പന്തീരാങ്കാവ് ∙ ദേശീയപാത 66ൽ വെങ്ങളം – രാമനാട്ടുകര റീച്ചിലെ ഒളവണ്ണ ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധത്തോടെ ടോൾ പിരിവിനു തുടക്കം. ദേശീയപാതയുടെയും സർവീസ് റോഡുകളുടെയും നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നതിന് എതിരെയും ഒളവണ്ണ, പെരുമണ്ണ ഭാഗങ്ങളിലുള്ളവരെ ടോളിൽനിന്നു പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു കോൺഗ്രസ് നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റി സമരം.
ഇന്നലെ രാവിലെ 8നു ടോൾപിരിവു തുടങ്ങും മുൻപു കോൺഗ്രസ് പ്രവർത്തകർ രാമനാട്ടുകരയിൽനിന്നു വെങ്ങളം ദിശയിലേക്കുള്ള ടോൾ ഗേറ്റിൽ എത്തിയിരുന്നു.
കനത്ത പൊലീസ് സന്നാഹവുമുണ്ടായിരുന്നു. കൃത്യം 8നു ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെയും റീച്ചിന്റെ നിർമാണ കമ്പനി കെഎംസി കൺസ്ട്രക്ഷൻസിലെ അസി.
ചീഫ് എൻജിനീയർ പി.നാസറും ചേർന്ന് ടോളിന്റെ ഉദ്ഘാടനം നിർവഹിച്ചു. തേങ്ങയുടച്ചു.
തൊട്ടുപിന്നാലെ കോൺഗ്രസ് പ്രവർത്തകർ എത്തുകയും ടോൾ പിരിവു തടസ്സപ്പെടുത്തുകയും ചെയ്തു.
വാഹന ഉടമകളോട്, ടോൾ അടയ്ക്കാതെ പോകാൻ പ്രവർത്തകർ ആവശ്യപ്പെട്ടു. ടോൾ ബാറുകൾ പ്രവർത്തകർ ബലം പ്രയോഗിച്ച് ഉയർത്തി.
ഇതോടെ, പൊലീസുകാരെത്തി പ്രവർത്തകരെ തടഞ്ഞു, ബലം പ്രയോഗിച്ച് നീക്കി. ഇതോടെ ഉന്തും തള്ളുമായി.
ചില പ്രവർത്തകർ നിലത്തു വീണു. 15 മിനിറ്റ് നീണ്ട
ഉന്തിനും തള്ളിനുമിടെ ചില പ്രവർത്തകർക്കു പരുക്കേറ്റതായും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും പരാതിയുണ്ട്.
ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അടക്കമുള്ള നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് 30 മിനിറ്റ് നീണ്ട സമരം അവസാനിച്ചത്.
ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, എ.ഷിയാലി, എൻ.മുരളീധരൻ, ചോലക്കൽ രാജേന്ദ്രൻ, കെ.കെ.മഹേഷ് എന്നിവരും സമരത്തിനു നേതൃത്വം നൽകി.
സർവീസ് റോഡുകൾ പൂർത്തീകരിക്കണമെന്നും ടോൾപ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് സൗജന്യ പാസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസിന്റെ ഒറ്റയാൾ സമരവും നടന്നു. പ്രവർത്തകരെ നീക്കം ചെയ്ത്, എട്ടരയ്ക്കകം തന്നെ ഈ ഗേറ്റിൽ ടോൾ പിരിവു തുടങ്ങി. അതേസമയം, വെങ്ങളത്തു നിന്നു രാമനാട്ടുകരയിലേക്കുള്ള ടോൾ ഗേറ്റിൽ 8 മണിക്കു തന്നെ ടോൾ പിരിവു തുടങ്ങി.
ഈ ഗേറ്റിലും പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും ടോൾ കൊടുക്കരുതെന്നു വാഹന ഉടമകളോട് ആവശ്യപ്പെടുകയും ചെയ്തു.
പിന്നാലെ പൊലീസെത്തി ഇവരെ നീക്കി. സമരത്തെ തുടർന്ന് ടോൾ ഗേറ്റിൽ വാഹനങ്ങളുടെ നീണ്ട
നിര രൂപപ്പെട്ടു. വാഹന നിര നീണ്ടപ്പോൾ, പൊലീസ് ഇടപെട്ടു വാഹനങ്ങളെ കടത്തിവിട്ടു.
