
കോഴിക്കോട് ∙ വൃക്കയിലെ മൂത്രക്കല്ലിന്റെ കഠിനവേദന 4 മാസം സഹിച്ച ശേഷമേ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കല്ലു പൊടിച്ചു കിട്ടൂ. ശസ്ത്രക്രിയ ചെയ്യാൻ ഉപയോഗിക്കുന്ന കത്രികയ്ക്കു മൂർച്ചയില്ലാത്തതിനാൽ അവിടെയും വേദന കൂടും.
നെബുലൈഷേൻ മാസ്ക്, സർജിക്കൽ ബ്ലേഡ്, നൂൽ എന്നിവ തീർന്നു. സർജറി, മെഡിസിൻ, എല്ലുരോഗ വിഭാഗങ്ങളിൽ നിന്ന് ഇതു സംബന്ധിച്ച് ഇന്റന്റ് അയച്ചിട്ട് മാസങ്ങളായി.
ലാപ്പ്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീഡിൽ ഹോൾഡർ ഇല്ലാത്തതും, 2000, 3000 രൂപ വിലവരുന്ന കത്രികയ്ക്കു മൂർച്ചയില്ലാത്തതും ഡോക്ടർമാരെ ബുദ്ധിമുട്ടിക്കുന്നു.
പലരും സ്വന്തം കൈയിൽനിന്നു കാശ് മുടക്കിയാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. സർജറിക്ക് ഉപയോഗിക്കുന്ന ലേസർ ഫൈബറും ലഭ്യമല്ല.
സർജറി സമയത്തെ രക്തസ്രാവം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഫോഴ്സ് ട്രയാഡ് ഉപകരണത്തിന്റെ കുറവു കാരണം സർജറിയുടെ എണ്ണം കുറയ്ക്കുന്നു. താക്കോൽദ്വാര ശസ്ത്രക്രിയ അടക്കമുള്ള ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന ഇതിന് 70,000 രൂപയാണു വില. ഇത് ഒറ്റത്തവണ മാത്രമാണ് ഉപയോഗിക്കേണ്ടതെങ്കിലും ആവശ്യത്തിനു ലഭ്യമല്ലാത്തതിനാൽ എട്ടും പത്തും തവണ ഇത് ഉപയോഗിക്കുന്ന അവസ്ഥയാണ്.
യൂറോളജി വിഭാഗത്തിൽ മൂത്രത്തിലെ കല്ല് പൊടിക്കാൻ ഉപയോഗിക്കുന്ന രണ്ടര ലക്ഷത്തിലേറെ വിലയുള്ള ലേസർ ഉപകരണം ഏറെക്കാലം കേടായ ശേഷം നന്നാക്കിയതു മാസങ്ങൾക്കു മുൻപാണ്.
വേദന സഹിക്കാനാവാതെ എട്ടുപത്തു രോഗികൾ ചേർന്നു തുക മുടക്കി ഉപകരണം നന്നാക്കിയാണു പ്രശ്നത്തിന് പരിഹാരം കണ്ടതെന്നു ഡോക്ടർമാർ പറഞ്ഞു. എങ്കിലും കല്ലുപൊടിച്ചു കിട്ടാൻ 4 മാസത്തെ കാത്തിരിപ്പു വേണം. സ്വകാര്യ ആശുപത്രിയിൽ 70,000 രൂപ വരെ ലേസർ ഉപകരണം ഉപയോഗിച്ചുള്ള കല്ലു പൊടിക്കൽ ചികിത്സയ്ക്ക് ഈടാക്കുന്നുണ്ട്. നിലവിൽ മെഡിക്കൽ കോളജ് യൂറോളജി വിഭാഗത്തിൽ മൂത്രക്കല്ല് ചികിത്സയ്ക്ക് ബുക്ക് ചെയ്തു 4 മാസത്തിലേറെ കാത്തിരിക്കണം.
ആവശ്യത്തിനു ബ്ലീച്ചിങ് പൗഡർ ലഭിക്കാതെ ശുചീകരണത്തൊഴിലാളികൾ വാർഡുകളും ശുചിമുറികളും വൃത്തിയാക്കാൻ ബുദ്ധിമുട്ടുകയാണ്.
മഴക്കാലമായതോടെ മാലിന്യം നിറഞ്ഞു വാർഡുകളും ശുചിമുറികളും പരിസരവും വേഗത്തിൽ വൃത്തികേടാകുമ്പോൾ കൂടുതൽ അണുനശീകരണ വസ്തുക്കൾ ഉപയോഗിക്കേണ്ടതുണ്ട്. വാർഡുകളിൽ പരിമിത അളവിൽ മാത്രമേ സാധനം സ്റ്റോക്കുള്ളൂ. വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലഭ്യമാകുന്നില്ല.
ലോക്കൽ പർച്ചേസ് നടത്തിയാണ് താൽക്കാലികമായി പ്രശ്നം പരിഹരിക്കുന്നത്.
നോർമൽ സലൈൻ ക്ഷാമം രൂക്ഷം
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നോർമൽ സലൈൻ ക്ഷാമം രൂക്ഷം.
ഓരോ വിഭാഗത്തിലേക്കും നോർമൽ സലൈൻ ആവശ്യമായി വരുമ്പോൾ അതു സംഘടിപ്പിക്കാൻ ആശുപത്രിയിലെ ഫാർമസി വിഭാഗം ജീവനക്കാർ നെട്ടോട്ടമോടുന്നു. ഈ സാമ്പത്തിക വർഷത്തേക്കു 9 ലക്ഷം കുപ്പി നോർമൽ സലൈനു കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലേക്ക് ഇന്റന്റ് നൽകിയതാണ്.
എന്നാൽ, ഇതു പ്രകാരം നോർമൽ സലൈൻ എത്താത്തതാണ് ക്ഷാമത്തിനു കാരണം. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം, ജില്ലയിലെ വിവധ ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നു താൽക്കാലികമായി നോർമൽ സലൈൻ ഇവിടേക്ക് എത്തിക്കുകയാണ്.
എന്നാൽ ഇതുകൊണ്ടും ക്ഷാമം തീരുന്നില്ല. ഡയാലിസിസ് വിഭാഗത്തിലാണ് ക്ഷാമം കൂടുതൽ അനുഭവപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]