
സുരക്ഷയും വികസനവും കാത്ത് ‘മലബാറിന്റെ ഊട്ടി’; വനമേഖലയിലെ അപ്രതീക്ഷിത മഴ കടുത്ത പ്രതിസന്ധി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂരാച്ചുണ്ട്∙ മലനിരകളും പുൽത്തകിടിയും അരുവികളിലും ചുറ്റപ്പെട്ട് ‘മലബാറിന്റെ ഊട്ടി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം ഇല്ലായ്മകളുടെയും സുരക്ഷാ പ്രശ്നങ്ങളുടെയും നടുവിൽ. ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി റിസർവോയറിനോടു ചേർന്നാണ് കരിയാത്തുംപാറ, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കരിയാത്തുംപാറ മേഖലയിൽ മഴയുടെ ഒരു സാഹചര്യവും ഇല്ലാത്തപ്പോൾ തന്നെ കക്കയം വനത്തിൽ ശക്തമായ മഴ പെയ്ത് ശങ്കരൻപുഴ, ഉരക്കുഴി മേഖലകളിൽ നിന്നു കരിയാത്തുംപാറ പുഴയിലൂടെ ജലം പ്രവഹിച്ചു ടൂറിസ്റ്റ് കേന്ദ്രമായ കരിയാത്തുംപാറ ബീച്ച് മേഖലയിൽ എത്തുന്നതാണ് പ്രധാന ഭീഷണി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് പുഴയിലെ ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് 2 മണിക്കൂറോളം കേന്ദ്രം അടച്ചിടേണ്ടി വന്നിരുന്നു.
വനമേഖലയിലെ അപ്രതീക്ഷിത മഴയാണ് പുഴയിൽ വെള്ളത്തിന്റെ അളവ് ക്രമാതീതമായി വർധിപ്പിക്കുന്നത്. ഉരക്കുഴി ഭാഗത്തെ വനം വകുപ്പിന്റെ ഇക്കോ ടൂറിസം ജീവനക്കാർ ഫോണിലൂടെ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം അധികൃതർക്ക് വിവരം കൈമാറിയാൽ മുൻകരുതൽ നടപടിയെടുക്കാൻ കഴിയും. അടിയന്തരഘട്ടത്തിൽ അപായസാധ്യത ടൂറിസ്റ്റുകളെ അറിയിക്കാൻ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉച്ചഭാഷിണി സൗകര്യവുമില്ലാത്തതു പ്രശ്നമാകുന്നുണ്ട്. ബീച്ച് മേഖലയിലെ ഏക്കർകണക്കിനു ഭൂമിയിലെ ആളുകളെ പെട്ടെന്ന് വിവരം അറിയിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ടൂറിസ്റ്റ് കേന്ദ്രത്തിൽ ഇപ്പോൾ 2 ലൈഫ് ഗാർഡുമാർ മാത്രമാണ് ഡ്യൂട്ടിയിൽ ഉള്ളത്. ഇതിൽ ഒരാൾ അവധിയെടുത്താൽ പിന്നെ ഒരാളുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. 4 ലൈഫ് ഗാർഡുമാരെ നിയമിച്ചാൽ മാത്രമേ കാര്യക്ഷമമായി സുരക്ഷ ഒരുക്കാൻ സാധിക്കൂ. ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ പാലിച്ച് നീന്തൽ പരിശീലനം നേടിയ കൂടുതൽ ലൈഫ് ഗാർഡുമാരെ നിയമിക്കണം. തെരുവുവിളക്കുകൾ കത്താത്തതിനാൽ മാസങ്ങളായി ടൂറിസ്റ്റ് കേന്ദ്രം മേഖല ഇരുട്ടിലാണ്.
സോളർ വിളക്ക് സംവിധാനം ഏർപ്പെടുത്തിയാൽ പ്രശ്ന പരിഹാരമാകും. വിളക്കുകൾ അണഞ്ഞതിനാൽ രാത്രിസമയത്തു സാമൂഹിക വിരുദ്ധ ശല്യം വർധിക്കാനും കാരണമാകുന്നുണ്ട്. ജില്ലയിലെ ഈ പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിൽ ദിവസേന 1000 വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. ഒഴിവു ദിവസങ്ങളിൽ 2500 ടൂറിസ്റ്റുകളാണ് എത്തിച്ചേരുന്നത്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 10 രൂപയും സീനിയർ സിറ്റിസൻസിനു 15 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 7 ക്ലീനിങ് സ്റ്റാഫ് ഉൾപ്പെടെ 14 ജീവനക്കാരാണ് കരിയാത്തുംപാറ, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ടൂറിസം മാനേജ്മെന്റ് കമ്മിറ്റി ഫണ്ടിൽ നിലവിൽ കോടികളുടെ നിക്ഷേപം ഉണ്ടായിട്ടും ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിന് അധികൃതർ പരിഗണന നൽകുന്നില്ലെന്ന് പരാതി ഉണ്ട്. ടൂറിസ്റ്റുകൾക്ക് ഷെൽറ്റർ നിർമിക്കാത്തതിനാൽ മഴയത്തും വെയിലത്തും ദുരിതമാകുകയാണ്. ടൂറിസ്റ്റ് കേന്ദ്രത്തിൽ ഇരിപ്പിടങ്ങൾ ഇല്ലാത്തതും പ്രശ്നമാകുന്നുണ്ട്. കരിയാത്തുംപാറ പുഴ റിസർവോയറിൽ എത്തുന്ന പ്രദേശത്ത് സന്ദർശകർക്ക് നീന്തുന്നതിനും ബോട്ട് സവാരിക്കും സൗകര്യം ഒരുക്കിയാൽ കൂടുതൽ ആസ്വാദ്യകരവുമാകും.
19ന് യോഗം വിളിച്ച് എംഎൽഎ
കൂരാച്ചുണ്ട്∙ സംസ്ഥാന ബജറ്റിൽ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം വികസന പ്രവൃത്തികൾക്ക് 2 കോടി രൂപ അനുവദിച്ചെങ്കിലും 2 വർഷം കഴിഞ്ഞിട്ടും ഡിപിആർ തയാറാക്കിയിട്ടില്ല. ഊരാളുങ്കൽ സൊസൈറ്റി സർവേ നടത്തി പ്ലാൻ തയാറാക്കിയെങ്കിലും തുടർ പ്രവർത്തനം ഉണ്ടായില്ല. ടൂറിസം വികസനത്തെ സംബന്ധിച്ച് ചർച്ച ചെയ്യാൻ 19ന് യോഗം ചേരുമെന്ന് കെ.എം.സച്ചിൻദേവ് എംഎൽഎ അറിയിച്ചു.