വാഹനങ്ങളിൽ സ്ഥാനം തെറ്റി ഫാസ്റ്റാഗ്; സമയമെടുത്ത് റീഡറുകൾ
വാഹനങ്ങളിൽ പ്രവർത്തനക്ഷമമായ ഫാസ്റ്റാഗ് ഇല്ലാത്തത് ടോൾ പിരിവിന്റെ ആദ്യദിനം ആശയക്കുഴപ്പത്തിനിടയാക്കി.
വാഹനം നിർത്തുന്നതിലെ ആശയക്കുഴപ്പങ്ങളും ഓട്ടമാറ്റിക് റീഡറുകൾ സമയമെടുത്തതും നീണ്ട നിര രൂപപ്പെടാനിടയാക്കി.
ഒളവണ്ണയിലെ 10 ഗേറ്റുകളിലും ഓട്ടമാറ്റിക് റീഡറുകൾ വലതു വശത്താണുള്ളത്.
വാഹനത്തിന്റെ മധ്യത്തിൽ ഫാസ്റ്റാഗ് പതിപ്പിക്കണമെന്നാണെങ്കിലും പല വാഹനങ്ങളിലും ഇത് ഇടതു വശത്താണു പതിപ്പിച്ചിരിക്കുന്നതെന്നതും കാലതാമസത്തിനിടയാക്കി. പ്രവർത്തന സജ്ജമായ ഫാസ്റ്റാഗുള്ള വാഹനങ്ങൾ ടോൾ നൽകി പ്ലാസ കടന്നുപോകാൻ 3 മുതൽ 8 വരെ സെക്കൻഡുകൾ എടുത്തു.
പലപ്പോഴും ഹാൻഡ് റീഡറുകൾ വച്ചാണു ഫാസ്റ്റാഗ് വഴി ടോൾ ഈടാക്കിയത്.
വൈകിട്ട്, രാമനാട്ടുകര ഭാഗത്തേക്കുള്ള ടോൾ പ്ലാസയിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
ടോൾ ബാരിയർ കുറച്ചു നേരം തുറന്നു വച്ചാണ് വാഹനത്തിരക്ക് കുറച്ചത്. 70 മീറ്ററിലധികം വാഹന നിര രൂപപ്പെട്ടാൽ, ടോൾ ഗേറ്റ് തുറന്നു കൊടുക്കണമെന്നാണു നിയമം. ടോൾ പ്ലാസ കടന്നുപോകാൻ വാഹനങ്ങൾ ഇന്നലെ ശരാശരി 4 മിനിറ്റ് എടുത്തതായാണു കണക്കാക്കുന്നത്.
ഇന്നലെ രാവിലെ 8 മുതൽ രാത്രി 8 വരെ 25,000ൽ പരം വാഹനങ്ങൾ ഇതുവഴി കടന്നുപോയി.
ഇതിൽ പകുതിയോളം വാഹനങ്ങളിൽ നിന്നു ടോൾ പിരിക്കാൻ സാധിച്ചില്ല. ഇന്നലെ എത്തിയ വാഹനങ്ങളിൽ 70 ശതമാനത്തിലും സാധുവായ ഫാസ്റ്റാഗ് ഉണ്ടായിരുന്നില്ലെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇരുവശത്തേക്കുമായി പ്രതിദിനം 40,000ൽ പരം വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതായാണു കണക്കാക്കുന്നത്.
വാഹനാപകടവും
ഇന്നലെ രാവിലെ പത്തരയോടെ, ടോൾ ഗേറ്റിന് 400 മീറ്റർ മാറി ഇരിങ്ങല്ലൂരിൽ വാഹനാപകടവുമുണ്ടായി. രാമനാട്ടുകര–വെങ്ങളം ഗേറ്റ് കടന്ന ഒരു കാർ പെട്ടെന്നു നിർത്തിയതോടെ, പിന്നിൽ വന്നവയടക്കം 6 കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു.
കർണാടക സ്വദേശികളായ ശബരിമല തീർഥാടകരുടെ കാറും ഇതിൽ പെടും. യാത്രക്കാർക്ക് ആർക്കും കാര്യമായ പരുക്കേറ്റിട്ടില്ല.
2 കാറുകൾക്കു കേടുപാടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

