ബേപ്പൂർ∙ അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ നടപടിയില്ല, വാഹനങ്ങൾ നിർത്താൻ ഇടമില്ലാതെ ബേപ്പൂർ മത്സ്യബന്ധന ഹാർബർ. ട്രോളിങ് നിരോധനം നീങ്ങിയതോടെ സജീവമായ ഹാർബറിൽ വാഹന പാർക്കിങ് പരിമിതി വലിയ പ്രതിസന്ധിയായി.
സ്ഥലസൗകര്യം ഇല്ലാത്തതിനാൽ മത്സ്യം കയറ്റാൻ എത്തുന്ന വാഹനങ്ങൾ പലയിടങ്ങളിലാണ് നിർത്തുന്നത്. ഇതു കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്ക ഉയർന്നു. പഴയ വാർഫിന്റെയും പുതിയ വാർഫിന്റെയും പരിസരങ്ങളിൽ ചെറുതും വലുതുമായി അൻപതോളം വാഹനങ്ങൾ നിർത്താൻ ഹാർബറിൽ സ്ഥലസൗകര്യമുണ്ട്.
എന്നാൽ നിലവിലെ രീതി പ്രകാരം ഒരു തവണ ടോൾ നൽകി ഹാർബറിൽ പ്രവേശിക്കുന്ന വാഹനം എത്ര ദിവസം വേണമെങ്കിലും ഇവിടെ നിർത്തിയിടാം.
ഇതിനാൽ സുരക്ഷിത സ്ഥലമെന്ന നിലയിൽ ചില വാഹനങ്ങൾ ഒരാഴ്ച വരെ നിർത്തി പോകുന്നവരുണ്ട്. ഒരു നിയന്ത്രണവും ഇല്ലാതെയാണ് ഇപ്പോഴത്തെ പാർക്കിങ്.
ഇരുചക്ര വാഹനങ്ങൾ തലങ്ങും വിലങ്ങുമായാണ് നിർത്തുന്നത്. പാർക്കിങ് പരിമിതി മറ്റു ഹാർബറുകളിൽ നിന്നുള്ള വാഹനങ്ങളുടെ വരവിനെ ബാധിച്ചു.
ലോറിക്കാർക്ക് പെട്ടെന്നു മീൻ കയറ്റിപ്പോകാൻ കഴിയാത്ത സ്ഥിതിയാണ്. വലിയ വാഹനങ്ങൾക്ക് പെട്ടെന്നു തിരിച്ചു പോകാൻ പ്രയാസമാകും വിധത്തിൽ പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ നിറഞ്ഞിട്ടുണ്ട്.
ഹാർബറിലെ അനധികൃത പാർക്കിങ് തടയാൻ വാഹനങ്ങൾക്ക് ഫീസ് ഏർപ്പെടുത്താൻ കഴിഞ്ഞ മാസം കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഹാർബർ മാനേജ്മെന്റ് സൊസൈറ്റി യോഗം തീരുമാനിച്ചിരുന്നു. ഈ മാസം ഒന്നു മുതൽ ഫീസ് പിരിവ് നടപടികൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല. ഇരുചക്ര വാഹനങ്ങൾ നിർത്താൻ ഫിഷറീസ് ഓഫിസിനു സമീപത്തെ ഒഴിഞ്ഞ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബേപ്പൂർ ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കലക്ടർക്കും ഫിഷറീസ് അധികൃതർക്കും നിവേദനം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]