കോഴിക്കോട് ∙ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷാഫലത്തിൽ സംസ്ഥാന സർക്കാർ നടത്തിയ ക്രമവിരുദ്ധമായ ഇടപെടലുകളെക്കുറിച്ചും പ്രവേശന നടപടികൾ അനിശ്ചിതമായി നീണ്ടുപോകുന്നതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സികെസിടി) സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.പി.മുഹമ്മദ് സലീം, ജനറൽ സെക്രട്ടറി സി.എച്ച് അബ്ദുൽ ലത്തീഫ് എന്നിവർ ആവശ്യപ്പെട്ടു.
പ്രവേശന പരീക്ഷാ നടപടികളിൽ കോടതി ഇടപെട്ടതോടെ ഇത്തവണ വീണ്ടും എൻജിനീയറിങ് കോളജുകളിലെ പ്രവേശനം അനിശ്ചിതമായി നീണ്ടുപോകുന്ന സ്ഥിതിവിശേഷമാണ്.
ഇത് സംസ്ഥാന സർക്കാർ കരുതിക്കൂട്ടി ചെയ്തതാണോ എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയരുന്നുണ്ട്. കേരളത്തിലെ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം കാത്തുനിന്ന ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും ഇപ്പോൾ ആശങ്കയിലായിരിക്കുകയാണ്.
ഇതരസംസ്ഥാനങ്ങളിലെ വൻകിട സ്വാശ്രയ എൻജിനീയറിങ് കോളജുകൾക്ക് വിദ്യാർഥികളെ യഥേഷ്ടം സംഭാവന ചെയ്യാനുളള ആസൂത്രിതമായ നീക്കമാണോ ഇതിന്റെ പിന്നിൽ എന്നതും പരിശോധിക്കണം.
പ്രവേശന പരീക്ഷാ മാനദണ്ഡങ്ങളിൽ വിദ്യാർഥികളെ രണ്ടു തട്ടിൽ നിർത്തിയുളള വിവേചനവും അനീതിയും ചെയ്യാനുളള നിർദേശം വിദഗ്ധ സമിതി നൽകിയിട്ടുണ്ടോ എന്നതും, അതല്ല ഇക്കാര്യത്തിൽ തിരുത്തലുകൾ വരുത്താൻ ശാഠ്യം പിടിച്ചത് ആരായിരുന്നുവെന്നതിനും സർക്കാർ വ്യക്തമായ ഉത്തരം നൽകണം. ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ മറുപടികൾക്ക് പകരം കീം അട്ടിമറിയിലെ യഥാർഥ വസ്തുത ജനങ്ങൾക്കു മുൻപാകെ തുറന്നു പറയുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ബാധ്യതയുണ്ടെന്നും സികെസിടി ഭാരവാഹികൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]