ചേവായൂർ∙ മെഡിക്കൽ കോളജ് – കുറ്റിക്കാട്ടൂർ ഭാഗത്തേക്കുള്ള ബസ് ബേയുടെ ഉദ്ഘാടനം നടക്കാനിരിക്കെ വാഹനം നിർത്തിയിടുന്നത് സംബന്ധിച്ച് ആംബുലൻസ് ഡ്രൈവർമാരും പൊലീസും തമ്മിൽ തർക്കം. ബസ് ബേ 20ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ആംബുലൻസിന് സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ചാണ് തർക്കം. 40 വർഷമായി മെഡിക്കൽ കോളജിനെ ആശ്രയിച്ച് ആംബുലൻസ് സർവീസ് നടത്തുന്ന 4 ട്രേഡ് യൂണിയനിൽ പെട്ട 30 ഡ്രൈവർമാരാണ് തങ്ങൾക്ക് മുൻപുണ്ടായിരുന്ന സ്ഥലത്ത് തന്നെ ആംബുലൻസുകൾ നിർത്താൻ സ്ഥലം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ബസ് ബേയുടെ മുൻവശത്ത് റോഡരികിൽ പൊതുമരാമത്ത് വകുപ്പ് നിർദേശിച്ച സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിടുന്നതു തുടരുന്നതിൽ മാറ്റം വരുത്തരുതെന്ന് ഐഎൻടിയുസി, സിഐടിയു, ബിഎംഎസ്, എസ്ടിയു തുടങ്ങിയ യൂണിയനുകൾ ഒന്നിച്ച് ആവശ്യപ്പെട്ടു.
മുൻപ് ബസ് കാത്തിരിപ്പു കേന്ദ്രം ഉണ്ടായിരുന്ന സ്ഥലമാണിത്. അതേസമയം അടയാളപ്പെടുത്തിയ സ്ഥലത്ത് 8 – 9 ആംബുലൻസുകൾ നിർത്തുന്നതിൽ കോർപറേഷന് അനുകൂല നിലപാടാണ്.
എന്നാൽ രണ്ട് ബസ് ഷെൽട്ടറുകളുള്ള ബസ് ബേയിൽ ആശുപത്രിയിൽ നിന്നെത്തുന്ന രോഗികളും മറ്റു യാത്രക്കാരും 3 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും എത്തുന്നതോടെ വൻ തിരക്ക് അനുഭവപ്പെടും.
ഇവിടെ ബസ് ബേയ്ക്ക് മുൻഭാഗത്ത് ആംബുലൻസ് നിർത്തിയിട്ടാൽ ബസുകൾക്ക് കയറാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പൊലീസ് പറയുന്നു. 6 ആംബുലൻസുകൾക്ക് വരെ ബേയ്ക്കുള്ളിലെ ഹ്രസ്വദൂര ബസുകൾ നിർത്തുന്ന രണ്ടാമത്തെ ഷെൽട്ടറിന് സമീപ വശത്തായി നിർത്താൻ സൗകര്യം അനുവദിച്ചിട്ടുണ്ട്.
ഒരേ സമയത്ത് ദീർഘദൂര വണ്ടികളടക്കം വന്നുപോകുന്ന ബസ് ബേയിൽ തിരക്ക് കൂടുന്നതോടെ അപകടസാധ്യതയും ഏറുമെന്നാണ് പൊലീസിന്റെ വിശദീകരണം.
റോഡിന്റെ മുൻവശത്തായി റാക്ക് വരച്ച് അടയാളപ്പെടുത്തിയത് നിയമവിരുദ്ധമാണെന്നും മെഡിക്കൽ കോളജ് എസിപിയും ട്രാഫിക് പൊലീസും അറിയിച്ചു. പ്രശ്നം രൂക്ഷമായതോടെ 16 ന് കമ്മിഷണർ ഓഫിസിൽ ആംബുലൻസ് സംഘടനകൾ പൊലീസ് അധികൃതരുമായി ചർച്ച നടത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]