ബേപ്പൂർ∙ മൺസൂണിനോട് അനുബന്ധിച്ച് യന്ത്രവൽകൃത ഉരുക്കൾക്ക് ഏർപ്പെടുത്തിയ കടൽയാത്രാ നിയന്ത്രണം നീങ്ങുന്നതോടെ 15 മുതൽ തുറമുഖം സജീവമാകും. ലക്ഷദ്വീപിലേക്ക് ഉരു മാർഗമുള്ള ചരക്കു നീക്കം പുനരാരംഭിക്കുന്നതിന് മുന്നോടിയായി വാർഫിൽ ക്രമീകരണം തുടങ്ങി.
തുറമുഖത്ത് എത്തിയ മറൈൻ ലൈൻ, മറിയാ മാതാ എന്നീ ഉരുക്കളിൽ ഇതിനകം ചരക്ക് കയറ്റിത്തുടങ്ങി. കൊച്ചി തുറമുഖം കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചരക്കുനീക്കം നടക്കുന്ന തുറമുഖമാണു ബേപ്പൂർ.
മർക്കന്റൈൽ മറൈൻ ചട്ടപ്രകാരം നോൺ മേജർ തുറമുഖമായ ബേപ്പൂരിൽ മേയ് 15 മുതൽ സെപ്റ്റംബർ 15 വരെ ജലയാനങ്ങൾക്ക് ഭാഗിക യാത്രാ നിയന്ത്രണമാണ്. ഈ കാലയളവിൽ ഉരുക്കളും മറ്റും തീരത്ത് നങ്കൂരമിടുകയാണ് ചെയ്യുക.
ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സാഗർ സാമ്രാജ്, സാഗർ യുവരാജ്, തിന്നക്കര, ഏലി കൽപേനി, ഗംഗ എന്നീ കപ്പലുകളിലാണു ദ്വീപിലേക്കു വേണ്ട
ഭക്ഷ്യോൽപന്നങ്ങൾ, പാചക വാതകം തുടങ്ങിയ മറ്റു അസംസ്കൃത വസ്തുക്കളും എത്തിച്ചിരുന്നത്. 4 മാസത്തെ വിശ്രമത്തിനു ശേഷം അറ്റകുറ്റപ്പണി നടത്തിയ ബാക്കി ഉരുക്കൾ നാളെയും മറ്റന്നാളുമായി തുറമുഖ വാർഫിൽ സ്ഥാനം പിടിക്കും.
ക്ലിയറൻസ് ലഭിക്കുന്നതോടെ അടുത്ത ദിവസം സീസണിൽ ദ്വീപിലേക്കുള്ള ഉരുക്കൾ യാത്ര തുടങ്ങും.
ആൾതാമസം ഉള്ള 10 ചെറുദ്വീപുകളടങ്ങിയ ലക്ഷദ്വീപിലേക്ക് ബേപ്പൂരിൽ നിന്നു ഉരുക്കൾ മുഖേനയാണ് പ്രധാനമായും ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, പാചക വാതകം എന്നിവയെല്ലാം കൊണ്ടു പോകുന്നത്. ഇതിനു പുറമേ സിമന്റ്, ജെല്ലി, കമ്പി തുടങ്ങി ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങളും കയറ്റിപ്പോകുന്നുണ്ട്. ബേപ്പൂരിൽ നിന്നു ഏതാണ്ട് ഇരുപതോളം ഉരുക്കൾ ലക്ഷദ്വീപിലേക്ക് സർവീസുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]