കോഴിക്കോട് ∙ പ്രകൃതി മനോഹരമായ മണിയൂർ പഞ്ചായത്തിൽ വിനോദസഞ്ചാര കേന്ദ്രം യാഥാർഥ്യമാകുന്നു. പതിയാരക്കരയിൽ വെള്ളത്താൽ ചുറ്റപ്പെട്ട
മനോഹരമായ മഞ്ചയിൽക്കടവിലാണ് മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങിയത്. ജില്ലാ പഞ്ചായത്തും മണിയൂർ ഗ്രാമ പഞ്ചായത്തും തൊഴിൽരഹിതരായ യുവാക്കളെ ഉൾപ്പെടുത്തി രൂപം നൽകിയ മഞ്ചയിൽക്കടവ് അക്വാ ടൂറിസം പദ്ധതി മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഈ മാസം 19 ന് നാടിന് സമർപ്പിക്കും.
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി മണിയൂർ ഗ്രാമ പഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപയും ചെലവഴിച്ചാണ് വിപുലമായ സൗകര്യങ്ങളോടെ മഞ്ചയിൽക്കടവ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.
കുട്ടികളുടെ പാർക്ക്, ഇളനീർ പാർലർ, വിശ്രമകേന്ദ്രം, 80 പേർക്ക് ഇരിക്കാവുന്ന ഹാൾ, റസ്റ്ററന്റ്, മീൻ മ്യൂസിയം, പെഡൽ ബോട്ട്, സെൽഫി സ്പോട്ടുകൾ തുടങ്ങിയവ ഇവിടെയുണ്ട്. വിവാഹ നിശ്ചയം, സേവ് ദ് ഡേറ്റ് ഫോട്ടോ ഷൂട്ട്, ജന്മദിനാഘോഷം, കൂടിച്ചേരലുകൾ, കുടുംബസംഗമങ്ങൾ തുടങ്ങിയ പരിപാടികൾ നടത്താനുള്ള സൗകര്യവും രുചിയൂറും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
വടകര പുതുപ്പണം പാലയാട്ട് നടയിൽ നിന്നും തീരദേശ റോഡ് വഴിയും മണിയൂർ പതിയാരക്കര വഴിയും മഞ്ചയിൽക്കടവിലേക്ക് എത്താം. പ്രവേശന ഫീസ് 30 രൂപയാണ്.
കുറ്റ്യാടി പുഴയുടെ ഓരത്തായി സ്ഥിതിചെയ്യുന്ന മണിയൂർ പ്രദേശത്തിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തി ചെരണ്ടത്തൂർ ചിറയിൽ ഫാം ടൂറിസം പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.
ചെരണ്ടത്തൂർ ചിറയിലെ പ്രധാന നടുത്തോടിലെ വരമ്പുകൾ കയർ ഭൂവസ്ത്രം ഉപയോഗിച്ച് ഗതാഗത യോഗ്യമാക്കിയും നടുതോട്ടിലൂടെ യാത്രയ്ക്കായി പെഡൽ ബോട്ടുകൾ ഒരുക്കിയും അലങ്കാരവിളക്കുകൾ, സെൽഫി പോയിന്റ്, ഏറുമാടം, വിനോദസഞ്ചാരികൾക്ക് ആവശ്യമായ ഹട്ടുകൾ എന്നിവ സ്ഥാപിച്ചുമാണ് ഫാം ടൂറിസം നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം, എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായ 25 ലക്ഷം രൂപയുമുൾപ്പെടെ ഒരു കോടി രൂപയുടെ പ്രവൃത്തികളാണ് ഇതിന്റെ ഭാഗമായി ചെരണ്ടത്തൂർ ചിറയിൽ പുരോഗമിക്കുന്നത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.
മണിയൂരിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് തിളക്കം കൂട്ടുന്ന മഞ്ചയിൽക്കടവ് പദ്ധതിക്കൊപ്പം ചെരണ്ടത്തൂർ ചിറ ടൂറിസം പദ്ധതി കൂടി യാഥാർഥ്യമാകുമ്പോൾ ജില്ലയിലെ ഒഴിച്ചുകൂടാനാകാത്ത വിനോദസഞ്ചാര കേന്ദ്രമായി മണിയൂർ മാറും. നവോദയ വിദ്യാലയവും എൻജിനീയറിങ് കോളജുമുൾപ്പെടെ സ്ഥിതി ചെയ്യുന്ന മണിയൂരിൽ വിവിധ ദേശങ്ങളിൽ നിന്നുള്ള ആളുകൾ എത്തിച്ചേരുന്നതിനാൽ ഉത്തരവാദിത്വ ടൂറിസത്തിന് ഉൾപ്പെടെ അനന്ത സാധ്യതകളാണുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]