
കോഴിക്കോട് ∙ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ചാത്തുണ്ണിയുടെ ഓർമകളാണ് മക്കളായ പത്മജത്തിനും പങ്കജത്തിനും കിട്ടുന്ന പെൻഷൻതുക. കാൻസറും ഹൃദ്രോഗവും അടക്കമുള്ള രോഗങ്ങളിൽപെട്ട് ഉഴലുന്ന 2 സഹോദരിമാർ സ്വാതന്ത്ര്യദിനത്തിന്റെ തലേന്നും ആശുപത്രിക്കിടക്കയിലാണ്.
മുടങ്ങിപ്പോയ ആ പെൻഷൻതുക എന്നു കിട്ടുമെന്നറിയാതെ കാത്തിരിക്കുകയാണ് അവർ.
എല്ലാ തവണയും മസ്റ്ററിങ് ചെയ്യാറുണ്ടെങ്കിലും മസ്റ്ററിങ് മുടങ്ങിയെന്ന കാരണം പറഞ്ഞാണ് 3 വർഷമായി പെൻഷൻ തടഞ്ഞത്. മുടങ്ങിയ പെൻഷനും കുടിശികയും നൽകാനുള്ള ഉത്തരവ് ഏപ്രിൽ 2ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചെങ്കിലും ഇതുവരെ ലഭിച്ചില്ല.
സ്വാതന്ത്ര്യസമര സേനാനി നടക്കാവ് തായോടിനിലംപറമ്പ് മാളു വിഹാറിൽ ചാത്തുണ്ണിയുടെ ആറു മക്കളിൽ അവിവാഹിതരായ രണ്ടുപേരാണ് പത്മജവും പങ്കജവും.
ചാത്തുണ്ണിയുടെ മരണശേഷം സ്വാതന്ത്ര്യസമര പെൻഷൻ കിട്ടിയിരുന്നത് ഭാര്യ നാരായണിക്കാണ്. നാരായണി 10 വർഷം മുൻപാണ് മരിച്ചത്.
അമ്മയുടെ മരണശേഷമാണ് അവിവാഹിതരായ രണ്ടു പെൺമക്കൾക്കു പെൻഷൻ ലഭിക്കാൻ തുടങ്ങിയത്. ഇരുവർക്കും 70 വയസ്സു പിന്നിട്ടു.
ഇവർക്കൊപ്പം അമ്മാവന്റെ മകളായ തൊണ്ണൂറുകാരിയും വീട്ടിലുണ്ട്.
രോഗങ്ങളുടെ പിടിയിലാണ് പങ്കജം (73). 10 വർഷം മുൻപ് തലയിൽ ടിബി ബാധയുണ്ടായി.
അടുത്തകാലത്ത് കാൻസറിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കുറച്ചുദിവസമായി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയോടെയാണ് ആശുപത്രിവിട്ട് വീട്ടിലെത്തിയത്. സഹോദരി പത്മജത്തിനും (70) ഹൃദയസംബന്ധമായ രോഗങ്ങളുണ്ട്.
വീടിനടുത്തുള്ള സ്വകാര്യബാങ്കു വഴിയാണ് ഇരുവർക്കും സ്വാതന്ത്ര്യസമര പെൻഷൻ കിട്ടിയിരുന്നത്.
2022 മുതലാണ് മസ്റ്ററിങ് മുടങ്ങിയെന്ന കാരണം പറഞ്ഞ് പെൻഷൻ ലഭിക്കാതായത്. എല്ലാ വർഷവും കൃത്യമായി മസ്റ്ററിങ് നടത്തുന്നവരാണ് ഇരുവരും.
പെൻഷൻ മുടങ്ങിയപ്പോൾ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽവരെ പോയി പരാതി നൽകി.അവിടെനിന്ന് പരാതി ഡൽഹിയിലേക്ക് അയയ്ക്കുകയും ഉദ്യോഗസ്ഥരെത്തി പരിശോധന പൂർത്തിയാക്കുകയും ചെയ്തു. തുടർന്നാണ് പെൻഷൻ തുകയും കുടിശികയും നൽകാനുള്ള ഉത്തരവ് ഏപ്രിൽ രണ്ടിന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്.
പക്ഷേ 4 മാസം പിന്നിട്ടിട്ടും തുക കിട്ടിയിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]