കൂരാച്ചുണ്ട് ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മലയോരത്ത് ഐക്യജനാധിപത്യ മുന്നണി തിളക്കമാർന്ന വിജയം കൈവരിച്ച് മുന്നേറ്റം സൃഷ്ടിച്ചു. കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്ത് യുഡിഎഫ് ഭരിക്കും.
കൂരാച്ചുണ്ട് പഞ്ചായത്തിലെ ആകെയുള്ള 14 സീറ്റിൽ 9 സീറ്റുകൾ യുഡിഎഫ് നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 8 സീറ്റാണ് ഉണ്ടായിരുന്നത്.
ഇത്തവണ കോൺഗ്രസ് 7 സീറ്റിലും മുസ്ലിം ലീഗ് 2 സീറ്റിലും വിജയിച്ചു.
കഴിഞ്ഞ 15 വർഷത്തെ തുടർച്ചയായ പഞ്ചായത്ത് ഭരണത്തിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ വൈസ് പ്രസിഡന്റുമായിരുന്ന വിൻസി തോമസ് പരാജയപ്പെട്ടു.
4 സീറ്റുകളിൽ മത്സരിച്ച മുസ്ലിം ലീഗ് 2 ജനറൽ സീറ്റുകളിൽ തോറ്റു. ഭരണത്തിന്റെ മികവിനു ജനങ്ങൾ നൽകിയ അംഗീകാരമാണ് തുടർ ഭരണമെന്നും ജനങ്ങൾക്ക് വേണ്ടി കൂടുതൽ വികസന പ്രവർത്തനങ്ങളുമായി പഞ്ചായത്ത് ഭരണസമിതി മുൻപോട്ട് പോകുമെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.
ചക്കിട്ടപാറ ∙ മലയോരത്ത് വികസന മുന്നേറ്റത്തിൽ മാതൃകയെന്ന് എൽഡിഎഫ് വിശേഷിപ്പിച്ച ചക്കിട്ടപാറ പഞ്ചായത്തിലെ 20 വർഷത്തെ ഇടതു ഭരണത്തെ അട്ടിമറിച്ച് യുഡിഎഫ് ഭരണം പിടിച്ചെടുത്തു.
ആകെയുള്ള 16 സീറ്റുകളിൽ യുഡിഎഫ് 9 എണ്ണം നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു 5 മെംബർമാരാണു ഉണ്ടായിരുന്നത്.
എൽഡിഎഫ് ഭരണസമിതിയുടെ ദുർഭരണം ആരോപിച്ചാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
യുഡിഎഫിലെ ഐക്യവും സ്ഥാനാർഥികളുടെ മികവുമാണു ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തിലേക്ക് എത്തിച്ചത്. നിലവിലെ മെംബർ ജിതേഷ് മുതുകാട് ഇടതുപക്ഷ കോട്ടയിൽ നിന്നും 9 വോട്ടിന് വിജയിച്ചു.
5 സീറ്റുകൾ ഇടതുപക്ഷത്തിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. പുതുമുഖങ്ങളെയും മികച്ച സംഘാടകരെയും രംഗത്തിറക്കിയാണു യുഡിഎഫ് പരീക്ഷണം വിജയിച്ചത്.
ജോസ് ചെറുവള്ളിൽ, ബാബു പള്ളിക്കൂടം, ഗിരീഷ് കോമച്ചംകണ്ടി, ബിന്ദു ബാലകൃഷ്ണൻ എന്നിവർ വിജയികളായി.
സിപിഎമ്മിന്റെ അഹങ്കാരത്തിനും നീതിപൂർവം അല്ലാത്ത വാർഡ് വിഭജനത്തിനും എതിരെയുള്ള ജനവിധിയാണ് ചക്കിട്ടപാറ പഞ്ചായത്തിൽ ഉണ്ടായതെന്ന് കോൺഗ്രസ് നേതാവ് ജിതേഷ് മുതുകാട് പറഞ്ഞു. വിവേചനം ഇല്ലാത്ത വികസനം ജനങ്ങളുടെ അനുഭവത്തിൽ കൊണ്ടുവരികയാണ് യുഡിഎഫ് ലക്ഷ്യമെന്നും അറിയിച്ചു.
നിലവിലെ പ്രസിഡന്റ് കെ.സുനിൽ കഴിഞ്ഞ 25 വർഷത്തിനു ശേഷം ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.
പാർട്ടി പ്രവർത്തന രംഗത്തേക്ക് മാറി പ്രചാരണ രംഗത്ത് സജീവമായി പ്രവർത്തിച്ചെങ്കിലും എൽഡിഎഫിനെ അധികാരത്തിൽ എത്തിക്കാൻ സാധിച്ചില്ല.
സിപിഎമ്മിന്റെ ചക്കിട്ടപാറ ലോക്കൽ സെക്രട്ടറി എ.ജി.ഭാസ്കരൻ, മുതുകാട് ലോക്കൽ സെക്രട്ടറി പി.സി.സുരാജൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുജാത മനയ്ക്കൽ, നിലവിലെ മെംബർ ബിന്ദു വൽസൻ എന്നിവരും വിജയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

