
തെന്നിമാറി വിമാനം രണ്ടായി പിളർന്ന കരിപ്പൂർ അപകടം; നടുക്കുന്ന ഓർമകളുമായി രക്ഷപെട്ടവർ
വിമാനാപകടം: നെഞ്ചിലെ തീയണയാതെ അഷ്റഫ്
നാദാപുരം∙ അഹമ്മദാബാദിലെ വിമാനാപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ കാണുമ്പോൾ ഇയ്യങ്കോട്ടെ മൂടോറ അഷ്റഫിന് (41) നെഞ്ചിൽ തീയാണ്. കരിപ്പൂർ വിമാനാപകടത്തിൽ കാലിനേറ്റ ഗുരുതര പരുക്കുകളോടെ, ജീവൻ തിരിച്ചുകിട്ടിയ അഷ്റഫ് ഇപ്പോഴും ചികിത്സയ്ക്കു ശേഷമുള്ള വിശ്രമത്തിലാണ്.
2020 ഓഗസ്റ്റ് 7ന് ആയിരുന്നു കരിപ്പൂരിലെ വിമാനദുരന്തം. ദുബായിൽ കഫറ്റേരിയ ഉടമയായിരുന്ന അഷ്റഫ് 40 ദിവസം കോഴിക്കോട്ടെ ആശുപത്രിവാസത്തിനിടയിൽ 4 ശസ്ത്രക്രിയകൾക്കാണു വിധേയനായത്.
ഇപ്പോഴും കാലിനുള്ളിൽ കമ്പികളുമായി കഴിയുന്ന അഷ്റഫിന്റെ കാലിന്റെ പരുക്കു കാരണം 5 സെന്റിമീറ്ററോളം ഉയരക്കുറവുണ്ട്. കുടുംബ സുഹൃത്ത് പി.കെ.റംഷാദ്, ഭാര്യ സുഫൈറ, ഇവരുടെ മകൾ ഷൈസ എന്നിവർക്കൊപ്പമായിരുന്നു അഷ്റഫ് ദുബായിൽ നിന്നു നാട്ടിലേക്കു തിരിച്ചത്.
ഇവർക്കും അന്ന് അപകടത്തിൽ നിസ്സാര പരുക്കേറ്റിരുന്നു. അഷ്റഫിന്റെ ചികിത്സാ ചെലവുകൾ വിമാനക്കമ്പനി വഹിച്ചു.
ഇൻഷുറൻസ് ആനുകൂല്യം ലഭിച്ചപ്പോൾ ആദ്യം സഹായ ധനമായി അനുവദിച്ച 2 ലക്ഷം രൂപ കഴിച്ചുള്ള തുകയാണ് ലഭിച്ചത്. നോർക്ക 50,000 രൂപ അനുവദിച്ചിരുന്നു.
5 വർഷമായി തൊഴിലൊന്നും ചെയ്യാൻ കഴിയാതെ വീട്ടിൽ തന്നെ കഴിയുകയാണ് അഷ്റഫ്. അമീന ഷെറിൻ പിലാശേരിയിലെ വീട്ടിൽ ഭർതൃപിതാവ് അമരക്കാട്ട് മൂസയും വിമാന ദുരന്തത്തിന്റെ വാർത്ത ഉള്ള പത്രം നോക്കിക്കാണുന്നു.
നടുക്കുന്ന ഓർമകളിൽ അമീന ഷെറിൻ
കുന്നമംഗലം∙ രാജ്യം വിമാന ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ 5 വർഷം മുൻപ് നടന്ന കരിപ്പൂർ വിമാനാപകടത്തിന്റെ നടുക്കുന്ന ഓർമകളുമായി ഇനിയും ഭേദമാകാനുള്ള പരുക്കുമായി വിശ്രമത്തിൽ കഴിയുകയാണ് പിലാശേരി മരതക്കാട്ട് അമീന ഷെറിൻ (26).
കോവിഡ് ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ വരാൻ കഴിയാതെ വിദേശത്ത് കുടുങ്ങിയവരെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ വന്ദേഭാരത് മിഷൻ പദ്ധതി പ്രകാരം പ്രവാസികളെയും വഹിച്ച് 2020 ഓഗസ്റ്റ് 7ന് ദുബായിൽ നിന്നു കോഴിക്കോട്ട് എത്തിയ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നു തെന്നിമാറി രണ്ടായി പിളർന്ന അപകടത്തിന്റെ ജീവിക്കുന്ന ഇരകളിൽ ഒരാളാണ് അമീന ഷെറിൻ. അപകടത്തിൽ അമീനയ്ക്കും മൂന്നു വയസ്സുകാരി മകൾ ഫാത്തിമ ഇസ്സയ്ക്കും പരുക്കേറ്റു. തൊട്ടടുത്ത സീറ്റിൽ ഇരുന്ന് യാത്ര ചെയ്ത ഭർത്താവ് ഷറഫുദ്ദീനെ എന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തു.
19 പേർ മരിച്ച അപകടത്തിൽ ആദ്യം സ്ഥിരീകരിച്ച മരണങ്ങളിൽ ഒന്നായിരുന്നു ഷറഫുദ്ദീന്റേത്. അപകടത്തെ തുടർന്ന് കാലിനു മാരകമായി പരുക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സ തുടരുകയാണ്.
അപകടത്തിന് 5 വർഷം പൂർത്തിയാകുഴും വാക്കറിന്റെ സഹായത്തോടെ നിൽക്കാൻ കഴിയുമെങ്കിലും സ്വന്തമായി നടക്കാനോ പരാശ്രയം ഇല്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാനോ കഴിയാത്ത അവസ്ഥയാണ് അമീന ഷെറിന്.അപകടത്തിന്റെ ഓർമകൾ ഒന്നും ഇല്ലെങ്കിലും രണ്ടാം ക്ലാസിൽ എത്തിയ മകൾക്കും ആശ്രയമായിരുന്ന മകനെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ആകാശത്തു കൂടെ പോകുന്ന വിമാനങ്ങൾ പോലും നോവിന്റെ കനലായി നെഞ്ചിൽ എരിയുകയാണ്.
പതിമംഗലത്തെ സ്വന്തം വീട്ടിലും പിലാശേരിയിലെ ഭർതൃവീട്ടിലും ആയി കഴിയുന്ന അമീന ഷെറിൻ ഓരോ തവണ ചികിത്സ കഴിഞ്ഞു വരുമ്പോഴും അടുത്ത ചികിത്സയോടെ സ്വന്തമായി നടക്കാനും കാര്യങ്ങൾ ചെയ്യാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]