
കുന്നമംഗലം ടൗണിൽ തിരക്കേറിയ ഭാഗത്ത് രാത്രി യാത്രയ്ക്കിടെ കാർ കത്തിനശിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുന്നമംഗലം ∙ ടൗണിൽ തിരക്കേറിയ ഭാഗത്ത് സാംസ്കാരിക നിലയത്തിനു സമീപം ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു കത്തിനശിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണു സംഭവം. മുൻവശത്ത് നിന്നു പുക ഉയരുന്നതു കണ്ടു കാർ യാത്രക്കാർ വാഹനം ഒതുക്കി നിർത്തി പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. കോഴിക്കോട്ടു നിന്നു താമരശ്ശേരി ഭാഗത്തേക്കു പുറപ്പെട്ട കാറിനാണു തീപിടിച്ചത്. നാട്ടുകാരും പൊലീസും ചേർന്നു തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ പടർന്നു കാറിന്റെ മുൻവശം കത്തി നശിച്ചു. പിന്നീട് വെള്ളിമാടുകുന്നിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണു തീ കെടുത്തിയത്. സമീപത്ത് കെഎസ്ഇബി ഹൈടെൻഷൻ വൈദ്യുത ലൈനുകളും ഒട്ടേറെ ട്രാൻസ്ഫോമറുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ആശങ്കയ്ക്കിടയാക്കി.
വൈദ്യുത ലൈൻ അൽപ സമയം ഓഫ് ചെയ്യുകയും പൊലീസ് എത്തി ഗതാഗതം തിരിച്ചുവിടുകയും ചെയ്തു. വാഹനങ്ങൾ വഴി തിരിച്ചു വിട്ട പെരിങ്ങൊളം, സിഡബ്ല്യുആർഡിഎം റോഡിലും ദേശീയപാതയിലും ഏറെ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ചേവായൂർ സ്വദേശിയുടെ കാറിനാണു തീ പിടിച്ചത്. വെള്ളിമാടുകുന്ന് സ്റ്റേഷൻ ഓഫിസർ റോബി വർഗീസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ എൻ.ബിനീഷ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ എം.പി.സതീഷ്, കെ.അനീഷ്കുമാർ, ഇ.സുബിൻ, വി.ജിതിൻ, ഹോംഗാർഡ് സുരേഷ് കുമാർ തുടങ്ങിയവർ തീ അണയ്ക്കാൻ നേതൃത്വം നൽകി.