ്ടെത്താനും ഒരു ജനസമൂഹം ഒന്നടങ്കം പരിശ്രമം നടത്തി.
എം.കെ.രാഘവൻ എംപി, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, എ.കെ.എം.അഷ്റഫ് എംഎൽഎ എന്നിവർ രാപകൽ മഴയെ അവഗണിച്ച് തിരച്ചിലുകൾക്കായി ഷിരൂരിൽ നിന്നു. ഒടുവിൽ 72 ദിവസത്തെ കാത്തിരിപ്പിനും സംശയങ്ങൾക്കും വിരാമമിട്ട് അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു.
കരയിൽ നിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി. അർജുൻ ജീവനോടെ തിരികെവരുമെന്ന പ്രതീക്ഷകൾ അന്ന് അസ്തമിച്ചു.
ഒടുവിൽ സെപ്റ്റംബർ 28ന് കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ അർജുൻ എരിഞ്ഞടങ്ങിയപ്പോൾ അനേകായിരങ്ങളാണ് വിടനൽകാൻ ഒഴുകിയെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]