പേരാമ്പ്ര∙ തദ്ദേശ തിരഞ്ഞെടുപ്പിൽ എരവട്ടൂരിൽ നിന്നു ഗോദയിൽ ഇറങ്ങി 3 സഹോദരിമാർ. പേരാമ്പ്ര എരവട്ടൂരിലെ കിഴക്കയിൽ ഓമന അമ്മയുടെ മക്കളായ വനജ, സരിത, സജിത എന്നിവരാണ് സിപിഎമ്മിനു വേണ്ടി വിവിധയിടങ്ങളിൽ ജനവിധി തേടുന്നത്.
എരവട്ടൂരിലെ കിഴക്കയിൽ വീട്ടിൽ താമസിക്കുന്ന മൂത്ത മകൾ വനജ (56) പേരാമ്പ്ര പഞ്ചായത്തിലെ 17-ാം വാർഡിലാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.
പേരാമ്പ്ര റീജനൽ ബാങ്ക് ഡയറക്ടറായ വനജയുടെ കന്നി അങ്കമാണിത്. രണ്ടാമത്തെ മകളായ സരിത (50) ഇത്തവണ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ കൈവേലി ഡിവിഷനിലാണ് എൽഡിഎഫ്സ്ഥാ നാർഥിയാകുന്നത്. നിലവിൽ കായക്കൊടി പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷയാണ്. യുഡിഎഫ് ഏറെക്കാലം വിജയിച്ചിരുന്ന 9–ാം വാർഡിൽ കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർഥിയായി വിജയം നേടിയാണ് സരിത ശ്രദ്ധേയയായത്. ഇളയ മകൾ സജിത (46) ആദ്യമായാണ് ജനവിധി തേടുന്നത്.
മണിയൂർ പഞ്ചായത്തിലെ 6–ാം വാർഡിലാണ് സജിതയുടെ മത്സരം.
പിതാവ് കുഞ്ഞിക്കൃഷ്ണൻ നായരുടെ കൈപിടിച്ച് പൊതുപ്രവർത്തന രംഗത്ത് ഇറങ്ങിയവരാണു ഈ 3 മക്കളും. സിപിഎം പ്രവർത്തകനും കലാകാരനുമായിരുന്ന കുഞ്ഞിക്കൃഷ്ണൻ നായർ, നാടകം, ഡാൻസ്, ഒപ്പന, എഴുത്ത്, പാചകം തുടങ്ങിയ മേഖലകളിൽ പ്രതിഫലമില്ലാതെ സേവനം ചെയ്തിരുന്നു. 3 മക്കളും എരവട്ടൂർ കിഴക്കയിൽ വീട്ടിൽ ഒത്തു ചേർന്ന് പിതാവിന്റെ ഓർമ പുതുക്കി അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറപ്പെട്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

