ഫറോക്ക് ∙ ‘അമൃത് ഭാരത് സ്റ്റേഷൻ’ പദ്ധതിയിൽ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന വികസന പ്രവൃത്തികളിൽ പ്രവേശന വഴിയിൽ പൂട്ടുകട്ട വിരിക്കൽ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ നിർദേശം.
നിർമാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താൻ സ്റ്റേഷനിലെത്തിയ പാലക്കാട് ഡിവിഷനൽ മാനേജർ മധുഖർ റോട്ടാണ് ഇക്കാര്യം നിർദേശിച്ചത്.സ്റ്റേഷനിലെ പ്രവൃത്തികൾ നേരിൽ കണ്ട അദ്ദേഹം പൂട്ടുകട്ട
പാകുന്നതു വൈകിയതിനു കരാറുകാരനെ താക്കീത് ചെയ്തു.
കാർ പോർച്ച് പ്രവൃത്തിയും രണ്ടാം പ്ലാറ്റ്ഫോം പ്രവൃത്തിയും പെട്ടെന്നു പൂർത്തിയാക്കുന്നതിന് ഇടപെടൽ നടത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കരുവൻതിരുത്തി റോഡിൽ നിന്നു രണ്ടാം പ്ലാറ്റ്ഫോമിലേക്കുള്ള റോഡ് വീതികൂട്ടി വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരുമായി ബന്ധപ്പെടാൻ മുതിർന്ന ഉദ്യോഗസ്ഥരോട് നിർദേശിച്ചു.അമൃത് ഭാരത് പദ്ധതിയിൽ 2 ഘട്ടങ്ങളിലായി 9.83 കോടി രൂപ ചെലവിട്ടാണു റെയിൽവേ സ്റ്റേഷന്റെ മുഖഛായ മിനുക്കുന്നത്.
ഇതിൽ ആദ്യഘട്ട പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായെങ്കിലും രണ്ടാം ഘട്ടം നീളുകയാണ്.
ഇക്കാര്യം ഉദ്യോഗസ്ഥർ വിലയിരുത്തി.
രണ്ടാം പ്ലാറ്റ്ഫോമിന്റെ ഉപരിതലം ഉയരം കൂട്ടൽ, സ്റ്റേഷൻ കവാടത്തിൽ പുതിയ പൂമുഖം (പോർട്ടിക്കോ) നിർമിക്കൽ, പാർക്കിങ് ഏരിയ വിപുലീകരണം, അലങ്കാര വിളക്കുകൾ തുടങ്ങിയ പ്രവൃത്തികളാണു രണ്ടാം ഘട്ടത്തിലുള്ളത്. ഇതിൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ ഉപരിതലത്തിന്റെ പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല.
പോർട്ടിക്കോ, പാർക്കിങ് ഏരിയ എന്നിവയുടെ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്.
അസിസ്റ്റന്റ് ഡിവിഷനൽ മാനേജർ എസ്.ജയകൃഷ്ണൻ, സീനിയർ ഡിവിഷനൽ എൻജിനീയർ കോഓർഡിനേഷൻ മുഹമ്മദ് ഇസ്ലാം, സീനിയർ ഡിവിഷനൽ എൻജിനീയർ (വെസ്റ്റ്) അഭിഷേക് വർമ, സീനിയർ ഡിവിഷനൽ കൊമേഴ്സൽ മാനേജർ അരുൺ തോമസ് കളത്തിങ്കൽ, സീനിയർ ഡിവിഷനൽ ഓപ്പറേഷൻ മാനേജർ പി.ബാലമുരളി, സീനിയർ ഡിവിഷനൽ സേഫ്റ്റി ഓഫിസർ എം.ബെന്നി വർഗീസ്, അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർ എം.ജവാഹർ, സീനിയർ സെക്ഷൻ എൻജിനീയർ ആബിദ് പരാരി, സ്റ്റേഷൻ സൂപ്രണ്ട് ജി.എസ്.മനോജ് എന്നിവർ ഒപ്പമുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]