കോഴിക്കോട്∙ റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയുടെ ഭാഗമായുള്ള എയർ കോൺകോഴ്സിന്റെ (കെട്ടിടങ്ങളുടെ മുകൾ നിലകളെ റെയിൽവേ ട്രാക്കിനു മീതെ ബന്ധിപ്പിക്കുന്ന ഇടനാഴി) വീതി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ യാത്രക്കാരും ജനപ്രതിനിധികളും രംഗത്തെത്തി. അമൃത്ഭാരത് പദ്ധതിയുടെ ഭാഗമായുള്ള സമഗ്ര വികസന പദ്ധതിയിൽ, 48 മീറ്റർ ആകാശ ഇടനാഴിയാണു തുടക്കത്തിൽ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീടിത് 24 മീറ്ററായി ചുരുക്കുകയായിരുന്നു. നിലവിൽ പ്രതിദിനം 65,000നും 70,000നും ഇടയിൽ യാത്രക്കാർ വന്നു പോകുന്ന സ്റ്റേഷനാണു കോഴിക്കോട്. പാലക്കാട് ഡിവിഷനു കീഴിൽ എ1 വിഭാഗത്തിൽ വരുന്ന ഏക സ്റ്റേഷനുമാണ്.
445.95 കോടി രൂപ ചെലവിട്ട്, 40 വർഷത്തെ ആവശ്യം മുന്നിൽക്കണ്ടുള്ള വികസന പദ്ധതിയാണു നടപ്പാക്കുന്നത്.
സിനിമ തിയറ്റർ, ഷോപ്പിങ് മാൾ, ഹോട്ടൽ, റസ്റ്ററന്റ് തുടങ്ങി യാത്രക്കാർക്കും യാത്രയയ്ക്കാൻ വരുന്നവർക്കും റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സമയം ചെലവിടാനുള്ള ഒട്ടേറെ നിർദേശങ്ങൾ പദ്ധതിയിലുണ്ട്. ടിക്കറ്റില്ലാതെ തന്നെ ഇത്തരം വ്യാപാര കേന്ദ്രങ്ങളിലേക്കു ജനങ്ങൾക്കു പ്രവേശിക്കാം. ഈ സാഹചര്യത്തിൽ, സ്റ്റേഷനിൽ എത്തുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നുറപ്പാണ്. പ്ലാറ്റ്ഫോമുകൾക്കിടയിലും വ്യാപാര കേന്ദ്രങ്ങൾക്കിടയിലും സുഗമമായ യാത്ര പരിഗണിച്ചാണ് ഇടനാഴിയുടെ വീതി 48 മീറ്ററാക്കിയത്.
വീതി കുറയ്ക്കുന്നത് തിക്കും തിരക്കും ഉണ്ടാക്കാനിടയാക്കും.
നിലവിലുള്ള വികസന പദ്ധതിയുടെ ഭാഗമായി 48 മീറ്റർ വീതിയിൽ ഇടനാഴി നിർമിക്കുന്നതാണ് എളുപ്പം. ഭാവിയിൽ തിക്കും തിരക്കുമുണ്ടാകുമ്പോൾ വീണ്ടും നിർമാണം നടത്തുന്നത് അധികച്ചെലവിനും ജനങ്ങൾക്ക് അസൗകര്യമുണ്ടാകാനും ഇടയാക്കും.
24 മീറ്റർ വീതിയിൽ ഇടനാഴി നിർമിക്കാനുള്ള തീരുമാനം സ്ഥിരീകരിച്ച റെയിൽവേ അധികൃതർ, ചെലവു ചുരുക്കലും നിർമാണ സൗകര്യവും സാങ്കേതിക കാര്യങ്ങളും പരിഗണിച്ചാണിതെന്നു വിശദീകരിച്ചു. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന റെയിൽവേ സ്റ്റേഷൻ വികസന അവലോകന യോഗത്തിൽ വിഷയം ചർച്ചയ്ക്കു വന്നിരുന്നു. 24 മീറ്ററാക്കിയ കാര്യം റെയിൽവേ അധികൃതർ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
2,3 പ്ലാറ്റ്ഫോമുകളിലെ കെട്ടിടങ്ങൾ ജനുവരിയോടെ പൊളിക്കും
വികസന പദ്ധതിയുടെ ഭാഗമായി, 2,3 പ്ലാറ്റ്ഫോമുകളിൽ നിലവിലുള്ള കെട്ടിടങ്ങൾ ജനുവരിയോടെ പൂർണമായി പൊളിച്ചു നീക്കും.
ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ഓഫിസുകൾ നാലാം പ്ലാറ്റ്ഫോമിലെ കെട്ടിടങ്ങളിലേക്കു മാറ്റാൻ തുടങ്ങിയിട്ടുണ്ട്. ഇതിനു ശേഷം, ഉയരത്തിൽ ഷീറ്റു വച്ച് ഇരുഭാഗവും മറച്ച ശേഷം കെട്ടിടങ്ങൾ പൊളിച്ചു നീക്കി, പുതിയതു നിർമിക്കും.
ഒന്നാം പ്ലാറ്റ്ഫോമിലെ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചു നീക്കി.
ഇവിടെ പുതിയ ബഹുനില കെട്ടിടത്തിന്റെ പൈലിങ് നടക്കുകയാണ്. പടിഞ്ഞാറു ഭാഗത്തെ ബഹുനില കാർ പാർക്കിങ്ങിന്റെ നിർമാണം കാൽഭാഗം പൂർത്തിയായി.
കിഴക്കു ഭാഗത്തെ ബഹുനില കാർ പാർക്കിങ്ങിന്റെ പൈലിങ് പൂർത്തിയാക്കി, പില്ലറുകളുടെ നിർമാണം തുടങ്ങി. റെയിൽവേ ആശുപത്രിയുടെയും സ്റ്റാഫ് ക്വാർട്ടേഴ്സുകളുടെയും നിർമാണവും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
എം.കെ.രാഘവൻ എംപി കത്തയച്ചു
ആകാശ ഇടനാഴിയുടെ വീതി കുറയ്ക്കാനുള്ള തീരുമാനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എം.കെ.രാഘവൻ എംപി കേന്ദ്ര റെയിൽവേ മന്ത്രിക്കും റെയിൽവേ സ്ഥിരം സമിതി അധ്യക്ഷനും കത്തയച്ചു.
‘പദ്ധതിയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണു 48 മീറ്റർ വീതിയുള്ള ഇടനാഴി. സുഗമമായ സഞ്ചാരത്തിനും ഭാവിയിലെ വർധിച്ച യാത്രാ ശേഷിക്കും ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനും അത്യന്താപേക്ഷിതമാണിത്. എം.കെ.രാഘവൻ എംപി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]