
കോടഞ്ചേരിയിൽ ടൂറിസം വകുപ്പിന്റെ കോട്ടേജുകൾ തുറക്കാൻ നടപടിയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോടഞ്ചേരി∙ ലക്ഷങ്ങൾ മുടക്കി സംസ്ഥാന ടൂറിസം വകുപ്പ് നിർമിച്ച് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനു കൈമാറിയ ടൂറിസ്റ്റ് കോട്ടേജുകളും അനുബന്ധ കെട്ടിടങ്ങളും 2 വർഷമായി അടഞ്ഞു കിടക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പ് നിർമിച്ച നാല് കോട്ടേജുകൾ, റസ്റ്ററന്റ്, ഡോർമിറ്ററി, വിശാലമായ കോൺഫറൻസ് ഹാൾ എന്നിവയാണ് 2 വർഷമായി വെറുതെ കിടക്കുന്നത്. ഇതുമൂലം കോഴിക്കോട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. കൂടാതെ തുഷാരഗിരിയിൽ എത്തുന്ന സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസ സൗകര്യവും ഭക്ഷണ സൗകര്യവും ലഭിക്കുന്നതും ഇല്ലാതായി.
2 വർഷം മുൻപ് തുഷാരഗിരിയിലെ ഡിടിപിസിയുടെ വിവിധ സ്ഥാപനങ്ങൾ നടത്തുന്നതിന് 2 വർഷത്തേക്കു കരാർ എടുത്തവർ ഒരു വർഷം കഴിഞ്ഞപ്പോൾ നടത്തിപ്പ് ഉപേക്ഷിച്ചു പോയി. പിന്നീട് വീണ്ടും ഡിടിപിസി റീടെൻഡർ ചെയ്തെങ്കിലും ടെൻഡർ എടുത്ത വ്യക്തി തുഷാരഗിരിയിൽ എത്തി കെട്ടിട സൗകര്യങ്ങളെല്ലാം കണ്ട് പോയതല്ലാതെ പിന്നീട് വന്നിട്ടേ ഇല്ല. കഴിഞ്ഞ ദിവസം വീണ്ടും ഡിടിപിസി റീടെൻഡർ ചെയ്തെങ്കിലും ടെൻഡർ എടുക്കാൻ ആരും എത്തിയില്ല. വീണ്ടും റീ ടെൻഡർ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഡിടിപിസി.
ടെൻഡർ തുക കുറയ്ക്കുകയോ തുഷാരഗിരിയിലെ സ്ഥാപന നടത്തിപ്പ് കുടുംബശ്രീ യൂണിറ്റുകൾക്കോ കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷനോ നൽകുന്നതിനു സംസ്ഥാന ടൂറിസം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. തുഷാരഗിരിക്ക് അടുത്തുള്ള ഡിടിപിസിയുടെ തന്നെ അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ റസ്റ്ററന്റും ശുചിമുറി ബ്ലോക്കും കുടുംബശ്രീ യൂണിറ്റിനാണ് നൽകിയിട്ടുള്ളത്.