കോഴിക്കോട് ∙ സുഹൃത്തുക്കൾ ചവിട്ടിത്താഴ്ത്തിയെന്നു വെളിപ്പെടുത്തിയ വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ കെ.ടി.വിജിലിന്റേതെന്നു കരുതുന്ന അസ്ഥികൾ കണ്ടെത്തി. തലയോട്ടിയുടെ മുകൾ ഭാഗവും ഇടതു കൈയുടെ മുകൾ ഭാഗവും വിരലുകളും ഒഴികെ ബാക്കി ശരീരത്തിലെ മുഴുവൻ അസ്ഥികളുമാണു സരോവരം തണ്ണീർത്തടത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.
ഏഴാം ദിവസം നടത്തിയ തിരച്ചിലിൽ 7 മീറ്റർ താഴ്ചയിൽ നിന്നാണ് 58 അസ്ഥികൾ കണ്ടെടുത്തതെന്നും പ്രതികളുടെ മൊഴിയിൽ നരഹത്യക്ക് കേസടുത്തതായും ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രൻ പറഞ്ഞു.
പ്രതികളായ കെ.കെ.നിഖിൽ, സി.പി.ദീപേഷ് എന്നിവർ വിജിലിന്റെ മൃതദേഹം വെട്ടുകല്ലിൽ കെട്ടിത്താഴ്ത്തിയതാണെന്നു മൊഴി നൽകിയിരുന്നു. പ്രതികൾ കാണിച്ച സ്ഥലത്തു നിന്നു 43 മീറ്റർ അകലെയാണ് അസ്ഥി കണ്ടെത്തിയത്.
രണ്ടു വെട്ടുകല്ലുകൾ പ്ലാസ്റ്റിക് കയർ കൊണ്ടു ഒന്നര അടിയോളം അകൽച്ചയിൽ കൂട്ടിക്കെട്ടിയ നിലയിലാണ്. ഈ കല്ലുകളുടെ അടിയിലും പരിസരത്തുംനിന്നാണ് അസ്ഥികൾ കണ്ടെത്തിയത്.
കൂടുതൽ പരിശോധനയിൽ മൃതദേഹത്തിനൊപ്പം സമീപത്തു വച്ച 10 വെട്ടുകല്ലുകളും കട്ടിയുള്ള തുണിയുടെ ബെൽറ്റ്, അടിവസ്ത്രത്തിന്റെതെന്നു കരുതുന്ന കമ്പനിയുടെ സ്റ്റിക്കർ ഉൾപ്പെട്ട
ഭാഗം എന്നിവ കണ്ടെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ ചതുപ്പിൽ നിന്നു വസ്ത്രത്തിന്റെ ഭാഗങ്ങളും ഇടതു കാലിൽ ഉപയോഗിക്കുന്ന ഷൂസും കണ്ടെടുത്തിരുന്നു.
ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധിച്ചു മനുഷ്യന്റെ അസ്ഥികളെന്ന് ഉറപ്പുവരുത്തി. എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ മൃതദേഹ അവശിഷ്ടങ്ങൾ സ്ഥലത്തു വച്ചു ഇൻക്വസ്റ്റ് നടത്തി.
പിന്നീട് ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
പോസ്റ്റ്മോർട്ടത്തിനു ശേഷം കോളജ് ഫൊറൻസിക് വിഭാഗത്തിൽ സൂക്ഷിക്കും. ചൊവ്വാഴ്ച ഡിഎൻഎ പരിശോധനയ്ക്ക് സാംപിൾ ശേഖരിക്കും. തുടർന്നു കൊയിലാണ്ടി കോടതിയുടെ അനുമതി തേടി കണ്ണൂർ ഫൊറൻസിക് ലാബിന് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഓഗസ്റ്റ് 25ന് അറസ്റ്റ് ചെയ്ത പ്രതികളെ 8നാണ് രണ്ടാംഘട്ട
തിരച്ചിലിനായി കൊയിലാണ്ടി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിന്ന് 5 ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങിയത്. ഇന്നലെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2019 ഏപ്രിലിലാണു വിജിലിനെ കാണാതായത്.
ഡിഎൻഎ ടെസ്റ്റിന് ശേഷം അസ്ഥി കുടുംബത്തിന് കൈമാറും
കോഴിക്കോട്∙ വിജിലിന്റേതെന്നു കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ വീട്ടിലെത്തി. അച്ഛൻ വിജയനോടും അമ്മ വസന്തയോടും അസ്ഥി കണ്ടെത്തിയ വിവരം അറിയിച്ചു.
