
കോഴിക്കോട് ∙ കഴുത്തിൽ കുരുക്കിട്ടും ശവപ്പെട്ടി ചുമന്നും പൊരിവെയിലിൽ കൈക്കുഞ്ഞുങ്ങളെ തോളിലിട്ടും അധ്യാപകർ. നിയമന അംഗീകാരം കിട്ടാത്തതിനാൽ ശമ്പളം പോലുമില്ലാതെ ദുരിതത്തിലായ അധ്യാപകരാണ് ഡിഡിഇ ഓഫിസിനു മുന്നിൽ വേറിട്ട
സമരവുമായി എത്തിയത്. വരുമാനമില്ലാത്തിനാൽ ചികിത്സയ്ക്കും ഭക്ഷണത്തിനും കൈനീട്ടേണ്ട
ഗതികേടിലാണെന്ന് അധ്യാപകർ അനുഭവം പങ്കിട്ടു. കിടപ്പുരോഗികളായ മാതാപിതാക്കളെ സംരക്ഷിക്കാനോ കുടുംബത്തെ പോറ്റാനോ കഴിയാത്തതിനാൽ പലരും ആത്മഹത്യയുടെ വക്കിലാണെന്നും ചിലർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ പതിനാറായിരത്തോളം എയ്ഡഡ് സ്കൂൾ അധ്യാപകർക്കാണു ഭിന്നശേഷി സംവരണം നടപ്പാക്കാത്തതിന്റെ പേരിൽ നിയമനാനുമതി ലഭിക്കാത്തത്. നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകർക്കും യഥാർഥ ഭിന്നശേഷിക്കാർക്കും നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കേരള എയ്ഡഡ് ടീച്ചേഴ്സ് കലക്ടീവ് (കെഎടിസി) സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി.അൻവർ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ അർഹതയുള്ള അവകാശങ്ങൾ ലഭിക്കണമെങ്കിൽ യാചനാസമരം നടത്തേണ്ട
ഗതികേടാണ്. ആശാ വർക്കർമാരും അധ്യാപകരും ജോലി ചെയ്ത വേതനത്തിനായി തെരുവിൽ ഇറങ്ങുമ്പോൾ നാലാം വാർഷിക പരിപാടികൾക്കായി 225 കോടി രൂപ ചെലവഴിക്കുന്ന തിരക്കിലായിരുന്നു സർക്കാരെന്നും പി.വി.അൻവർ പറഞ്ഞു.കേരള എയ്ഡഡ് ടീച്ചേഴ്സ് കലക്ടീവ് സംസ്ഥാന പ്രസിഡന്റ് ബിൻസിൻ ഏക്കാട്ടൂർ അധ്യക്ഷത വഹിച്ചു.
കെഎസ്ടിയു സംസ്ഥാന സെക്രട്ടറി എ.പി.അസീസ്, കെപിഎസ്ടിഎ ജില്ലാ സെക്രട്ടറി ഇ.കെ.സുരേഷ്, എൻടിയു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രേഷ്മ, കെപിഎസ്എംഎ ജില്ലാ പ്രസിഡന്റ് പൂമംഗലം അബ്ദുറഹ്മാൻ, കെഎടിഎഫ് സംസ്ഥാന സമിതി അംഗം റാഫി ചെരച്ചോറ, എച്ച്എഎഎം സംസ്ഥാന സെക്രട്ടറി ഷിഹാബ് വേദവ്യാസ, ഹെൽന ഹാരൂൺ, ഷബീർ മലപ്പുറം, ഇജാസ് ഹസൻ, മജീദ് കൂളിമാട് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]