കോഴിക്കോട്∙ പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളും ലഹരിയും വർധിക്കുന്ന സാഹചര്യത്തിൽ പൊലീസിന്റെ സോഷ്യൽ പൊലീസിങ് ഡിവിഷനു കീഴിലുള്ള ജനമൈത്രി സുരക്ഷാസമിതി ജില്ലാതല യോഗം വിളിച്ചു. റസിഡന്റ്സ് അസോസിയേഷനുകളിലെ ഓരോ ഭാരവാഹിയെ വീതമാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. കുട്ടികൾ ചതിക്കുഴിയിൽ വീഴുന്ന സംഭവങ്ങളിൽ ജനങ്ങളുടെ കരുതലോടെയുള്ള ഇടപെടൽ അത്യാവശ്യമാണെന്ന് ജനമൈത്രി നോഡൽ ഓഫിസർ എഎസ്പി പി.ബിജുരാജ് പറഞ്ഞു.
ഓരോ സ്കൂളുകൾ കേന്ദ്രീകരിച്ചും റസിഡന്റ്സ് അസോസിയേഷനുകൾ, പ്രദേശവാസികൾ, വ്യാപാരികൾ, ഓട്ടോ ഡ്രൈവർമാർ തുടങ്ങി എല്ലാവരെയും ചേർത്താണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ രൂപീകരിച്ചിരിക്കുന്നത്.
കുട്ടികളുടെ പ്രശ്നങ്ങളിൽ പ്രദേശവാസികൾ ഇടപെടുമ്പോൾ അതിനെ സദാചാര ഗുണ്ടായിസമായി ചിത്രീകരിക്കാനും തിരിച്ച് ആക്രമിക്കാനുമുള്ള സാഹചര്യം കൂടുതലാണ്. ഇത്തരം അവസ്ഥയിൽ ആദ്യം സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ വഴി ഇടപെടുകയാണ് ഫലപ്രദമെന്ന് ബിജുരാജ് പറഞ്ഞു.തന്റെ മകനോ മകളോ ലഹരി കേസുകളിലോ പോക്സോ കേസുകളിലോ പെടില്ല എന്ന അമിതവിശ്വാസമാണ് ഒട്ടുമിക്ക രക്ഷിതാക്കൾക്കുമെന്ന് കസബ സ്റ്റേഷൻ പരിധിയിലെ ജനമൈത്രി പ്രവർത്തകനായ വി.സജീവ് പറഞ്ഞു. മുൻകരുതലെടുക്കാൻ രക്ഷിതാക്കൾ തയാറാകണമെന്നും സജീവ് പറഞ്ഞു.നഗരത്തിൽ പാതിരാത്രിയിലും ലഹരിസംഘങ്ങൾ സജീവമാണെന്ന് യുകെഎസ് റോഡ് അയൽപക്കവേദി സെക്രട്ടറി ടി.കെ.ശിവപ്രസാദ് പറഞ്ഞു.
മുൻകാലങ്ങളിലുള്ളതു പോലെ രാത്രി 12നും രാവിലെ മൂന്നിനും കുറ്റിച്ചിറ, സൗത്ത് ബീച്ച് പോലുള്ള മേഖലകളിൽ പട്രോളിങ് വേണമെന്ന് വയലിൽ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി ഉസ്മാൻ കോയ പറഞ്ഞു. ച െമ്മങ്ങാട് പോലുള്ള സ്റ്റേഷൻ പരിധികളിൽ പണ്ട് 4 ബീറ്റ് ഓഫിസർമാരുണ്ടായിരുന്നിടത്ത് നിലവിൽ ഒരു ബീറ്റ് ഓഫിസർ മാത്രമായി ചുരുങ്ങിയത് പ്രതിസന്ധിയാണെന്ന് ഇടിയങ്ങര സൗത്ത് റസിഡന്റ്സ് ജനറൽ സെക്രട്ടറി കെ.എം.നിസാർ പറഞ്ഞു. പ്രദേശത്തെ വീടുകളിൽ കൂടതൽ വ്യക്തതയുള്ള സിസിടിവി സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൗണ്ടർ കേസുകൾ എടുക്കില്ലെങ്കിൽ ഒരാഴ്ച കൊണ്ട് കടപ്പുറത്തെ ലഹരിയും അതിക്രമങ്ങളും അവസാനിപ്പിക്കാൻ തീരദേശ റസിഡന്റ്സ് അസോസിയേഷനുകൾക്കു കഴിയുമെന്ന് ഹർഷൻ കാമ്പുറം പറഞ്ഞു.
രാത്രി പൊലീസ് സാന്നിധ്യമുണ്ടെങ്കിൽ ലഹരിമാഫിയയും അക്രമികളും ഒഴിഞ്ഞുപോകും. തീരദേശമേഖലയിൽ രാത്രി 11 കഴിഞ്ഞാൽ പൊലീസ് സാന്നിധ്യം അത്യാവശ്യമാണ്. പലയിടത്തും ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തിക്കാത്തത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകരാണ് ജനമൈത്രി പൊലീസുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുന്നോട്ടുവന്നത്.
റസിഡന്റ്സ് ഏപെക്സ് കൗൺസിലും മലയാള മനോരമയും കൈകോർക്കുന്നു
കോഴിക്കോട്∙ പെൺകുട്ടികൾക്കു നേരെ നടക്കുന്ന പോക്സോ അടക്കമുള്ള അതിക്രമങ്ങൾക്കും ലഹരി വ്യാപനത്തിനും എതിരെ പോരാട്ടത്തിന് റസിഡന്റ്സ് ഏപെക്സ് കൗൺസിലും മലയാള മനോരമയും കൈകോർക്കുന്നു. ‘വലവിരിച്ച് ചിലരുണ്ട്’ പരമ്പരയുടെ തുടർച്ചയായി സമൂഹത്തിൽ കാതലായ മാറ്റത്തിനായാണ് ഈ ശ്രമം. ലഹരിക്കെതിരെ സമൂഹത്തിൽ ഒരു സുപ്രഭാതത്തിൽ മാറ്റം കൊണ്ടുവരാനാകില്ല.
സമൂഹത്തിന്റെ മനസ്സിൽ അടിസ്ഥാനപരമായുള്ള മാറ്റം വരണം. ഇതിനായി ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ റസിഡന്റ് ഏപെക്സ് കൗൺസിലും മലയാള മനോരമയും ബോധവൽക്കരണത്തിനിറങ്ങുകയാണ്.
ബോധവൽക്കരണവും ശിൽപശാലകൾ അടക്കമുള്ള പരിപാടികളാണ് നടക്കുക. ഇതിന്റെ ജില്ലാതല ഉദ്ഘാടനത്തിൽ ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളിൽനിന്നുള്ള ഓരോ പ്രതിനിധിക്കു പങ്കെടുക്കാം. ലഹരിവിരുദ്ധ–അക്രമവിരുദ്ധ പരിപാടികൾക്ക് അതതു റസിഡന്റ്സ് അസോസിയേഷനുകളിൽ നേതൃത്വം നൽകാൻ തിരഞ്ഞെടുത്ത ഒരാളാണ് പങ്കെടുക്കേണ്ടത്. ജില്ലാതല ഉദ്ഘാടനത്തിന്റെയും ആദ്യപരിപാടിയുടെയും വിശദവിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 17നു വൈകിട്ട് 5 വരെ പേരു റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്യേണ്ട
നമ്പർ: 0495 2367522 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

