
ഫറോക്ക്∙ മേൽപാലം നിർമാണ പ്രവൃത്തിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ചെറുവണ്ണൂരിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. പഴയ ദേശീയപാതയിൽ സദാസമയവും വാഹനങ്ങൾ കുരുക്കിലകപ്പെടുകയാണ്.
മേൽപാലം പൈലിങ് പ്രവൃത്തിക്ക് വേണ്ടി ടിപി റോഡിലേക്കുള്ള പ്രവേശനം വിലക്കിയതോടെയാണ് സ്ഥിതി വഷളായത്. ടിപി റോഡ് ജംക്ഷൻ മുതൽ പെട്രോൾ പമ്പ് വരെയുള്ള ഭാഗത്ത് താൽക്കാലികമായി നിർമിച്ച സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
ഇവിടെ ശരിയായ രീതിയിൽ റോഡ് ഒരുക്കി ടാറിങ് നടത്തിയിട്ടില്ല.
ഇതിനാൽ വാഹനങ്ങൾക്ക് പെട്ടെന്നു കടന്നു പോകാൻ കഴിയാത്തതാണ് ഗതാഗതതടസ്സം സൃഷ്ടിക്കുന്നത്.റോഡിൽ തിരക്കേറുന്ന രാവിലെയും വൈകിട്ടും ഗതാഗതം താറുമാറാകുകയാണ്. ഇരുവശത്തു നിന്നുമെത്തുന്ന വാഹനങ്ങൾ ഏറെനേരം വഴിയിൽ കുടുങ്ങും.
വിദ്യാർഥികളും ഓഫിസ് ജീവനക്കാരും അടക്കമുള്ള യാത്രക്കാർ വലയുകയാണ്.ചെറിയൊരു ഗതാഗതക്കുരുക്ക് ഉണ്ടായാൽ നഗരത്തിലേക്കുള്ള വാഹനങ്ങളുടെ നിര പുതിയ പാലം വരെയെത്തും.
മറുവശത്ത് ചെറുവണ്ണൂർ സ്രാമ്പ്യ പരിസരത്താകും വാഹനങ്ങളുടെ നിര. ബിസി റോഡും കൊളത്തറ റോഡും ചേരുന്നത് ചെറുവണ്ണൂർ ജംക്ഷനിലാണ്.
ഇവിടങ്ങളിൽ നിന്നു കൂടുതൽ വാഹനങ്ങൾ എത്തുന്നതും അശ്രദ്ധയോടെ ജംക്ഷനിലേക്ക് പ്രവേശിക്കുന്നതും ഗതാഗത സ്തംഭനത്തിന് ഇടയാക്കുന്നുണ്ട്.ഗതാഗതക്കുരുക്കുണ്ടായാൽ ചെറുവണ്ണൂരിൽ നിന്നു രക്ഷപ്പെടാൻ അര മണിക്കൂറിലേറെ സമയം എടുക്കുന്നതായി യാത്രക്കാർ പറഞ്ഞു.
പലപ്പോഴും പൊലീസും പൊതുപ്രവർത്തകരും ഇടപെട്ടാണ് അങ്ങാടിയിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നത്. ജംക്ഷനിൽ പതിവായി ഒരു പൊലീസുകാരൻ എത്തുന്നുണ്ടെങ്കിലും മേൽപാലം നിർമാണത്തെ തുടർന്നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഇവിടെ കൂടുതൽ പൊലീസിനെ നിയോഗിക്കാത്തതും യാത്രക്കാർക്ക് തിരിച്ചടിയാണ്.
മേൽപാലം പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഗതാഗതം നിയന്ത്രിക്കേണ്ട സാഹചര്യമാണുള്ളത്.
രൂക്ഷമായി തുടരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു ചെറുവണ്ണൂർ പൗരസമിതി ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]