എലത്തൂർ ∙ ചെട്ടികുളം സേതു സീതാറാം എഎൽപി സ്കൂളിലെ കുട്ടികൾ കൗതുകത്തോടെയാണു കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയത്. സ്കൂളിന്റെ 126ം വാർഷികാഘോഷം ‘അരങ്ങ് 26’ ന്റെ ഭാഗമായി വിദ്യാർഥികൾക്കു സമ്മാനിച്ച ഹ്യൂമനോയ്ഡ് റോബട്ടിക് ടീച്ചർ അസിസ്റ്റന്റ് ‘സൈറ’യെ കാണാൻ.
കുട്ടികൾ വാർഷികാഘോഷ വേദിയിൽ എത്തിയ ‘സൈറ’യെ കയ്യടിച്ചാണ് സ്വീകരിച്ചത്.
സാങ്കേതികവിദ്യ ഉപയോഗിച്ച കുട്ടികളുടെ പഠനം രസകരമാക്കാൻ ഉദ്ദേശിച്ചാണ് സ്കൂൾ അധികൃതർ റോബട്ടിക് ടീച്ചറെ നിർമിച്ചത്. മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ആധുനിക എഐ സംവിധാനങ്ങളെ അടിസ്ഥാനമാക്കിയുള്ള റോബട്ടിക് ടീച്ചർ കുട്ടികളുടെ ഏത് ചോദ്യങ്ങൾക്കും ഏതു ഭാഷയിലും ഉത്തരം പറയുന്നതോടൊപ്പം അധ്യാപകരുടെ അസിസ്റ്റന്റായി പ്രവർത്തിക്കുകയും ചെയ്യും.
‘സേതൂസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബട്ടിക് അസിസ്റ്റന്റ്’ എന്നതാണ് സൈറയുടെ പൂർണ നാമം. തൃശൂർ ചിറ്റിലപ്പിള്ളി ഐഇഎസ് എൻജിനീയറിങ് കോളജിലെ പത്തോളം സാങ്കേതിക വിദഗ്ധർ 6 മാസം സമയമെടുത്താണ് സൈറയുടെ രൂപകൽപന നടത്തിയത്.
അഡ്വാൻസ്ഡ് മോഷൻ സെൻസറിങ്, കണ്ണ്, ചുണ്ടുകൾ, കൈകൾ എന്നിവയുടെ ചലനം, നിശ്ചിത സ്ഥലങ്ങളിലേക്ക് നീങ്ങാനും ആവശ്യമായ രീതിയിൽ മുഖം തിരിക്കാനും കഴിയുന്നതും ഉൾപ്പെടെ ഒട്ടേറെ പ്രത്യേകതകളാണ് സൈറയെ വ്യത്യസ്തമാക്കുന്നത്.
വിരമിക്കുന്ന അധ്യാപിക കെ.ഷൈബിക്കു ഡപ്യൂട്ടി മേയർ എസ്.ജയശ്രീ ഉപഹാര സമർപ്പണം നടത്തി. വാർഡ് കൗൺസിലർമാരായ വി.സുനിൽകുമാർ, നിഷിത ശിവൻ, ഹെഡ്മാസ്റ്റർ പി.സുരാജ്, മാനേജർ വി.കെ.അബ്ദുറഹിമാൻ, പിടിഎ പ്രസിഡന്റ് സി.പി.ജലീൽ, ഐഇഎസ് റോബട്ടിക് ഡിവിഷൻ കോഓർഡിനേറ്റർ കതിരു ശാന്തികുമാർ, മുൻ പ്രധാനാധ്യാപകൻ കെ.സി.അബ്ദുസ്സലാം, അധ്യാപകരായ പി.ടി.സക്കീന, കെ.എം.മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

