
വിലങ്ങാട് ഉരുൾദുരന്തം: രണ്ടാം പട്ടികയിലുള്ളവരെ വിളിച്ചു വരുത്തി, തഴഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിലങ്ങാട് ∙ കഴിഞ്ഞ ജൂലൈയിലെ ഉരുൾപൊട്ടലിൽ വീടു പൂർണമായി നഷ്ടമായവരുടെ പട്ടികയിൽ ഉൾപ്പെട്ട 31 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം സഹായധനം അനുവദിച്ച സർക്കാർ, രണ്ടാം പട്ടികയിൽ ഉൾപ്പെട്ടവരെ പൂർണമായും തഴഞ്ഞു. മേയ് 6ന് ഇ.കെ.വിജയൻ എംഎൽഎയുടെ സാന്നിധ്യത്തിൽ വാണിമേൽ പഞ്ചായത്ത് ഓഫിസിൽ കലക്ടർ സ്നേഹിൽകുമാർ സിങ് പങ്കെടുത്ത വിലങ്ങാട് അവലോകന യോഗത്തിനു ശേഷം എല്ലാ ദുരിതബാധിതർക്കും സഹായം നൽകുമെന്നായിരുന്നു പ്രഖ്യാപനം. 35 ദുരിതബാധിതരെ അന്നു വിളിച്ചു വരുത്തി ഫോൺ നമ്പറും മറ്റും വാങ്ങിച്ചതല്ലാതെ ആർക്കും ഒരു സഹായവും ലഭ്യമായിട്ടില്ല.മഴ കനത്തതോടെ വിലങ്ങാട്ട് വീണ്ടും ആശ്വാസ ക്യാംപ് തുടങ്ങുകയും ജനം വില്ലേജ് ഓഫിസ് ഉപരോധവും ഹർത്താലും അടക്കം നടത്തുകയും ചെയ്തതോടെ മേയ് 29ന് ആർഡിഒ കെ.അൻവർ സാദത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘമെത്തി ദുരിതബാധിതരുമായി ചർച്ച നടത്തിയിരുന്നു. അന്ന്, ദുരിതബാധിതരുടെ പുതിയ പട്ടിക തയാറാക്കി സർക്കാരിൽനിന്നു സഹായം ലഭ്യമാക്കുന്നതിനായി സമർപ്പിക്കാൻ തീരുമാനിച്ചാണു പിരിഞ്ഞത്. എന്നാൽ, ഇത്തരം പട്ടിക തയാറാക്കാനുള്ള ഒരു നടപടിയും തുടങ്ങിയിട്ടില്ല. ഉദ്യോഗസ്ഥർ തയാറാക്കിയ പട്ടികയിലുള്ളവർക്ക് ധനസഹായമായി 10 ലക്ഷം രൂപ അനുവദിക്കുമെന്നു ചിലർ പ്രചരിപ്പിച്ചെങ്കിലും പുതുതായി ആർക്കും പണം അനുവദിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ജില്ലാ ഭരണകൂടം നിയോഗിച്ച ഉദ്യോഗസ്ഥ സംഘമാണു വാസയോഗ്യമല്ലാത്തതും ഭീഷണി നിലനിൽക്കുന്നതുമായ വീടുകളിൽ താമസിക്കുന്നവരുടെ രണ്ടാം പട്ടിക തയാറാക്കിയത്.
നിർമാണ വിലക്ക്: തീരുമാനമായില്ല
വിലങ്ങാട്ടെ 3 വാർഡുകളിലെ നിർമാണ വിലക്കിന്റെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. നിർമാണങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും നിയന്ത്രണം മാത്രമാണുള്ളതെന്നുമാണു കലക്ടർ വിശദീകരിച്ചത്. നിർമാണം നടത്തുന്നവർ പഞ്ചായത്തിൽ അപേക്ഷ നൽകാനും ഈ അപേക്ഷകളിൽ ഡപ്യൂട്ടി കലക്ടർ (ദുരന്ത നിവാരണ വിഭാഗം) തീരുമാനം എടുക്കാനുമായിരുന്നു ധാരണ. ഡപ്യൂട്ടി കലക്ടർ വിരമിച്ചതോടെ ഈ തസ്തികയിൽ ഇപ്പോൾ ആരും ചുമതലയേറ്റിട്ടില്ലെന്നും അപേക്ഷകളിൽ ആരു തീരുമാനമെടുക്കുമെന്നുമാണു ദുരിതബാധിതരുടെ ചോദ്യം.