അസ്ഥി ഡിഎൻഎ ടെസ്റ്റിനു ശേഷമാണ് കുടുംബത്തിന് കൈമാറുക. ‘‘അവന്റെ സുഹൃത്തുക്കൾ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇനി മകനു നിത്യശാന്തിക്കു വേണ്ടി കർമം ചെയ്യണം.
മൂന്നാമത്തെ പ്രതിയെയും ഉടൻ തന്നെ പിടികൂടും എന്നാണ് പ്രതീക്ഷ. പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്’’ വിജിലിന്റെ അച്ഛൻ വിജയൻ പറഞ്ഞു.
ശ്രദ്ധാകേന്ദ്രമായി മഠത്തിൽ അസീസ്
കോഴിക്കോട്∙ സരോവരം ചതുപ്പിൽനിന്നു മൃതദേഹാവശിഷ്ടം കണ്ടെടുത്തത് പന്തീരാങ്കാവ് സ്വദേശി മഠത്തിൽ അസീസിന്റെ നേതൃത്വത്തിൽ.
വിവിധ പൊലീസ് കേസുകളിൽ അഴുകിയതും ദ്രവിച്ചതുമായ മനുഷ്യ ശരീരങ്ങൾ പുറത്തെടുക്കുന്നത് അസീസാണ്. ഇന്നലെ വരെ 4,230 എണ്ണമായി.
അസീസിന്റെ നേതൃത്വത്തിൽ മിർഷാദ് ചെറിയേടത്ത്, റിയാസ് മാളിയേക്കൽ എഫ്എൽഎസ് സിദ്ദിഖ്, ഷംസു പുല്ലിക്കടവ്, അർഷാദ് പയ്യോളി എന്നിവരാണ് സംഘത്തിലുള്ളത്. വേതനം കൈപ്പറ്റാതെയാണ് സേവനം.
പൊലീസ് ഉണർന്നപ്പോൾ തെളിഞ്ഞത് 2 കേസുകൾ
കോഴിക്കോട്∙ ജില്ലയിലെ കാണാതായവരെ കുറിച്ചുള്ള കേസുകൾ പൊലീസ് പൊടിതട്ടിയെടുത്തതോടെ തെളിഞ്ഞത് 2 സുപ്രധാന കേസുകൾ.
കഴിഞ്ഞ ഏപ്രിലിൽ അന്വേഷണം ആരംഭിച്ച വയനാട് സ്വദേശി ഹേമചന്ദ്രന്റെയും വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിലിന്റെയും തിരോധാന കേസുകളിലാണ് പ്രതികൾ പിടിയിലായത്. 8 മാസത്തിനിടെ കാണാതായവരുടെ കേസിൽ പ്രത്യേക അന്വേഷണം നടത്തണമെന്ന സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്റെ നിർദേശമാണ് ഇതിനു വഴിതുറന്നത്.
2023 മാർച്ച് 20ന് ഹേമചന്ദ്രനെ കാണാതായ കേസ് കഴിഞ്ഞ ഏപ്രിൽ 28 ന് മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ആയിരുന്ന പി.കെ.ജിജീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേണത്തിലാണ് തെളിഞ്ഞത്. തമിഴ്നാട് ചേരമ്പാടി വനത്തിൽ ഹേമചന്ദ്രനെ കുഴിച്ചു മൂടിയ സംഭവത്തിൽ മൃതദേഹം കണ്ടെത്തി 5 പേരെ അറസ്റ്റ് ചെയ്തു.
2019 മാർച്ചിൽ സുഹൃത്തുക്കളൊപ്പം പോയ വിജിലിനെ കാണാതായ സംഭവത്തിൽ എലത്തൂർ പൊലീസ് കേസെടുത്തിരുന്നു. 6 വർഷത്തിനു ശേഷമാണ് എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വഴിത്തിരിവായത്.
മൃതദേഹങ്ങൾ കണ്ടെത്തുന്നതിനു മാത്രം എത്തിക്കുന്ന ഇന്ത്യയിലെ 3 കഡാവർ നായ്ക്കളിൽ രണ്ടെണ്ണമാണ് വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് കോഴിക്കോട് എത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]