
കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടികയിൽ ഒരേ കെട്ടിട നമ്പറിൽ 70 വോട്ടർമാരെ ചേർത്ത കെട്ടിടം നിലവിലില്ല.
കോർപറേഷൻ 62ാം നമ്പർ വെള്ളയിൽ വാർഡിലെ 1629 എന്ന വീട്ടുനമ്പറിലാണ് 70 വോട്ടർമാരെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഈ കെട്ടിട
നമ്പറുകൾ വരുന്ന പ്രദേശത്തു നടത്തിയ അന്വേഷണത്തിൽ ഇത്തരമൊരു കെട്ടിട നമ്പർ കണ്ടെത്താനായില്ല.
വർഷങ്ങൾക്കു മുൻപ് 1629 എന്ന നമ്പറിൽ ഒരു വീട് നിലവിലുണ്ടായിരുന്നു. എന്നാൽ, നിലവിൽ ഇത്തരമൊരു കെട്ടിടം പ്രദേശത്ത് ഇല്ല. മാസങ്ങൾക്കു മുൻപ് പരിഷ്കരിച്ച കോർപറേഷന്റെ നികുതി അസസ്മെന്റ് രേഖകളിൽ ഈ നമ്പർ ഒഴിവാക്കിയിട്ടുണ്ട്. കെട്ടിടം നിലവിലില്ലെങ്കിലാണ് ഇത്തരത്തിൽ നമ്പർ ഒഴിവാക്കാറുള്ളത്.
അതേസമയം, ഇല്ലാത്ത കെട്ടിട നമ്പറിൽ എഴുപതിലേറെ വോട്ടുകൾ ചേർത്തത് ആരാണെന്നും എങ്ങനെയാണെന്നുമുള്ള ചോദ്യം ബാക്കിയാണ്.
യുഡിഎഫ് റാലി 29ന്
കോഴിക്കോട്∙ തിരഞ്ഞെടുപ്പ് കമ്മിഷനെ കൂട്ടുപിടിച്ചു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൊള്ള നടത്തിയ ബിജെപിയുടെയും കേരളത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സമാനമായ അട്ടിമറി നടത്താൻ ശ്രമിക്കുന്ന സിപിഎമ്മിന്റെയും നടപടിയിൽ പ്രതിഷേധിക്കാൻ 29ന് വൈകിട്ട് 5നു ജില്ലയിൽ എല്ലാ പഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിലും ജനാധിപത്യ സംരക്ഷണ റാലി സംഘടിപ്പിക്കാൻ യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു.
ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ അധ്യക്ഷത വഹിച്ചു.യുഡിഎഫ് കൺവീനർ അഹമ്മദ് പുന്നക്കൽ, ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, കെ.ജയന്ത്, ലീഗ് ജില്ലാ സെക്രട്ടറി ടി.ടി.ഇസ്മയിൽ, ഐ.മൂസ, കെ.രാമചന്ദ്രൻ, കെ.പി.ബാബു, സത്യൻ കടിയങ്ങാട്, അഷ്റഫ് മണക്കടവ് എന്നിവർ പ്രസംഗിച്ചു.
കോർപറേഷനിൽ കണ്ടെത്തിയത്
∙ 6 വോട്ടർമാർ വീതമുള്ള 4 തിരിച്ചറിയൽ കാർഡുകൾ
∙ 5 വോട്ടർമാർ വീതമുള്ള 4 തിരിച്ചറിയൽ കാർഡുകൾ
∙ 4 വോട്ടർമാർ വീതമുള്ള 3 തിരിച്ചറിയൽ കാർഡുകൾ
∙ 3 വോട്ടർമാർ വീതമുള്ള 20 തിരിച്ചറിയൽ കാർഡുകൾ
∙ 2 വോട്ടർ വീതമുള്ള 599 തിരിച്ചറിയൽ കാർഡുകൾ
∙ മാറാട് 49/49 എന്ന വീട്ടിൽ 327 വോട്ടർമാരുണ്ട്. ഇവർ 7 ബൂത്തുകളിലാണ് ഉള്ളത്.
∙ പുത്തൂർ ഡിവിഷനിൽ 4/500 എന്ന വീട്ടു നമ്പറിൽ 320 വോട്ടർമാരുണ്ട്.
ഇവർ 5 ബൂത്തുകളിലാണ് ഉള്ളത്. ∙ ഇതുപോലെ ഒരു വീട്ടിൽ 248 വോട്ടർമാരും, 192 വോട്ടർമാരും 149 വോട്ടർമാരും ഉള്ള വീടുകളുണ്ട്. പേരും വിലാസവും അതേ പോലെ ആവർത്തിച്ച് 1408 വോട്ടുകൾ. ഒരേ ഡിവിഷനിൽ ഒരേ ബൂത്തിൽ 480 വോട്ടുകൾ ആവർത്തിച്ചു.
ഒരേ ഡിവിഷനിൽ തന്നെ 752 വോട്ടുകൾ ആവർത്തിച്ച് വന്നപ്പോൾ 656 വോട്ടുകൾ വ്യത്യസ്ത ഡിവിഷനിലായാണ് ആവർത്തിച്ച് വന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]